SignIn
Kerala Kaumudi Online
Friday, 11 September 2026 4.36 PM IST

രാത്രി കറണ്ട് പോയാലും ഇനി വിഷമിക്കേണ്ട; എസിയും ഫാനും ഇല്ലാതെ മുറി തണുപ്പിക്കാം, ഇതാ എളുപ്പവഴി

room-cooling-tips-
പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാനായി വീടുകളിൽ ഫാനുകളും എസിയും 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നത് വൈദ്യുതി ബിൽ കൂട്ടുന്നതിന് കാരണമാകും. ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങളിൽ മാറ്റം വരുത്തിയാൽ കറണ്ട് ബിൽ കൂട്ടാതെതന്നെ ചൂടിൽ നിന്ന് രക്ഷനേടാം.

ചൂട് സമയത്ത് ഫാൻ ഉപയോഗിക്കേണ്ടത് എങ്ങനെ?

വിയർത്തുവന്നാൽ ആദ്യം തന്നെ ചെയ്യുന്നത് മുറിയിലെത്തി ഫാൻ ഓൺ ചെയ്യുകയെന്നതാണ്. ഫാനുകൾ യഥാർഥത്തിൽ മുറിയിലെ താപനില കുറയ്ക്കുന്നില്ല. എന്നാൽ വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിലൂടെ ശരീരത്തിന് കൂടുതൽ തണുപ്പ് അനുഭവപ്പെടാൻ സഹായിക്കുകയാണ് ചെയ്യുന്നത്. വേനൽക്കാലത്ത് സീലിംഗ് ഫാനുകൾ എതിർഘടികാരദിശയിൽ കറങ്ങുന്ന രീതിയിൽ ക്രമീകരിക്കുക. ടേബിൾ ഫാനാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് മുന്നിൽ ഒരു പാത്രത്തിൽ ഐസോ തണുത്ത വെള്ളമോ വയ്ക്കുന്നത് എളുപ്പത്തിൽ ചൂട് കുറയ്ക്കാൻ സഹായിക്കും. താൽക്കാലികമായി തണുപ്പ് ലഭിക്കാൻ സഹായിക്കുന്ന എളുപ്പവഴിയാണിത്.

വീടിനുള്ളിൽ തന്നെയുണ്ട് 'പൊള്ളിക്കുന്ന' വസ്തുക്കൾ

ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ശ്രദ്ധിക്കാതെ തന്നെ മുറിക്കുള്ളിലെ ചൂട് വർദ്ധിപ്പിക്കാറുണ്ട്. പുറത്ത് ചൂട് ഏറ്റവും കൂടുതലുള്ള സമയങ്ങളിൽ വീടിനുള്ളിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. പാചകത്തിനിടെ ഉണ്ടാകുന്ന അധിക ചൂട് മുറിക്കുള്ളിലെ താപനില ഉയർത്താൻ കാരണമാകും. ഉപയോഗത്തിലില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്ത് വയ്ക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും. ഇൻകാൻഡസന്റ് ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നതും വീടിനുള്ളിലെ അന്തരീക്ഷത്തിലെ അമിതമായ താപനില കുറയ്ക്കും. ചെറിയ തോതിൽ ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ പോലും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുറിയിലെ മൊത്തത്തിലുള്ള താപനില ഉയരാൻ ഇടയാക്കും.

ഉപയോഗിക്കുന്ന ബെഡ്ഷീറ്റിലുമുണ്ട് കാര്യം

ഈ വേനൽക്കാലത്ത് സിന്തറ്റിക് തുണികൾക്ക് പകരം കോട്ടൺ അല്ലെങ്കിൽ ലിനൻ ബെഡ്ഷീറ്റുകളും കിടക്കവിരികളും ഉപയോഗിക്കുന്നതാണ് നല്ലത്. മുറിയിൽ വെള്ളം നിറച്ച മൺപാത്രങ്ങൾ വയ്ക്കുന്നതും സ്വാഭാവികമായി തണുപ്പ് ലഭിക്കാൻ സഹായിക്കും. വെള്ളം ബാഷ്പീകരിക്കപ്പെടുമ്പോൾ ചുറ്റുപാടുകളിൽ നിന്നുള്ള ചൂട് ആഗിരണം ചെയ്യപ്പെടുകയും അതുവഴി അന്തരീക്ഷത്തിലെ താപനില സ്വാഭാവികമായി കുറയുകയും ചെയ്യും. പഴമക്കാർ ചൂട് നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്നത് പ്രകൃതിദത്ത മാർഗങ്ങളാണ്. ജനാലകൾക്ക് സമീപം നനഞ്ഞ തുണികൾ തൂക്കിയിടുന്നത് പരമ്പരാഗത രീതിയാണ്.

English Summary

As state temperatures rise, a report offers practical methods to stay cool and reduce electricity bills. Suggestions include optimizing fan usage, avoiding indoor cooking during peak heat, and turning off unused electronics. The article also advises using energy-efficient bulbs, cotton bedsheets, and traditional cooling techniques like placing water-filled clay pots indoors for natural temperature regulation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROOM COOLING TIPS, ELECTRICITY BILL, SUMMER COOLING TIPS, AC FAN ALTERNATIVES, CURRENT BILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY