പ്രതീകാത്മക ചിത്രം
ഉച്ചയൂണിനും അത്താഴത്തിനും എന്ത് വിഭവങ്ങൾ തയ്യാറാക്കുമെന്നാണ് ഓരോ ദിവസവും മിക്കവാറും വീട്ടമ്മമാരുടെയും ചിന്ത. രാവിലെ ജോലിക്കുപോകുന്നവർക്കും ദിവസേന വ്യത്യസ്തമായ ധാരാളം വിഭവങ്ങൾ തയ്യാറാക്കാനുള്ള സമയം ലഭിച്ചെന്നുവരില്ല. ഇത്തരക്കാർക്ക് വീട്ടിൽ കുറച്ച് പപ്പടമുണ്ടെങ്കിൽ വളരെയെളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു കറിയുണ്ടാക്കാം. ഇതുണ്ടെങ്കിൽ ചോറിനൊപ്പം മറ്റ് കറികൾ ആവശ്യമായി വരില്ല.
ആദ്യം ഒരു ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി അഞ്ചോ ആറോ ചുവന്നുള്ളി വഴറ്റണം. നന്നായി വഴണ്ട് വരുമ്പോൾ ഒരു തക്കാളി കഷ്ണങ്ങളാക്കിയതുകൂടി ചേർത്തുവഴറ്റാം. തക്കാളിയും നല്ല വഴണ്ട് വരുമ്പോൾ തീ അണച്ച് കാൽ ടീസ്‌പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്‌പൂൺ മുളകുപൊടി ഒരു ടീസ്‌പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ചട്ടിയുടെ ചൂടിൽതന്നെ ഇവ മൂപ്പിച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ഒരുപിടി തേങ്ങ ചിരകിയതുചേർത്ത് യോജിപ്പിച്ചതിനുശേഷം മിക്‌സിയിൽ നന്നായി അരച്ചെടുക്കാം.
അടുത്തതായി ഒരു ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി അൽപം കടുക്, കറിവേപ്പില, വറ്റൽമുളക്, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചേർത്ത് താളിപ്പ് തയ്യാറാക്കണം. ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ അരപ്പ് ചേർക്കാം. ഇത് ചൂടായി വരുമ്പോൾ ഒരു നെല്ലിക്ക വലിപ്പത്തിലെ പുളി പിഴിഞ്ഞത് ചേർക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചൂടാക്കണം. ഇത് തിളച്ചുവരുന്നതിനിടെ മറ്റൊരു ചട്ടിയിൽ പപ്പടം ചെറുതായി മുറിച്ചത് വറുത്തെടുക്കാം. വറുത്ത പപ്പടം തിളച്ച കറിയിലേയ്ക്ക് ചേർത്തിളക്കിയാൽ സ്വാദിഷ്ടമായ പപ്പടക്കറി തയ്യാറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |