
ഒരു മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. ശരിയായി ഉറങ്ങിയില്ലെങ്കിൽ അത് ശരീരത്തെയും മാനസികാരോഗ്യത്തെയും വരെ ബാധിക്കുന്നു. ഒരാൾ ഏകദേശം എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ പലപ്പോഴും ആളുകൾക്ക് എട്ട് മണിക്കൂർ ഉറക്കം ലഭിക്കുന്നില്ല. ഇത് ക്രമേണ അനാരോഗ്യത്തിന് കാരണമാകാം. കുട്ടികൾക്ക് എട്ട് മണിക്കൂറിൽ കൂടുതൽ സമയം ഉറക്കം ലഭിക്കണം. ചിലർക്ക് എട്ട് മണിക്കൂർ ഉറക്കം ലഭിച്ചാലും ഉണരുമ്പോൾ ഉന്മേഷമോ സന്തോഷമോ ലഭിക്കുന്നില്ല. അതെന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഉറങ്ങുന്നതിന് മുൻപുള്ള ചില ശീലങ്ങളാണ് അതിന് കാരണം.
ഉറങ്ങാൻ കിടന്നതിന് ശേഷം ഫോൺ ഉപയോഗിക്കുന്നതാണ് ആ ശീലങ്ങളിൽ ഒന്ന്. ഇത് നിങ്ങളുടെ മെലറ്റോണിൻ ഹോർമോണിനെ ബാധിക്കുന്നു. ഇത് ഉറക്കത്തിന്റെ ആഴം കുറയ്ക്കുന്നു. ഇരുട്ടിൽ തലച്ചോറിന് ഉറക്കത്തിനുള്ള സിഗ്നൽ നൽകുന്നത് മെലറ്റോണിൻ ഹോർമോൺ ആണ്. എന്നാൽ ഫോൺ ഉപയോഗിക്കുമ്പോൾ അതിന്റെ വെളിച്ചം ഈ ഹോർമോണുകളെ തലച്ചോറിലേക്ക് സിഗ്നൽ നൽകുന്നത് തടയുകയും ഉറക്കചക്രത്തെ തന്നെ ഇത് ബാധിക്കുകയും ചെയ്യുന്നു.
രാത്രിയിലെ മദ്യപാനവും നമ്മുടെ ഉറക്കത്തെ ബാധിക്കുന്നു. ഉറങ്ങുന്നതിന് മുൻപ് അമിതമായി ഫുഡ് കഴിക്കരുതെന്ന് വിദഗ്ധർ പറയുന്നു. ഇത് ആഴത്തിലുള്ള ഉറക്കത്തെ ബാധിക്കാം. ഉറങ്ങുന്നതിന് മുൻപ് ചായയോ കാപ്പിയോ കുടിക്കരുത്. ഇത് ശരീരത്തെ ആക്ടിവാക്കി നിർത്തുകയും ഉറക്കക്കുറവിന് കാരണമാകുകയും ചെയ്യുന്നു. ഉറങ്ങുമ്പോൾ ജോലി സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ സമ്മർദ്ദം നൽകുന്നു. ഇതും ഉറക്കത്തെ ബാധിക്കും. കൂടാതെ സ്ഥിരമായി ഉറങ്ങുന്ന സമയങ്ങളിൽ മാറ്റം വരുത്തിയാലും രാവിലെ ഉണരുമ്പോൾ ക്ഷീണം അനുഭവപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |