SignIn
Kerala Kaumudi Online
Monday, 07 September 2026 7.36 PM IST

ദുബായിൽ 30,000 രൂപ വാടകയ്ക്ക് എന്താണ് ലഭിക്കുക?​ മുറിയുടെ ദൃശ്യങ്ങൾ പങ്കുവച്ച് പ്രവാസി യുവതി

-tiny-room
യുവതി താമസിക്കുന്ന മുറി ചിത്രം: ഇൻസ്റ്റഗ്രാം


ദുബായ്: നാട്ടിലെ ജോലിയിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ മികച്ച വരുമാനം പ്രതീക്ഷിച്ചാണ് പലരും ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടിയെത്തുന്നത്. മികച്ച ജീവിതനിലവാരം സ്വപ്നം കാണുന്ന സാധാരണക്കാർക്ക് അന്യരാജ്യത്തെ ജീവിതം തുടക്കത്തിൽ പലപ്പോഴും വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. നാട്ടിലേതിനെ അപേക്ഷിച്ച് ശമ്പളം കൂടുതലാണെങ്കിലും അതിനനുസരിച്ചുള്ള ഉയർന്ന ജീവിതച്ചെലവും ഗൾഫ് രാജ്യങ്ങളിൽ നേരിടേണ്ടിവരും. ഇപ്പോഴിതാ ദുബായിലെ പ്രവാസികളുടെ ജീവിതയാഥാർത്ഥ്യം തുറന്നുകാട്ടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

പ്രതിമാസം 30,000 രൂപ വാടക നൽകുന്ന താമസസ്ഥലത്തിന്റെ ദൃശ്യങ്ങളാണ് ഇന്ത്യൻ പ്രവാസിയായ കീർത്തന എന്ന യുവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. '30,000 രൂപയ്ക്ക് ദുബായിൽ എന്താണ് ലഭിക്കുക? നമുക്ക് നോക്കാം' എന്ന ആമുഖത്തോടെയാണ് കീർത്തനയുടെ വീഡിയോ ആരംഭിക്കുന്നത്. ഇടുങ്ങിയ ഇടനാഴിയിലൂടെ കടന്നുചെന്നാണ് കീർത്തന തന്റെ മുറിയിൽ പ്രവേശിക്കുന്നത്. കഷ്ടിച്ച് രണ്ടുപേർക്ക് നില്ക്കാനുള്ള സ്ഥലമേ മുറിക്കകത്തുള്ളൂ. സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും കുറവാണ്. ഒരു എയർ കണ്ടീഷണറും കാണാം.

താമസിക്കുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് വാടകയിൽ വ്യത്യാസമുണ്ടാകുമെന്നും യുവതി പറയുന്നു. ഒരാൾക്ക് പ്രതിമാസം 1,200 മുതൽ 1,300 ദിർഹം വരെയാണ് വാടക. ഇന്ത്യൻ രൂപയിൽ ഏകദേശം 30,000 മുതൽ 33,000 രൂപ വരെയാണ് ഈടാക്കുന്നത്.രണ്ട് പേർ താമസിക്കുകയാണെങ്കിൽ 1,400 മുതൽ 1,500 ദിർഹം വരെ നൽകണം. അതായത് ഏകദേശം 36,000 മുതൽ 39,000 രൂപ വരെ.

ലഗേജും മറ്റ് വ്യക്തിഗത സാധനങ്ങളും സൂക്ഷിക്കാനുള്ള ഇടവും യുവതി വീഡിയോയിൽ കാണിക്കുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ദുബായിലെ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചത്. ഇത്രയും ചെറിയ ഒരു മുറിയിൽ താമസിക്കുന്നത് ശ്വാസം മുട്ടിക്കുന്ന അനുഭവമായിരിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ദുബായിലെത്തുന്ന പലരും തുടക്കത്തിൽ ബെഡ് സ്‌പേസുകളിലും പാർട്ടീഷൻ ചെയ്ത മുറികളിലുമാണ് താമസിച്ചിരുന്നതെന്നും പറയുന്നു.

ഉയർന്ന ജീവിതച്ചെലവാണ് പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. പ്രത്യേകിച്ച് കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് വരുമാനത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്കും മറ്റ് അടിസ്ഥാന ചെലവുകൾക്കുമായി മാറ്റിവയ്‌ക്കേണ്ടിവരുന്നു. ചില പ്രവാസികൾ ദീർഘമായ ജോലി സമയം, ജോലിസ്ഥലത്തെ സമ്മർദ്ദം, വിദേശരാജ്യത്തെ ഏകാന്തത തുടങ്ങിയ അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്.

പലരും പാർട്ടീഷൻ ചെയ്ത താമസസ്ഥലങ്ങളിലോ കമ്പനി നൽകുന്ന താമസസൗകര്യങ്ങളിലോ കഴിയുന്നുണ്ട്. നഗരത്തിലെ പ്രധാന വ്യാപാര, വിനോദ കേന്ദ്രങ്ങളിൽനിന്നൊക്കെ അകലെയുള്ള പ്രദേശങ്ങളിലാണ് ഇത്തരം താമസസൗകര്യങ്ങൾ സ്ഥിതി ചെയ്യുന്നത്. ദുബായിലെ ആഡംബര ജീവിതത്തിനപ്പുറത്തേക്ക് സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന ജീവിതച്ചെലവിന്റെ യാഥാർത്ഥ്യമാണ് യുവതി തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

A post shared by Keerthana.L (@keerthanaindubai)


English Summary

An Indian expat’s Instagram video revealed Dubai’s challenging living costs for ordinary residents. The video showcased her small room, rented for approximately ₹30,000 monthly, highlighting the significant financial burden of accommodation. It contrasts the city's luxurious image with the everyday reality of expats struggling with high expenses.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GULFNEWS, LIFESTYLE, PERSONAL LIFE EXPERIENCE, RENT HIKE, DUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360