SignIn
Kerala Kaumudi Online
Thursday, 03 September 2026 5.40 PM IST

വിവാഹത്തിന് മുൻപ് എച്ച്ഐവി ടെസ്റ്റ് ചെയ്യേണ്ടതുണ്ടോ? വൈദ്യശാസ്ത്രത്തിന് പറയാനുള്ളത്

hiv-test-for-couple
പ്രതീകാത്മക ചിത്രം

വിവാഹത്തിന് മുൻപ് യുവതി യുവാക്കൾക്ക് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണമെന്നും വിവാഹിതയാകുന്ന യുവതി ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും മാർത്തോമസഭ വൈദിക ട്രസ്റ്റി ഡോ. കെ തോമസിന്റെ പരാമ‌ർശമാണ് ഇപ്പോൾ വിവാദമാകുന്നത്.

വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നുള്ള അദ്ദേഹത്തിന്റെ പരാമർശം വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഇതോടെ വിവാഹത്തിന് മുൻപ് എച്ച്ഐവി ഉൾപ്പെടെയുള്ള പരിശോധനകളുടെ ആവശ്യകതയെ കുറിച്ചുള്ള ചർച്ചകളും സജീവമാകുകയാണ്. പരിശോധിക്കേണ്ടതുണ്ട്.

വിവാഹത്തിന് മുൻപ് രക്ത പരിശോധന അനിവാര്യമോ?

വിവാഹനിശ്ചയം കഴിഞ്ഞാൽ ഇന്നത്തെ തലമുറ ആദ്യം ചിന്തിക്കുന്നത് എങ്ങനെ കല്യാണം ആഡംബരമായി ആഘോഷിക്കാമെന്നാണ്. എന്നാൽ പരസ്പരം സ്നേഹിക്കുന്ന രണ്ടുവ്യക്തികൾ ഒന്നാകുമ്പോൾ പരസ്പരമുള്ള ആരോഗ്യകാര്യങ്ങളിലും കൃത്യമായ വ്യക്തതയുണ്ടായിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഭാവിയിൽ കുടുംബജീവിതത്തിലും കുട്ടികളുടെ ആരോഗ്യത്തിലും ഉണ്ടാകാൻ സാദ്ധ്യതയുള്ള പല സങ്കീർണതകളും ഒഴിവാക്കാൻ വിവാഹത്തിന് മുൻപുള്ള രക്ത പരിശോധനകൾ സഹായിക്കും. ജനിതകപരമായ രോഗങ്ങൾ ഉൾപ്പെടെ കണ്ടെത്താൻ ഇത്തരം പരിശോധനകളിലൂടെ സാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

എച്ച്ഐവി ടെസ്റ്റ് നിർബന്ധമോ?

ശരീരത്തിൽ ഹ്യൂമൺ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ഉണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയാണിത്. ഏതെങ്കിലും സാഹചര്യത്തിൽ ഒരാളിൽ വൈറസ് കണ്ടെത്തിയാൽ പങ്കാളിയിലേയ്ക്ക് പകരാതിരിക്കാൻ ഈ പരിശോധന സഹായിക്കുന്നു. കൃത്യമായ ചികിത്സ ലഭിക്കാനും ഇതുവഴി കഴിയുന്നു.

എന്താണ് വിഡിആർ ടെസ്റ്റ്?

വെനീറിയൽ ഡിസീസ് റിസർച്ച് പരിശോധന അഥവാ വിഡിആർ ലൈംഗികബന്ധത്തിലൂടെ പകരുന്ന സിഫിലസ് ബാക്ടീരിയൽ ഇൻഫെക്ഷൻ കണ്ടെത്തുന്നതിനുള്ള പരിശോധനയാണ്. ഈ രോഗമുള്ളവരിൽ തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാകില്ല. എന്നാൽ ഗർഭകാലത്ത് ഇത് അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്ക് പകരുന്നത് തടയാൽ പരിശോധന ആവശ്യമാണ്.

ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനയുടെ ലക്ഷ്യം

കരളിനെ ബാധിക്കുന്ന വൈറസ് ബാധകൾ കണ്ടെത്തുന്നതിനുള്ള പരിശോധനയാണിത്. ശരീരശ്രവങ്ങളിലൂടെയും രക്തത്തിലൂടെയും പങ്കാളിയിലേയ്ക്ക് വൈറസ് ബാധ പകരുന്നത് തടയാൻ ഈ പരിശോധനയിലൂടെ സാധിക്കും. ഹെപ്പറ്റൈറ്റിസ് ബി വരാതിരിക്കാൻ പങ്കാളിയ്ക്ക് വാക്സിനേഷൻ സ്വീകരിക്കാനുള്ള അവസരവും ഇതുവഴി ലഭിക്കുന്നു.

രക്ത ഗ്രൂപ്പും ആർഎച്ച് ടൈപ്പിംഗും നിർബന്ധമോ?

വിവാഹത്തിന് മുൻപ് പങ്കാളിയുടെ രക്തഗ്രൂപ്പും റീസസ് അഥവാ ആർഎച്ച് പോസിറ്റീവ് ,നെഗറ്റീവ് ഘടകങ്ങളും പരിശോധിക്കണം. സ്ത്രീകളിലെ ആർഎച്ച് നെഗറ്റീവും പുരുഷന്മാരുടെ പോസിറ്റീവുമാണെങ്കിൽ ഭാവിയിൽ ഗ‌ർഭധാരണ സമയത്ത് ശിശുവും അമ്മയും തമ്മിലുള്ള ആർഎച്ച് ഇൻകാപ്പബിലിറ്റി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇത് മുൻകൂട്ടി അറിഞ്ഞാൽ കുഞ്ഞിനുണ്ടാകുന്ന വിളർച്ച പോലുള്ള പ്രശ്നങ്ങൾ പൂർണമായും ഒഴിവാക്കാം.

പ്രമേഹം, തൈറോയ്ഡ് പരിശോധനകൾ

ശരീരത്തിലുള്ള പ്രമേഹവും തൈറോയ്ഡും പരിശോധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇവ ഹോർമോൺ വ്യതിയാനങ്ങൾക്കും വന്ധ്യതാ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.

വൈറ്റമിൻ ബി12, ഡി പരിശോധനകൾ എന്തിന്?

ഊർജസ്വലത നിർനിർത്താനും പ്രത്യുൽപ്പാദന ആരോഗ്യത്തിനും ഇവ അത്യാവശ്യമാണ്. അതിനാൽ ഇതുരണ്ടും ഉറപ്പായും പരിശോധിക്കേണ്ടതുണ്ട്.

പരിശോധന നടത്തേണ്ടത് എപ്പോൾ?

വിവാഹത്തിന് കുറഞ്ഞത് രണ്ടോ മൂന്നോ മാസങ്ങൾക്ക് മുൻപ് ഈ പരിശോധനകൾ ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം. പരിശോധനാഫലങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ ചികിത്സ തേടാം. എന്നാൽ ഇത്തരം പരിശോധനകൾ വൈദികൻ തോമസ് പറഞ്ഞതുപോലെ പരസ്പരമുള്ള അവിശ്വാസം കൊണ്ടല്ല, മറിച്ച് പങ്കാളിയോടുള്ള ഉത്തരവാദിത്തവും കരുതലും കൊണ്ടാകണം.

ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് മുൻപും വിവാഹദിവസം രാത്രിയും സ്ത്രീകളുടെ കന്യകാത്വം പരിശോധിക്കുന്നത് നിലനിൽക്കുന്നുണ്ട്. ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും സാമൂഹിക ആചാരങ്ങളുടെ ഭാഗമായി ഇത് തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതിന് തുല്യമാണെന്നും മൗലികാവശങ്ങളുടെ ലംഘനമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

English Summary

A Mar Thoma Church priest sparked controversy by suggesting mandatory pre-marital HIV tests for men and virginity checks for women. This prompted experts to emphasize the importance of various pre-marital health screenings, including tests for HIV, VDRL, Hepatitis, and blood group, to prevent future complications for couples and their children. They advocate these checks out of responsibility, not distrust.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PREMARITIAL BLOOD TEST, PRE MARRIAGE HEALTH TEST, BLOOD TEST FOR COUPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360