SignIn
Kerala Kaumudi Online
Tuesday, 06 October 2026 7.38 PM IST

രുചിവൈവിദ്ധ്യങ്ങൾ തേടുന്നവരുടെ ശ്രദ്ധയ്ക്ക്,​ ഒക്ടോബർഫെസ്റ്റ് കേരളത്തിലേക്ക്; ബവേറിയൻ രുചികൾക്ക് ഇനി മലയാളിത്തനിമ

oktober-fest-

ജർമ്മനിയിലെ മ്യൂണിക്ക് നഗരവീഥികളിൽ തുടക്കമിട്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് പടർന്നുപന്തലിച്ച ആഗോള സാംസ്കാരിക മഹോത്സവമാണ് ഒക്ടോബർഫെസ്റ്റ്. ഭക്ഷണവും സംഗീതവും പാരമ്പര്യങ്ങളും ജനങ്ങളെ ഒന്നിച്ചിരുത്തുന്ന ആഗോള സൗഹൃദവും ചേരുമ്പോഴാണ് ഈ ആഘോഷം പൂർണമാകുന്നത്. എന്നാൽ, ആഗോള പാരമ്പര്യങ്ങളെ സ്വന്തം തനിമ ചോർന്നുപോകാതെ ആതിഥേയത്വം അരുളുന്ന കേരളത്തിന്റെ മണ്ണിലേക്ക് ഈ ജർമ്മൻ ആഘോഷം പുതിയൊരു വേഷപ്പകർച്ചയോടെ എത്തുകയാണ്.

അന്താരാഷ്ട്ര അനുഭവങ്ങൾ പ്രാദേശിക സഞ്ചാരമേഖലയുടെ ഭാഗമാകുന്ന ഇക്കാലത്ത്, തനത് വിഭവങ്ങളിലൂടെയും സംസ്കാരത്തിലൂടെയും ലോകത്തിന് മുന്നിൽ വേറിട്ടൊരു അനുഭവമൊരുക്കാൻ കേരളവും സജ്ജമാണ്. അതിന്റെ ഭാഗമായി ബവേറിയൻ സംസ്കാരവും കേരളത്തനിമയും സമന്വയിപ്പിച്ച് വേറിട്ടൊരു ഒക്ടോബർ ഫെസ്റ്റ് ആഘോഷത്തിനൊരുങ്ങുകയാണ് സന്താരി റിസോർട്സ്.

മരാരി ബീച്ച് മുതൽ തേക്കടിയുടെ മലനിരകൾ വരെ

ഒക്ടോബർ ഒമ്പത് മുതൽ 11 വരെയുള്ള മൂന്ന് ദിനങ്ങളിൽ വൈകുന്നേരം നാല് മണി മുതൽ രാത്രി 11 വരെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. മരാരിക്കുളത്തെ 'സന്താരി പേൾ ബീച്ച് റിസോർട്ട്', തേക്കടിയിലെ 'കാർഡമം കൗണ്ടി ബൈ സന്താരി' എന്നിവിടങ്ങളാണ് ഈ അന്താരാഷ്ട്ര രുചിക്കൂട്ടിന് വേദിയാകുന്നത്. തീരദേശത്തിന്റെയും മലയോര മേഖലയുടെയും സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ട് രണ്ട് വ്യത്യസ്ത പ്രമേയങ്ങളിലാണ് ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

'ബവേറിയ മീറ്റ്‌സ് മാരാരി' എന്ന തീമിലാണ് മാരാരിയിൽ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ജർമ്മൻ വിഭവങ്ങളും കേരളീയ-മലബാർ രുചികളും കോർത്തിണക്കിയുള്ള ലൈവ് കൗണ്ടറുകൾ, ലൈവ് ഗ്രില്ലുകൾ, ബവേറിയൻ-മലബാർ ഹോട്ട് ഡോഗുകൾ, ഫെസ്റ്റിവൽ സ്നാക്കുകൾ എന്നിവയ്ക്ക് പുറമേ ടെൻഡർ കോക്കനട്ട് ബവേറിയൻ ക്രീം, ബനാന ജാഗറി ബ്രൂലേ, മാംഗോ ചീസ് കേക്ക് തുടങ്ങിയ മധുരപലഹാരങ്ങളും ലഭ്യമാകും.

തേക്കടിയിൽ 'ബവേറിയ മീറ്റ്‌സ് ദി ഹൈറേഞ്ച്' എന്ന തീമിലൊരുക്കിയിരിക്കുന്ന ഫെസ്റ്റിൽ ചിക്കൻ, ഫിഷ്, പ്രോൺസ്, ബ്രാറ്റ്വർസ്റ്റ്, വെജിറ്റേറിയൻ ഗ്രില്ലുകൾ, നാടൻ ശൈലിയിലുള്ള പോർക്ക്, കേരളീയ ശൈലിയിലുള്ള ഹോട്ട് ഡോഗുകൾ, മറ്റ് ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ആസ്വദിക്കാം. ഒരു ആഗോള ആഘോഷം കേരളത്തിലേക്ക് എത്തുമ്പോൾ അത് സ്വാഭാവികമായും നമ്മുടെ മണ്ണിന്റെ തനിമ കൂടി ഉൾക്കൊള്ളുന്നുണ്ട്. മ്യൂണിക്ക് അതുപോലെ പകർത്തിവെക്കുകയല്ല, മറിച്ച് മരാരിയിലെ തീരദേശത്തിനും ഹൈറേഞ്ചിന്റെ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഒരു പുതിയ അനുഭവമൊരുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത് - സന്താരി റിസോർട്ട്സ് ചീഫ് എക്സ്പീരിയൻസ് ഓഫീസർ അരവിന്ദ് ഗംഗാധരൻ വ്യക്തമാക്കി.

​രുചിയിൽ മാത്രമല്ല സാംസ്കാരിക കൈമാറ്റം നടക്കുന്നത്. മെഹന്തി, പെയിന്റിംഗ്, ഡാർട്ട്‌സ്, റിംഗ് ഗെയിമുകൾ, തഴപ്പായ നെയ്ത്ത് തുടങ്ങിയ വിനോദ പരിപാടികളും പ്രാദേശിക കലാകാരന്മാരുടെ തത്സമയ സംഗീത സന്ധ്യയും ഈ ദിനങ്ങളിൽ അതിഥികൾക്കായി ഒരുക്കുന്നുണ്ട്. കേവലം കാഴ്ചകൾ കാണുന്നതിനപ്പുറം, ഒരു നാടിന്റെ ഭക്ഷണവും സംസ്കാരവും അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇത്തരം സാംസ്കാരിക കൂട്ടായ്മകൾ പുതിയൊരു അനുഭവം നൽകും.

"ലോകത്തിന്റെ നാനാഭാഗത്തുള്ള സാംസ്കാരങ്ങളും എപ്പോഴും ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഒക്ടോബർഫെസ്റ്റ് പോലുള്ള ആഘോഷങ്ങൾ ഇവിടെ സംഘടിപ്പിക്കുന്നത് നമ്മുടെ സംസ്കാരത്തെ വേറൊരു കോണിലൂടെ കാണാനും അതിഥികൾക്ക് തികച്ചും വേറിട്ട അനുഭവം നൽകാനും സഹായിക്കും," എന്ന് സന്താരി റിസോർട്ട്സ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് എം. ജോർജ്ജ് പറഞ്ഞു.

മ്യൂണിക്കിലെ പരമ്പരാഗത ആഘോഷങ്ങളെ അതേപടി അനുകരിക്കാതെ, കേരളത്തിന്റെ മണ്ണിലേക്ക് ഇണക്കിയെടുക്കുന്ന ഈ ശ്രമം ടൂറിസം രംഗത്തിന് തന്നെ പുതിയൊരു മാതൃകയാണ്. ജർമ്മനിയിലെ ഒരു ചെറുനഗരത്തിൽ തുടങ്ങിയ ആഘോഷം ലോകത്തിന്റെ വിവിധ കോണുകളിലെ മേശകളിൽ പുതിയ രുചികളോടെയും കാഴ്ചകളോടെയും പുനർജനിക്കുന്ന കാഴ്ചയാണ് ഇവിടെ തെളിയുന്നത്.

English Summary

Santari Resorts in Kerala will host an adapted Oktoberfest from October 9-11, blending Bavarian traditions with local culture. Events at Marari Beach and Thekkady will feature fusion cuisine, live grills, and cultural performances, creating a unique "Bavaria meets Kerala" experience for guests. This initiative aims to integrate international experiences with local tourism, presenting the German festival with a distinct regional identity.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OKTOBERFEST KERALA, BAVARIAN FOOD, KERALA TOURISM, BAVARIAN FLAVOURS, MALAYALAM CUISINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE