തലേന്ന് മണിക്കൂറുകളോളം അരി കുതിർക്കണ്ട, അരച്ചുമാറ്റിവയ്ക്കണ്ട; ചെറുചൂടുവെള്ളം കൊണ്ട് ഇൻസ്റ്റന്റ് അപ്പം റെഡി
2 MIN READ
| AUTHOR : Web Desk PUBLISHED: JULY 06, 2026 02:29 PM IST | UPDATED: JULY 06, 2026 08:45 PM IST
പ്രതീകാത്മക ചിത്രം
നല്ല സോഫ്‌ട് അപ്പം ഇഷ്ടമല്ലാത്ത മലയാളികളുണ്ടാവില്ല. ചൂടപ്പവും ചിക്കൻ കറിയും ബീഫും സ്റ്റ്യൂവുമൊക്കെ കഴിക്കുന്നത് ആലോചിച്ചാലേ നാവിൽ വെള്ളമൂറും. സാധാരണ അരി തലേന്നുതന്നെ കുതിർത്ത്, അരച്ച്, മാവ് പൊങ്ങിവരാനായി മണിക്കൂറുകളോളം മാറ്റി വച്ചതിനുശേഷമാണ് അപ്പം ചുട്ടെടുക്കുന്നത്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ നല്ല മൃദുലമായ അപ്പം തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം
ആദ്യം മിക്‌സി ജാറിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി എടുക്കണം. ഇതിലേയ്ക്ക് അരക്കപ്പ് ചിരകിയ തേങ്ങ, രണ്ട് ടീസ്‌പൂൺ പഞ്ചസാര, കാൽ ടീസ്‌പൂൺ ഉപ്പ്, കാൽ ടീസ്‌പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കണം. ഇത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിയതിനുശേഷം ഇളം ചൂടുവെള്ളത്തിൽ അരമണിക്കൂർ ഇറക്കി വയ്ക്കണം. ഇനിയിത് അപ്പച്ചട്ടിയിലൊഴിച്ച് ചുട്ടെടുക്കാം.
കോട്ടയം സ്‌പെഷ്യൽ പുളിച്ച അപ്പം
ആവശ്യമായ ചേരുവകൾ
അരിപ്പൊടി - അരക്കപ്പ്
പഞ്ചസാര - രണ്ട് ടേബിൾ സ്‌പൂൺ
വെള്ളം - ഒന്നരക്കപ്പ്
ഉഴുന്ന് - അരക്കപ്പ് തലേദിവസം കുതിർത്തത്
ഉപ്പ്
യീസ്റ്റ് - ഒരു ടീ സ്‌പൂൺ (ആക്ടിവേറ്റ് ചെയ്തത്)
ഇളം ചൂടുള്ള പാൽ - അര കപ്പ്
തണുത്ത പാൽ - ഒരു കപ്പ്
വെളിച്ചെണ്ണ - ഒരു കപ്പ്
ചെറിയ ഉള്ളി - ഒരു കപ്പ്
കറിവേപ്പില - കാൽക്കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടിയും പഞ്ചസാരയും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ചെറുതീയിൽ തുടർച്ചയായി ഇളക്കി കുറുക്കുണ്ടാക്കണം.
കുതിർത്ത ഉഴുന്ന് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.
പാത്രമെടുത്ത് അപ്പം പൊടി, അരച്ച ഉഴുന്ന്, പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. ഇതിലേയ്ക്ക് യീസ്റ്റും ഇളം ചൂട് പാലും ചേർത്ത് യോജിപ്പിക്കുക.
ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ കുറുക്കും ഒരു കപ്പ് പാലും ചേർത്തിളക്കി കട്ടപിടിക്കാതെ മാവാക്കി മാറ്റുക. ഇത് ഒരു മണിക്കൂർ മാറ്റിവയ്ക്കണം.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർക്കണം. ഉള്ളി സ്വർണനിറമാകുന്നതുവരെ വഴറ്റണം.
മാവ് പുളിച്ചുകഴിയുമ്പോൾ അപ്പച്ചട്ടിയിൽ മാവ് കട്ടിക്ക് ഒഴിക്കണം. വെന്തു തുടങ്ങുമ്പോൾ വഴറ്റിയ ഉള്ളിയും കറിവേപ്പിലയും വിതറണം. അടിഭാഗം വെന്തുകഴിയുമ്പോൾ മറിച്ചിട്ടതിനുശേഷം പാത്രത്തിലേയ്ക്ക് മാറ്റാം.
RELATED TOPICS: SOFT APPAM RECIPE, INSTANT APPAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ