ടൊറാന്റോ: ഒരു മനുഷ്യന് ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണെന്നാണ് ശാസ്‌ത്ര ലോകത്തിന്റെ കണ്ടെത്തൽ. തങ്ങളെക്കാൾ ഏറെ വലുതും കരുത്തേറിയതുമായ ഏറെ ജീവികൾ ലോകത്തുണ്ടെങ്കിലും ആ ശ്രേണിയിൽ ഏറ്റവും മുന്നിലെത്തിയത് മനുഷ്യനാണ്. ബുദ്ധിശക്തി, സൂക്ഷ്‌മത ഇവയൊക്കെ കാരണമാണത്.
പ്രൈമേറ്റുകൾ എന്നറിയപ്പെടുന്ന വിഭാഗത്തിൽ പെടുന്ന ഒരു ജീവി മാത്രമായി മനുഷ്യൻ ഒതുങ്ങാതെ ഈ ശ്രേണിയിലെ മറ്റ് ജീവികളെക്കാൾ ഏറെ മുന്നിൽ പ്രത്യേകിച്ച് ആൾകുരങ്ങുകളെക്കാൾ മുന്നിൽ മനുഷ്യൻ എത്തിയത് എങ്ങനെയെന്ന് അറിയാമോ? അത് നമ്മുടെ ഉറക്കത്തിന്റെ പ്രത്യേകത വഴിയാണെന്നാണ് കാനഡയിലെ ടൊറാന്റോ മിസിസൗഗ സർവകലാശാലയിലെ സ്‌ലീപ് ആൻഡ് ഹ്യൂമൻ ഇവലൂഷൻ ലാബിലെ ഡയറക്‌ടർ ഡേവിഡ് ആർ സാംസൺ കണ്ടെത്തിയിരിക്കുന്നത്.
കാട്ടിനുള്ളിലെ ചിമ്പാൻസികളുടെ ഉറക്കവും ആഫ്രിക്കയിലെ ടാൻസാനിയയിലെ ഹഡ്‌സ എന്ന ഗോത്രവിഭാഗത്തിന്റെ ഉറക്കവും ശ്രദ്ധയോടെ നേരിട്ട് നിരീക്ഷിച്ചാണ് സാംസൺ തന്റെ കൗതുകകരമായ കണ്ടെത്തലുകൾ നടത്തിയത്. ഇതുസംബന്ധിച്ച് ഡേവിഡ് സാംസൺ 'ദ സ്‌ളീപ്പിംഗ് ഏപ്: ദ സ്റ്റോറി ഓഫ് സ്‌ലീപ്പ് ആൻഡ് ഹ്യൂമൻ എവല്യൂഷൻ' എന്ന തന്റെ പുസ്‌തകത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രൈമേറ്റുകളിൽ മറ്റുള്ളവയെ അപേക്ഷിച്ച് കുറഞ്ഞ ഉറക്കം ആവശ്യമുള്ളവ എന്ന രീതിയിൽ മനുഷ്യൻ പരിണമിച്ചതോടെയാണ് അവർ മുന്നിലെത്തിയതെന്നാണ് ഡേവിഡ് സ്ഥാപിക്കുന്നത്.
സാമൂഹികമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും ശരീരത്തെ വച്ചുനോക്കുമ്പോൾ വലിയ തലച്ചോറുള്ളതും നീണ്ട നഖങ്ങളോ കൂർത്ത പല്ലുകളോ ഇല്ലാതിരുന്നിട്ടും വേട്ടയാടലിലടക്കം മുന്നിലെത്തിയതും ഭൂമിയിലെ ഏതുതരം പരിതസ്ഥിതിയിലും ജീവിച്ചുപോകാൻ കഴിയുന്നതും മനുഷ്യരുടെ കഴിവാണ്. 'ഈ പ്രയോജനകരമായ സവിശേഷതകൾക്കെല്ലാം കാരണം നമ്മുടെ ഉറക്കമാണ്. അതില്ലാതെ ഇതൊന്നും സാദ്ധ്യമാകില്ല.'-സാംസൺ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ കാലത്ത് എല്ലാവർക്കും മതിയായ ഉറക്കം കിട്ടുന്നില്ലെന്ന പരാതിയുണ്ട്. പ്രത്യേകിച്ച് തിരക്കേറിയ ജീവിതശൈലിയിൽ ജീവിക്കുന്നവർക്ക്. എന്നാൽ ഇവർ പോലും പണ്ട് വേട്ടയാടി നടന്ന നമ്മുടെ പൂർവികരായ മനുഷ്യരെക്കാൾ 45 മിനിട്ടോളം കൂടുതൽ ഉറങ്ങുന്നുണ്ടെന്നാണ് സാംസണിന്റെ കണ്ടെത്തൽ.
മോശമായ ഉറക്കത്തിന് കാരണം അതിന്റെ സമയക്കുറവ് അല്ല പകരം നമ്മുടെ ശരീരത്തിലെ ജൈവ ഘടികാരമായ സർക്കാഡിയൻ റിഥത്തിലുണ്ടാകുന്ന മാറ്റമാണ്. ഒരു പരിണാമപരമായ കാലത്തിലാണ് നാമിന്ന് ജീവിക്കുന്നത്. മനുഷ്യന്റെ സാങ്കേതികമായ പുരോഗതി ജൈവിക പരിണാമത്തെ ഏറെ പിന്നിലാക്കി. ശരിക്കും ആധുനികമായ നഗര ജീവിത രീതിയോടല്ല പ്രാചീനമായ വേട്ടയാടി ജീവിച്ച കാലത്തുള്ളവരുടെ ജീവിതരീതിക്കാണ് നമ്മുടെ ശരീരവും മനസും ജനിതകപരമായി പാകപ്പെട്ടിരിക്കുന്നത്.
ചിമ്പാൻസികളും ഹഡ്‌സ വർഗക്കാരും
പഠനത്തിന്റെ ഭാഗമായി ഉഗാണ്ടയിലെ വനാന്തരങ്ങളിൽ പോയ സാംസൺ അവിടെ ചിമ്പാൻസികൾ മരത്തിൽ ചില്ലകളും ഇലകളും കൊണ്ട് മെത്ത തയ്യാറാക്കി അതിൽ ഉറങ്ങുന്നത് ശ്രദ്ധിച്ചു. ഇത് ഭൂമിയിലെ അതിന്റെ വേട്ടക്കാരിൽ നിന്നും മാത്രമല്ല പ്രാണികളിൽ നിന്നുമടക്കം അവരെ രക്ഷിക്കുന്നു. ടാൻസാനിയിലെ ഹഡ്‌സ എന്ന വേട്ടക്കാരായ മനുഷ്യരെയും അദ്ദേഹം പഠിച്ചു. താൽക്കാലിക കൂരകളിൽ താമസിക്കുന്ന വിഭാഗക്കാരാണവർ. പഴങ്ങളും വേട്ടയാടിപിടിക്കുന്നതുമാണ് ഇവരുടെ ആഹാരം. ഇവരുടെ ഉറക്കരീതി സാംസണ് കൗതുകകരമായി തോന്നി.
രാത്രിയിൽ എല്ലാവരും ഒരുമിച്ച് ഉറങ്ങില്ല. ഏഴുപേർ ഉറങ്ങാൻ കിടന്നപ്പോൾ മൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ അവയെ നിരീക്ഷിച്ച് ചിലർ ഉണർന്നിരുന്നു. ഇവരുടെ ഉറക്കസമയം ഇടയ്‌ക്ക് തടസപ്പെടുന്നുണ്ടെന്നും കണ്ടെത്തി. രാത്രി വ്യത്യസ്‌ത സമയത്തായി ഉറങ്ങുന്ന ശീലമാണ് അവർക്കുള്ളത്. ഏഴ് മണിക്കൂർ തികച്ച് ഇത്തരത്തിൽ അവർ ഉറങ്ങിയിരുന്നില്ല. 45 മിനുട്ട് കുറവായിരുന്നു എന്ന് സാംസൺ മനസിലാക്കി. അവർക്ക് അതിന്റെ യാതൊരു ക്ഷീണവും ഉണ്ടായിരുന്നില്ല. ഉറക്കം മതിയായിരുന്നുവെന്നും അവർ അറിയിച്ചു.
മനുഷ്യന്റെ പൂർവികർ മരങ്ങളിൽ ഉറങ്ങിയിരുന്നപ്പോൾ കൂടുതൽ സമയം ഉറങ്ങിയിരുന്നു. എന്നാൽ മാറ്റമുണ്ടായി ഭൂമിയിൽ ഉറങ്ങാൻ ശീലിച്ചപ്പോൾ സമയം കുറയുകയാണ് ഉണ്ടായത്. തീ മനുഷ്യൻ കണ്ടെത്തിയതും ഇക്കാലത്ത് അവരെ മുന്നിലെത്താൻ ഏറെ സഹായിച്ചു. തീ തണുപ്പകറ്റാൻ മാത്രമല്ല രാത്രി ധൈര്യമായിരിക്കാനും അവർക്ക് അതിലൂടെ കഴിഞ്ഞു. ഇങ്ങനെ ക്രമേണ അവരിൽ പല പുതിയ കഴിവുകളുണ്ടാകാനും ബുദ്ധിശക്തിയിൽ ഉണർവുണ്ടാകാനും സാധിച്ചു. പ്രഭാതത്തിലെ സൂര്യപ്രകാശം 10 മിനിട്ട് നേരിട്ട് ഏൽക്കുന്നതും നമ്മുടെ ഓരോ ദിവസത്തെ പ്രവർത്തികളെ നന്നായി കൊണ്ടുപോകാൻ സഹായിച്ചതായും പഠനത്തിൽ കണ്ടെത്തി.
David Samson made intriguing observations by closely studying the sleeping patterns of chimpanzees in the wild and members of the Hadza tribe in Tanzania, Africa. He discusses these findings in his book, The Sleeping Ape: The Story of Sleep and Human Evolution, exploring the relationship between sleep and human evolution.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |