എംബിഎ പഠനം പൂർത്തിയാക്കിയാൽ യുവാക്കൾ നല്ല ശമ്പളം ലഭിക്കുന്ന കോർപ്പറേറ്റ് ജോലികൾ തേടിപ്പോകാറാണ് പതിവ്. എന്നാൽ സ്വന്തമായി കൃഷി തുടങ്ങി കോടികളുടെ വരുമാനം തേടുന്ന ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പൂനെയിലെ ജുന്നാർ താലൂക്കിലെ കൽവാഡി ഗ്രാമത്തിലെ പ്രണിത വാമനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
27കാരിയായ പ്രണിത തന്റെ എംബിഎ പഠനം പൂർത്തിയാക്കിയ ശേഷം ഹൈ ടെക് കാപ്‌സിക്കം കൃഷിയിലേക്കാണ് ഇറങ്ങിയത്. 2020ൽ ഒരേക്കർ പോളിഹൗസ് കൃഷിയിലൂടെ ആരംഭിച്ച സംരംഭം ഇപ്പോൾ 25 ഏക്കർ കൃഷിയിടമായി വളർന്നെന്നാണ് റിപ്പോർട്ട്. ഇതിലൂടെ നാല് കോടിയുടെ വാർഷിക വിറ്റുവരവാണ് യുവതി സമ്പാദിക്കുന്നത്.
2019ൽ പൂനെയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് അഗ്രിബിസിനസ് മാനേജ്മെന്റിൽ എംബിഎ പൂർത്തിയാക്കിയ പ്രണിത ഭക്ഷ്യ സംസ്കരണ കമ്പനിയിൽ ഇന്റേൺഷിപ്പ് ചെയ്തു. അവിടെത്തെ ഇന്റേൺഷിപ്പാണ് യുവതിയെ പുതിയ കൃഷി രീതിയികളിലോക്കും പോളിഹൗസ് രീതിയിലേക്കും ആകർഷിപ്പിച്ചത്.
ഇതിലൂടെ പ്രതികൂല കാലാവസ്ഥയിൽ പോലും കർഷകർക്ക് വിളകൾ സംരക്ഷിക്കാൻ കഴിയും. ലെറ്റ്യൂസ്, ബ്രോക്കോളി പോലുള്ള പച്ചക്കറികൾ പരിഗണിച്ചെങ്കിലും അവസാനം കാപ്‌സിക്കം തന്നെ കൃഷി ചെയ്യാൻ അവർ തീരുമാനിക്കുകയായിരുന്നു. വിപണിയിൽ അവയ്ക്ക് എപ്പോഴും ആവശ്യക്കാർ ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് കാപ്‌സിക്കം തിരഞ്ഞെടുത്തത്.
നഗരങ്ങളിലെ വിപണികളിൽ കാപ്സിക്കം വിൽക്കപ്പെടുന്നുണ്ട്. പച്ച കാപ്സിക്കത്തെ അപേക്ഷിച്ച് ചുവപ്പ്, മഞ്ഞ ഇനങ്ങൾക്കാണ് ഉയർന്ന വില. ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിലും ആവശ്യക്കാർ ഏറെയാണെന്ന് യുവതി വ്യക്തമാക്കുന്നു. 2020 മാർച്ചിൽ 50 ശതമാനം സർക്കാർ സബ്സിഡിയിലൂടെ 20 ലക്ഷം രൂപ മുടക്കിയാണ് ഒരേക്കർ സ്ഥലത്ത് യുവതി പോളിഹൗസ് സ്ഥാപിച്ച് കൃഷി ആരംഭിച്ചത്. ഇവിടെ 12,000 തൈകളാണ് യുവതി നട്ടത്.
'ആദ്യ വിളവെടുപ്പ് കൊവിഡ് കാലമായതിനാൽ വിപണിയിൽ തടസങ്ങൾ നേരിട്ടു. തുടക്കക്കാരി ആയതിനാൽ ഉൽപ്പന്നങ്ങൾ എവിടെയാണ് വിൽക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ഓൺലൈൻ വഴി പച്ചക്കറി മൊത്തമായി വാങ്ങുന്നവരെ തിരയാൻ തുടങ്ങി. നാസിക് മുതൽ മുംബയ് വരെയുള്ള സ്ഥലങ്ങളിലെ വ്യാപാരികളുമായി സംസാരിച്ചു. ഒടുവിലാണ് കാപ്‌സിക്കം വാങ്ങാൻ തയ്യാറുള്ളവരെ കണ്ടെത്തിയത്. ആദ്യ വിളവെടുപ്പിൽ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങളിലുള്ള 40 ടൺ ക്യാപ്സിക്കമാണ് ലഭിച്ചത്.
കിലോയ്ക്ക് 80 രൂപ നിരക്കിൽ വിറ്റ് 32 ലക്ഷം രൂപ വരുമാനം നേടാനായി. 20 ലക്ഷം രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചശേഷം 2021ൽ കൃഷി 25 ഏക്കറായി വിപുലീകരിച്ചു. ഇതിൽ ആറ് ഏക്കർ പോളിഹൗസുകളിലും 19 ഏക്കർ ഷേഡ് നെറ്റുകളിലുമായിരുന്നു. ഷെയ്ഡ് നെറ്റ് കൃഷിരീതിയിൽ ഏക്കറിന് 22 -24 ടൺ വിളവ് ലഭിക്കുമ്പോൾ പോളിഹൗസ് കൃഷിയിൽ നിന്ന് പ്രതിവർഷം 30 -32 ടൺ വരെയാണ് വിളവ് ലഭിച്ചത്. 25 ഏക്കറിലായി പ്രതിലർഷം നാല് കോടി രൂപയുടെ വിറ്റുവരവും ഏകദേശം 2.25 കോടി രൂപയുടെ ലാഭവും ലഭിക്കുന്നു'- പ്രണിത വ്യക്തമാക്കുന്നു.
After completing her MBA in agribusiness management, 27-year-old Pranita Wamane chose high-tech capsicum farming instead of a corporate career. She started with a one-acre polyhouse in Pune in 2020 and later expanded her farming operations to 25 acres.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |