നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്രധാന ഭക്ഷണങ്ങളിലൊന്നാണ് മീൻ. പ്രത്യേകിച്ച് കേരളം, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിൽ. ഒരു ദിവസം പോലും മീൻ ഇല്ലാതെ ആഹാരം കഴിക്കാൻ സാധിക്കാത്തവരും ഏറെയാണ്. പല തരത്തിലുള്ള മീനുകൾ ഉണ്ടെങ്കിലും ഇവയിൽ പോഷകസമൃദ്ധമായ ഒന്നാണ് ചൂര (tuna).
കേരളത്തിൽ തന്നെ പ്രാദേശികമായി ചൂരയ്‌ക്ക് നിരവധി പേരുകളുണ്ട്. സൂത, കേര, വെള്ളച്ചൂര, നെയ്‌മീൻ ചൂര, കേരച്ചൂര, കണ്ണൻചൂര, മണ്ണച്ചൂര, വലിയ കണ്ണൻ, മഞ്ഞത്തുമ്പൻ തുടങ്ങിയ പേരുകളിൽ ചൂര അറിയപ്പെടുന്നു. രുചിയേറിയ മത്സ്യമായതിനാൽ ഇവയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാൽ, കൊതിയൂറുന്ന ചൂരയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ തെക്കൻ ബ്രസീലിലെ ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് സാന്താ കാറ്ററിനയിലെ ഗവേഷകർ നടത്തിയ പഠനം മത്സ്യപ്രിയരെ ഞെട്ടിക്കുന്നതാണ്.
ഇവർ പരിശോധിച്ച ചൂരമീനിൽ 96 ശതമാനത്തിലും പരാന്നഭോജികളായ വിരകളുടെ സാന്നിദ്ധ്യം കണ്ടെത്തി. കണ്ണിൽ പോലും കാണാൻ കഴിയാത്ത 1,600 സൂക്ഷ്‌മവിരകളെയാണ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ഗവേഷകർ വേർതിരിച്ചെടുത്തത്. മീനുകളുടെ വൃക്കയും ഹൃദയവും ഒഴികെ മറ്റെല്ലാ അവയവങ്ങളിലും വിരകൾ നിറഞ്ഞിരുന്നു. മീനുകളുടെ കുടലുകളിലാണ് ഇവ കൂടുതലായും കണ്ടെത്തിയത്. നമ്മൾ കഴിക്കുന്ന മാംസപേശികളിലെല്ലാം വിരകൾ നിറഞ്ഞിരിക്കുകയായിരുന്നു. ട്രിപനോറിൻക, അനിസാക്കിസ് എന്നീ വംശത്തിൽപ്പെട്ട വിരകളാണ് ഇതിൽ ഏറെയും.
സ്‌കിപ്പ്ജാക്ക് ട്യൂണ എന്ന വിഭാഗത്തിലാണ് വിരകളെ കണ്ടെത്തിയത്. ലോകത്ത് ഏറ്റവുമധികം പിടിക്കപ്പെടുന്ന മൂന്നാമത്തെ കടൽ മത്സ്യമാണിത്. 2022ൽ മാത്രം 31 ലക്ഷം ടൺ സ്‌കിപ്പ്ജാക്ക് ട്യൂണയാണ് വിറ്റഴിക്കപ്പെട്ടത്. വിരകൾ നിറഞ്ഞ മത്സ്യമാണ് ഇത്രയും നാൾ കഴിച്ചതെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് അറപ്പ് തോന്നിയേക്കാം. എന്നാൽ, ഇവ പാകം ചെയ്‌ത് കഴിക്കുന്നത് സുരക്ഷിതമാണ്. മീനുകൾ നന്നായി വേവിക്കുമ്പോൾ അവയിലെ വിരകൾ നശിച്ചുപോകും. ചത്ത വിരകൾ മനുഷ്യശരീരത്തിൽ എത്തിയാലും ദോഷം വരില്ല.
നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും ഏതെങ്കിലും തരത്തിലുള്ള സൂക്ഷ്‌മജീവികളോ വിരകളോ ഉണ്ടാകാം എന്നത് ഒരു പ്രകൃതിസത്യമാണ്. എന്നാൽ ശരിയായ ശുചിത്വപാലനത്തിലൂടെയും പാചകരീതികളിലൂടെയും ഇവയുടെ ഭീഷണി പൂർണമായും ഒഴിവാക്കാൻ സാധിക്കും. ഇവ പച്ചയ്‌ക്കോ പകുതി വേവിച്ചോ കഴിക്കുന്നത് അപകടമാണ്. സുഷി പോലുള്ള വിഭവങ്ങളിലൂടെ ഇവ ജീവനോടെ മനുഷ്യശരീരത്തിനുള്ളിൽ എത്തും. ഇങ്ങനെ സംഭവിച്ചാൽ ഇവ കുടലിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കും. വയറുവേദന, ഛർദി, അതിസാരം തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങൾക്ക് ഇവ കാരണമാകും. അതിനാൽ, മീൻ പിടിച്ചയുടൻ അവയുടെ കുടലുകളും ആന്തരാവയവങ്ങളും നീക്കം ചെയ്യണമെന്നാണ് ശാസ്‌ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.
ഇത്തരത്തിൽ മത്സ്യത്തിൽ നിറയെ വിരകളെ കാണുന്നത് പാരിസ്ഥിക ദോഷത്തിന്റെയോ മറ്റോ ഫലമായിട്ടാവാം എന്നാണ് പലരും കണക്കാക്കുന്നത്. എന്നാൽ, ഇത് സമുദ്ര ആവാസവ്യവസ്ഥ ആരോഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ തെളിവാണെന്നാണ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ പ്രശസ്‌ത പാരസൈറ്റോളജിസ്റ്റായ പ്രൊഫസർ ചെൽസി വുഡ് പറയുന്നത്. കാരണം, അനിസാക്കിസ് വിരകളുടെ ജീവിതചക്രം പൂർത്തിയാകണമെങ്കിൽ കടലിലെ ഭക്ഷണ ശൃംഖലയിലെ പല ജീവികളും ഒത്തുചേരണം.
സമുദ്രത്തിനുള്ളിലെ ജീവന്റെ വലിയൊരു ചക്രത്തിന്റെ ഭാഗമാണ് ഈ വിരകൾ. നിലവിൽ ഈ വിരകൾ സമുദ്രത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ടിന്നിലും അല്ലാതെയും ലഭിക്കുന്ന ചൂര മീനുകളിൽ ഇവയുടെ സാന്നിദ്ധ്യമുണ്ടാകും. അതിനാൽ, സൂക്ഷ്‌മതയോടെ ഏറെനേരം ചൂടാക്കി മാത്രം കഴിക്കാൻ ശ്രമിക്കുക.
A study found parasitic worms in 96% of examined skipjack tuna, including species from the Anisakis group. Researchers say properly cooked tuna remains safe to eat because adequate heat kills the parasites. However, consuming raw or undercooked tuna may pose health risks, making proper cooking and handling essential.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |