ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം മുതൽ ഡൽഹിയിൽ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കമെന്നുമാണ് നിർദേശം. നാളെ വൈകുന്നേരത്തോടെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വീണ്ടും മഴ ലഭിക്കുന്നത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസങ്ങൾക്കും കാരണമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ദേശീയ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതം എന്നിവ താറുമാറായിട്ടുണ്ട്. നഗരത്തിലെ പല റോഡുകളിലും ജനവാസകേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഡൽഹി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് ഇന്നലെ നിരവധി സർവീസുകൾ വഴിതിരിച്ചുവിട്ടിരുന്നു.
മഴ തുടരുന്നതിനാൽ യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ വെള്ളം കയറിയത് കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. യമുനാനദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നും കൂടുതൽ വെള്ളം പുറന്തള്ളുന്നതാണ് ഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിന് സമീപം ജലനിരപ്പ് ഉയരാൻ കാരണം.
ഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റും മിന്നലോടുകൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
The Central Meteorological Department has warned of continued heavy rain across North Indian states, with Delhi expecting strong rain, lightning, and winds from this evening. Heavy rainfall has already disrupted road, rail, and air transport in Delhi, causing widespread waterlogging and flight diversions. A high alert remains for rising Yamuna river levels.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |