SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.47 AM IST

റബർ വിലയിൽ കുതിപ്പ്,​ കർഷകരെ ആശങ്കയിലാക്കുന്നത് മറ്റൊന്ന്

rubber

നീലേശ്വരം: വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം റബ്ബർ വിലയിൽ വർദ്ധനവ് വന്നെങ്കിലും ടാപ്പർമാരെ കിട്ടാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. പുതുതലമുറ ടാപ്പിംഗ് മേഖലയിൽ കടന്നുവരാത്തതാണ് റബ്ബർ കർഷകരെ വലയ്ക്കുന്നത്. പഴയ തലമുറ ടാപ്പർമാരാകാട്ടെ വീടിനടുത്തുള്ള തോട്ടങ്ങളിൽ ടാപ്പ് ചെയ്യുന്നതല്ലാതെ ദൂരെ പോയി ടാപ്പ് ചെയ്യാൻ തയാറാവുന്നുമില്ല.

ഈ വർഷം കാലവർഷം കുറഞ്ഞതിനാൽ ടാപ്പിംഗ് നേരത്തെ ആരംഭിച്ചെങ്കിലും കാലാവസ്ഥ മാറി ചൂട് കൂടുകയാണെങ്കിൽ ഉത്പാദനം കുറയുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വിലവർദ്ധനവ് നൽകുന്ന സന്തോഷത്തിനിടയിലും കാലാവസ്ഥാ വ്യതിയാനവും ഉത്പാദനച്ചെലവിലെ വർദ്ധനവും ടാപ്പിംഗിനുൾപ്പെടെ തൊഴിലാളികളെ കിട്ടാത്തതും കർഷകരെ വലയ്ക്കുന്നു.

ആഗോളതലത്തിൽ തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രമുഖ റബ്ബർ ഉത്പാദക രാജ്യങ്ങളിലുണ്ടായ പ്രതികൂല കാലാവസ്ഥയും ഇന്ത്യയിലെ അസ്ഥിരമായ കാലാവസ്ഥയുമാണ് വിപണിയിൽ കടുത്ത റബ്ബർ ക്ഷാമം സൃഷ്ടിച്ചതും വില ഉയർത്തിയതും. എന്നാൽ ഇതേ കാലാവസ്ഥാ വ്യതിയാനം കാരണം കേരളത്തിലെ കൃഷിയിടങ്ങളിലും ഇത്തവണ റബ്ബർ ഷീറ്റുകളുടെ ഉത്പാദനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ റബ്ബർ ബോർഡ് കർഷകരോട് നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ ടാപ്പിംഗ് സീസൺ പരമാവധി പ്രയോജനപ്പെടുത്തി ഉത്പാദനം കൂട്ടാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചൂട് കൂടിയാൽ ജനുവരിയോടെ ടാപ്പിംഗ് നിർത്തേണ്ടി വരുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. കൂടാതെ തുലാവർഷം വരും ദിവസങ്ങളിൽ ശക്തി പ്രാപിച്ചാലും ടാപ്പിംഗിനെ ബാധിക്കും.

വില ഉയർന്ന സാഹചര്യത്തിൽ മഴമറ ഇടുന്നതിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിലയും, ഫംഗസ് രോഗങ്ങൾക്കെതിരെ തളിക്കുന്ന സ്പ്രേ ഓയിലിന്റെ വിലയും കുത്തനെ കൂടിയത് സാധാരണ കർഷകരുടെ ലാഭവിഹിതത്തെ ബാധിക്കുന്നുണ്ട്. വിപണി വില ഉയർന്ന നിലയിലായതിനാൽ സംസ്ഥാന സർക്കാർ നൽകുന്ന താങ്ങുവില 250 രൂപയിൽ നിന്നും 300 രൂപയായി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്.

തോട്ടങ്ങൾ ഒഴിച്ചിടേണ്ട സ്ഥിതി

ടാപ്പർമാരുടെ ക്ഷാമം കാരണം തോട്ടങ്ങൾ ഒഴിച്ചിടേണ്ട സ്ഥിതിയിലാണ് കർഷകർ. മിക്ക റബ്ബർ തോട്ടം ഉടമകളും ഉത്പാദനത്തിന്റെ പകുതി കർഷകനും പകുതി ടാപ്പർമാർക്കും വീതം വയ്ക്കുകയാണ് ചെയ്യുന്നത്. ഇത് കർഷകനെ സംബന്ധിച്ചിടത്തോളം ലാഭകരമല്ലാത്തതാണ്.

റബർ @ 300

നിലവിൽ റബ്ബർ കിലോഗ്രാമിന് 300 രൂപ ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ഇതിനു പകുതി മാത്രമെ വില കിട്ടിയിരുന്നുള്ളു. കടുത്ത വിലത്തകർച്ചയ്ക്ക് വിരാമമിട്ട് ഒൻപത് മാസത്തിനിടെ ഏകദേശം 108 രൂപയുടെ വർദ്ധനവാണ് ഇപ്പോൾ വിപണിയിലുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER, RUBBER PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE