SignIn
Kerala Kaumudi Online
Saturday, 24 October 2026 5.29 PM IST

നിശബ്‌ദതയിലും കേള്‍ക്കുന്ന ശബ്‌ദം, അവഗണിക്കരുത് ചെവിക്കുള്ളിലെ മൂളലും മണിയടിയും

sound
പ്രതീകാത്മക ചിത്രം

ചുറ്റും നിശബ്ദതയാണ്. എന്നിട്ടും ചെവിക്കുള്ളില്‍ മൂളുന്നതുപോലെയോ, മണിയടിക്കുന്നതുപോലെയോ, ചിലപ്പോള്‍ ചൂളംവിളി, ചിലപ്പോള്‍ മുഴക്കം, ക്ലിക്ക് ചെയ്യുന്ന ശബ്ദം, അല്ലെങ്കില്‍ ഹൃദയമിടിപ്പിന് സമാനമായ താളത്തിലുള്ള ശബ്ദം. പുറത്തുനിന്ന് യാതൊരു ശബ്ദവും ഇല്ലാതിരിക്കുമ്പോഴും ഇത്തരത്തില്‍ ശബ്ദം അനുഭവപ്പെടുന്ന അവസ്ഥയാണ് ടിന്നിറ്റസ് (Tinnitus).

ടിന്നിറ്റസ് സ്വതന്ത്രമായൊരു രോഗമല്ല; മറിച്ച്, ശരീരത്തിലെ മറ്റൊരു പ്രശ്‌നത്തിന്റെ ലക്ഷണമാകാം. പ്രായാധിക്യം മൂലമുള്ള കേള്‍വിക്കുറവ്, അമിതമായ ശബ്ദം ഏല്‍ക്കുന്നത്, ചെവിയിലെ മെഴുക് അടിഞ്ഞുകൂടുന്നത്, അണുബാധ, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ ഇതിന് കാരണമാകാം. ചിലരില്‍ വ്യക്തമായ കാരണം കണ്ടെത്താനാകാതെയും ടിന്നിറ്റസ് ഉണ്ടാകാം. അതിനാല്‍ ചെവിക്കുള്ളില്‍ ഇടയ്ക്കിടെ ശബ്ദം കേള്‍ക്കുന്നതിനെ നിസ്സാരമായി കാണാതെ ശ്രദ്ധിക്കേണ്ടതാണ്.

പല രൂപങ്ങളില്‍ ടിന്നിറ്റസ് പ്രകടമാകാം

ഒരു ചെവിയിലോ, ഇരു ചെവികളിലോ ആയി ടിന്നിറ്റസ് അനുഭവപ്പെടാം. ചിലരില്‍ ഇത് ഇടയ്ക്കിടെ മാത്രമായിരിക്കും അനുഭവപ്പെടുക എന്നാല്‍ മറ്റുചിലരില്‍ തുടര്‍ച്ചയായും ഉണ്ടാകാം. ശബ്ദത്തിന്റെ തീവ്രതയും വ്യത്യസ്തമായിരിക്കും (ചെയ്യുന്ന പ്രവൃത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത തരത്തില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം). രോഗിക്ക് മാത്രം അനുഭവപ്പെടുന്ന ടിന്നിറ്റസിനെ സബ്ജക്ടീവ് ടിന്നിറ്റസ് എന്നും പരിശോധന നടത്തുന്ന ആരോഗ്യവിദഗ്ധനും കേള്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ളതിനെ ഒബ്ജക്ടീവ് ടിന്നിറ്റസ് എന്നും വിളിക്കുന്നു.ഹൃദയമിടിപ്പിന് സമാനമായ ശബ്ദം കേള്‍ക്കുന്നതിനെ പള്‍സറ്റൈല്‍ ടിന്നിറ്റസ് എന്നു പറയുന്നു.

എന്തൊക്കെയാണ് കാരണങ്ങള്‍?

അകത്തെ ചെവിയിലെ ശ്രവണകോശങ്ങള്‍ക്കും നാഡികള്‍ക്കും പ്രായാധിക്യം മൂലമുണ്ടാകുന്ന മാറ്റങ്ങള്‍, ദീര്‍ഘകാലം ഉയര്‍ന്ന ശബ്ദം കേള്‍ക്കുന്നത്, ഹെഡ്ഫോണ്‍ അമിതശബ്ദത്തില്‍ ഉപയോഗിക്കുന്നത് എന്നിവ പ്രധാന കാരണങ്ങളാണ്. ചെവിയിലെ മെഴുക്, ഫംഗസ്, സ്രവം അല്ലെങ്കില്‍ മറ്റേതെങ്കിലും വസ്തു മൂലമുള്ള തടസ്സങ്ങളും ടിന്നിറ്റസിന് കാരണമാകാം.

ചില മരുന്നുകളുടെ പാര്‍ശ്വഫലമായും ടിന്നിറ്റസ് ഉണ്ടാകാം. തലയ്‌ക്കോ കഴുത്തിനോ ഉണ്ടാകുന്ന പരിക്കുകള്‍, യൂസ്റ്റേഷ്യന്‍ ട്യൂബിന്റെ പ്രവര്‍ത്തനത്തിലെ തകരാറുകള്‍, മെനിയേഴ്സ് രോഗം, മൈഗ്രെയ്ന്‍, സമ്മര്‍ദം, ഉത്കണ്ഠ, താടിയെല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അപൂര്‍വമായി തലയിലെയും കഴുത്തിലെയും ചില മുഴകളും കാരണമാകാം.

ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോള്‍

ടിന്നിറ്റസ് കേള്‍വിയെ മാത്രമല്ല, ജീവിതത്തിന്റെ ഗുണനിലവാരത്തെയും ബാധിച്ചേക്കാം. തുടര്‍ച്ചയായ ശബ്ദം ഉറക്കത്തെ തടസപ്പെടുത്തുകയും ക്ഷീണം, തലവേദന, ശ്രദ്ധക്കുറവ്, ഓര്‍മപ്രശ്‌നങ്ങള്‍, ഉത്കണ്ഠ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുകയും ചെയ്യാം. ജോലിയിലും പഠനത്തിലും ഏകാഗ്രത കുറയാനും ചിലരില്‍ സാമൂഹിക ഇടപെടലുകളില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള പ്രവണത ഉണ്ടാകാനും സാധ്യതയുണ്ട്.

പരിശോധനയും പരിചരണവും

ടിന്നിറ്റസിന്റെ കാരണം കണ്ടെത്തുകയാണ് ചികിത്സയിലെ പ്രധാന ഘട്ടം. ഇഎന്‍ടി വിദഗ്ധന്‍ ചെവിയുടെ പരിശോധനയ്‌ക്കൊപ്പം കേള്‍വിപരിശോധനയും നടത്തും. ആവശ്യമായ സാഹചര്യങ്ങളില്‍ മറ്റ് പരിശോധനകളോ സ്‌കാനിംഗോ നിര്‍ദ്ദേശിച്ചേക്കാം. ചെവിയില്‍ മെഴുക്ക് അടിഞ്ഞുകൂടിയതാണ് കാരണമെങ്കില്‍ അത് നീക്കംചെയ്യുന്നതിലൂടെ തന്നെ പ്രശ്‌നം മാറാം. അണുബാധയോ, ചെവി സംബന്ധമായ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അതിനനുസരിച്ചുള്ള ചികിത്സയാണ് വേണ്ടിവരിക.

പ്രതിരോധവും, നിയന്ത്രണവും

അമിതമായ ശബ്ദം ഒഴിവാക്കുക. ശബ്ദമുള്ള സാഹചര്യങ്ങളില്‍ ആവശ്യമായ ശ്രവണസംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുക. ഹെഡ്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദനിലയും ഉപയോഗസമയവും നിയന്ത്രിക്കുക. കഫീന്‍, മദ്യം, പുകവലി എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മതിയായ ഉറക്കം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുക.

ചെവിക്കുള്ളിലെ ശബ്ദം തുടര്‍ച്ചയായി അനുഭവപ്പെടുകയോ കേള്‍വിയെ ബാധിക്കുകയോ ദൈനംദിന ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്താല്‍ സ്വയം ചികിത്സിക്കാതെ ഇഎന്‍ടി വിദഗ്ധനെ സമീപിക്കണം. ചെവിക്കുള്ളിലെ മൂളല്‍ നിസ്സാരമായി കാണേണ്ടതല്ല. കാരണം നേരത്തെ കണ്ടെത്തി ആവശ്യമായ പരിചരണം സ്വീകരിക്കുന്നത് രോഗതീവ്രത നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്.


Dr. Dhanashree A Iyengar
Junior Consultant ENT
SUT Hospital, Pattom

English Summary

Tinnitus is the perception of internal sounds like buzzing or ringing without an external source, often a symptom of underlying issues such as age-related hearing loss, excessive noise, or infections. It can significantly impact daily life by causing sleep disturbances and concentration problems. Early consultation with an ENT specialist for diagnosis and management is crucial.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TINNITUS SYMPTOMS, EAR RINGING CAUSES, RINGING IN EARS TREATMENT, ചെവിയിലെ മൂളൽ, ചെവിയിൽ മണിയടി TINNITUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE