ഒരിക്കലും ഒഴിച്ചുനിർത്താൻ പറ്റാത്ത ഒന്നാണ് ഉറക്കം. ശരീരത്തിനും തലച്ചോറിനും പ്രധാനമായി വിശ്രമം ലഭിക്കുന്നത് ഉറക്കത്തിലൂടെയാണ്. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയൂ. ഒരു ദിവസം നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ ആ ദിവസം തന്നെ പോയെന്ന് പറയാം.
ചിലർക്ക് എത്ര ഉറങ്ങിയാലും മതിവരില്ല. അങ്ങനെയാണെങ്കിലും ഉറങ്ങിയാൽ നിങ്ങൾക്ക് പണം ലഭിക്കുമെന്ന് പറഞ്ഞാലോ? കേൾക്കുമ്പോൾ ചിരിവരുമെങ്കിലും സംഭവം സത്യമാണ്. ജപ്പാനിലാണ് തികച്ചും വ്യത്യസ്തമായ ഈ മത്സരം നടക്കാൻ പോകുന്നത്. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഉറക്കമത്സരത്തിലെ വിജയിക്ക് 2.22 ദശലക്ഷം യെൻ (ഏകദേശം 13 ലക്ഷം രൂപ) ആണ് സമ്മാനമായി ലഭിക്കുക. ജപ്പാനിലെ ഒരു മെത്ത നിർമാണ കമ്പനിയുടേതാണ് ഈ മത്സരം.
ജപ്പാനിലെ മാട്രസ് ബൈ കോല (Mattrace by Koala) എന്ന കമ്പനിയാണ് മത്സരം നടത്തുന്നത്. ടോക്കിയോ വീക്കൻഡാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. 2026 ഒക്ടോബർ അഞ്ചിനാണ് മത്സരം നടക്കുന്നത്. 'ഷെയർ ഗ്രീൻ മിനാമി അയോയാമയിലാണ് ഈ 'സ്ലീപ്പ് റേസ്' നടക്കുക. ദിവസം മുഴുവൻ 90 മിനിറ്റ് വീതമുള്ള മൂന്ന് മത്സരങ്ങളാണ് ഇവിടെ നടക്കാൻ പോകുന്നത്. ഓരോ മത്സരത്തിലും ഏകദേശം 20 പേർ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കൂടുതൽ ആളുകൾ മത്സരിക്കാനുള്ള അപേക്ഷ സമർപ്പിച്ചാൽ നറുക്കെടുപ്പിലൂടെയായിരിക്കും മത്സരാർത്ഥിയെ തിരഞ്ഞെടുക്കുക. സെപ്തംബർ നാലിന് അപേക്ഷാ നടപടികൾ ആരംഭിച്ചിരുന്നു. സെപ്തംബർ 16 വരെയാണ് അവസാനമായി അപേക്ഷ അയയ്ക്കാനുള്ള സമയം.
മത്സരാർത്ഥികൾ 'കോല' മെത്തകളിൽ കിടന്ന് 90 മിനിറ്റ് നീളുന്ന ഈ മത്സരത്തിനിടയിൽ കഴിയുന്നത്ര മികച്ച രീതിയിൽ ഉറങ്ങാൻ ശ്രമിക്കുക. ഏറ്റവും വേഗത്തിൽ ഉറങ്ങുന്നവരോ അല്ലെങ്കിൽ 90 മിനിറ്റും ഉറങ്ങുന്നവരോ ആയിരിക്കില്ല വിജയി. ഉറക്കത്തിലെ വിവിധ ഘട്ടങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഒരു 'സ്ലീപ്പ് സ്‌കോർ' മത്സരാർത്ഥികൾക്ക് നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുന്നത്. ഉറക്കത്തിന്റെ ആഴം, മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം, എത്ര വേഗത്തിൽ ഉറങ്ങുന്നു, ഉറക്കത്തിന്റെ സ്ഥിരത എന്നിവയെല്ലാം ഇതിൽ പരിശോധിച്ചാണ് മാർക്ക് നൽകുന്നത്. മത്സരസമയത്ത് ഉറക്കം നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക ഉപകരണങ്ങൾ മത്സരാർത്ഥികൾ ധരിക്കേണ്ടതുണ്ട്. ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും സ്‌കോറിംഗ് നടക്കുക. ഏറ്റവും ഉയർന്ന സ്കോർ നേടുന്നയാളായിരിക്കും വിജയി.
ഉറങ്ങുമ്പോൾ മത്സരാർത്ഥികളെ ശല്യം ചെയ്യാൻ സംഘാടകർ ഉണ്ടാകും. ചുറ്റുപാടുകൾ പൂർണമായും ശാന്തമല്ലാത്ത അവസ്ഥയിൽ എങ്ങനെ ഉറക്കം നിലനിർത്താൻ കഴിയുമെന്ന് പരിശോധിക്കാനാണ് ഇത്. ഇത്തരം തടസങ്ങൾക്കിടയിലും ഉറക്കം തുടരുക എന്നത് മത്സരത്തിന്റെ ഭാഗമായിരിക്കും. അന്തിമ സ്കോർ പരിഗണിക്കുമ്പോൾ ഇതും പ്രധാനമാണ്.
ഏറ്റവും മികച്ച രീതിയിൽ ഉറങ്ങുന്നയാൾക്ക് 2.22 ദശലക്ഷം യെൻ (ഏകദേശം 13.76 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. ഉറക്കത്തെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന 'Zzz' എന്ന ചിഹ്നവുമായി ബന്ധപ്പെടുത്തിയാണ് ഈ സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ മറ്റ് മത്സരാർത്ഥികൾക്ക് പ്രത്യേക പുരസ്കാരങ്ങളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചതെന്ന് കോല കമ്പനി പറയുന്നു. ആളുകളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മനസിലാക്കാനും ഇത് സഹായിക്കുന്നതായി ഇവർ അവകാശപ്പെടുന്നു.
Japan is set to host a unique 90-minute sleep competition organised by mattress company Koala. Participants will compete by sleeping on Koala mattresses, with their performance assessed through a sleep score based on factors such as sleep depth, quality, time taken to fall asleep and sleep stability. The winner will receive a prize of 2.22 million yen, approximately ₹13 lakh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |