SignIn
Kerala Kaumudi Online
Friday, 11 September 2026 11.47 PM IST

ഉച്ചയ്ക്ക് ശേഷമുണ്ടാകുന്ന തലവേദനയ്‌ക്ക് കാരണം ഇതാണ്,​ ഇക്കൂട്ടർ  പ്രത്യേകം ശ്രദ്ധിക്കണം; ഡോക്ടർമാരുടെ മുന്നറിയിപ്പ്

headache
പ്രതീകാത്മക ചിത്രം

ഉച്ചയ്ക്ക് ശേഷം, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? തലവേദന, ക്ഷീണം, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഈ സമയത്ത് പലരെയും അലട്ടാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ജോലി തിരക്കിനിടെ മണിക്കൂറുകളോളം ആവശ്യത്തിന് വെള്ളം കുടിക്കാതെ പോകുന്നത് വളരെ സാധാരണമായ കാര്യമാണെന്ന് ഡോക്ടർമാർ പറയുന്നു.

വെള്ളത്തിന് പകരം ചായയോ കാപ്പിയോ കൂടുതലായി ആശ്രയിക്കുക, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ വെള്ളം കുടിക്കാൻ മറക്കുക തുടങ്ങിയവയെല്ലാം തലവേദനയ്ക്ക് കാരണമാകും. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ വിയർപ്പിലൂടെ ശരീരത്തിൽനിന്ന് കൂടുതൽ ദ്രാവകം നഷ്ടപ്പെടുന്നതിനാൽ നിർജലീകരണത്തിനുള്ള സാധ്യതയും വർദ്ധിക്കും.

മൂത്രത്തിന് ഇരുണ്ട നിറം ഉണ്ടാകുക,​തലവേദന,​ വായ വരണ്ടുപോകുക,​ അമിതമായ ക്ഷീണം,​ തലകറക്കം,​ ഏകാഗ്രത കുറയുക എന്നിവയാണ് ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാവുന്ന പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഈ ലക്ഷണങ്ങളെല്ലാം നിർജലീകരണം മൂലമാകണമെന്നില്ലെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും സമാനമായ ലക്ഷണങ്ങൾ ഉണ്ടാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഈ ലക്ഷണങ്ങൾക്ക് കാരണം നിർജലീകരണമാണെന്ന് സ്വയം തീരുമാനിക്കരുതെന്നും ഡോക്ടർമാർ പറയുന്നു.

dehydration-warning
പ്രതീകാത്മക ചിത്രം

വെള്ളം കുടി കുറഞ്ഞാൽ വൃക്കകളെ തകരാറിലാക്കും

ശരീരത്തിലെ ജലാംശവും വൃക്കകളുടെ പ്രവർത്തനവും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. രക്തത്തിലെ മാലിന്യങ്ങൾ നിരന്തരം അരിച്ചുമാറ്റുന്നതിനൊപ്പം ശരീരത്തിലെ ദ്രാവകത്തിന്റെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും വൃക്കകൾ പ്രധാന പങ്കുവഹിക്കുന്നു. ശരീരത്തിൽ വലിയ തോതിൽ ജലാംശം കുറയുമ്പോൾ വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയാം. നിർജലീകരണം ദീർഘകാലം തുടർന്നാൽ വൃക്കയുടെ പ്രവർത്തനം പെട്ടെന്ന് തകരാറിലാകുന്ന അവസ്ഥയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

ഇക്കൂട്ടർ പ്രത്യേകം ശ്രദ്ധിക്കണം

ദീർഘനേരം ജോലി ചെയ്യുന്നവർ, ജോലി കഴിഞ്ഞ് വ്യായാമം ചെയ്യുന്നവർ, പതിവായി യാത്ര ചെയ്യുന്നവർ, ചൂടേറിയ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ എന്നിവർ ആവശ്യത്തിന് വെള്ളം കുടിക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തണം. അതേസമയം, മുമ്പ് വൃക്കസംബന്ധമായ പ്രശ്നങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരുടെ വെള്ളത്തിന്റെ ആവശ്യകത വ്യത്യസ്തമായിരിക്കാം. അതിനാൽ ഇവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വെള്ളം കുടിക്കുന്നതാണ് ഉചിതം.

ആവശ്യത്തിലധികം വെള്ളം കുടിച്ചാലും അപകടം

ശരീരത്തിന് ആവശ്യമായതിലധികം വെള്ളം കുടിക്കുന്നതും ഗുണകരമല്ലെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പ്രത്യേകിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. അതിനാൽ ദാഹം അവഗണിക്കാതെ, ദിവസം മുഴുവൻ ഇടവേളകളിലായി ആവശ്യത്തിന് വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരമായ ശീലം.

English Summary

Inadequate water intake is a primary cause of afternoon fatigue, headaches, and concentration problems, doctors report. Dehydration can significantly impair kidney function, particularly for those working long hours or in hot environments. While recommending sufficient daily water consumption, experts also caution against over-hydration and advise consulting professionals for specific health concerns, especially for individuals with pre-existing conditions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEADACHE, HEALTH, WATER, LIFESTYLE, AFTERNOON HEADACHE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY