
# മന്ത്രി കെ.മുരളീധരന്
ആരോഗ്യവകുപ്പ്
സെക്രട്ടറിയുടെ റിപ്പോർട്ട്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കും റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജിയിലേക്കുമായി വാങ്ങിക്കൂട്ടിയ 23.82 കോടിയുടെ ചികിത്സാ ഉപകരണങ്ങൾ രോഗികൾക്ക് പ്രയോജനപ്പെടുത്താതെ പാഴാക്കിയെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരനു റിപ്പോർട്ട് ലഭിച്ചു. പല ഉപകരണങ്ങളും പെട്ടിപോലും പൊട്ടിക്കാതെയാണ് കെട്ടിക്കിടക്കുന്നത്. വെന്റിലേറ്റർ, ഡയാലിസിസ് മെഷീനുകൾ, എക്സ് റേ മെഷീനുകൾ, മാമോഗ്രാം മെഷീനുകൾ എന്നിവ ഉൾപ്പെടെയാണ് ഉപയോഗശൂന്യമായത്. ഇക്കൂട്ടത്തിൽ മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്നതുൾപ്പെടെയുണ്ട്. കഴിഞ്ഞ പത്തുവർഷം ആശുപത്രി ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് അന്വേഷിച്ച ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രി കെ.മുരളീധരന് റിപ്പോർട്ട് നൽകിയത്.
കെ.എം.എസ്.സി.എൽ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ വിവരം പുറത്തുവന്നിരുന്നു. അതിൽ അന്വേഷണം നടക്കുമ്പോഴാണ് മെഡിക്കൽ ഉപകരണങ്ങളുടെ റിപ്പോർട്ട് പുറത്തുവരുന്നത്. ഉപകരണങ്ങളുടെ ആവശ്യം പെരുപ്പിച്ചുകാണിച്ച് വാങ്ങാൻ പർച്ചേസ് ഓർഡർ നൽകിയെന്നാണ് വിവരം. നല്ലൊരു തുക കമ്മിഷനായി വേണ്ടപ്പെട്ടവരുടെ പോക്കറ്റുകളിൽ എത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രികളിൽ കെട്ടിക്കിടക്കുന്ന ഉപകരണങ്ങളുടെ കാലാവധി കഴിഞ്ഞവയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂരിലും മഞ്ചേരിയിലും കണക്കിലും അവ്യക്തത
കണ്ണൂർ മെഡിക്കൽ കോളേജിൽ വാങ്ങിയ ഉപകരണങ്ങളുടെ നഷ്ടം എത്ര തുകയെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല.
ബ്ലഡ് ബാങ്കിലെ ഓട്ടോമേറ്റഡ് എൽസ യൂണിറ്റ് (രക്തദാതാവ് തന്ന രക്തം സ്ക്രീനിംഗ് ചെയ്യേണ്ട മെഷീൻ) പ്രവർത്തിക്കുന്നില്ലെന്നും ഫ്രീസറിന്റെ സാങ്കേതിക പ്രശ്നം പരിഹരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ഫണ്ട് ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ പോർട്ടബിൾ വെന്റിലേറ്ററിന്റെ തുകയും രേഖപ്പെടുത്തിയിട്ടില്ല. അവ വാറന്റി കാലാവധി കഴിഞ്ഞവയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ ആശുപത്രികളിലേക്ക് വാങ്ങിയ ഉപകരണങ്ങളെ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അന്തിമറിപ്പോർട്ട് ആകുമ്പോൾ ഭീമമായ തുകയുടെ ഉപകരണങ്ങൾ നശിച്ചെന്ന് കണ്ടെത്താനാകുമെന്നാണ് നിഗമനം. ഇതുസംബന്ധിച്ച് നേരത്തെ മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
കൂടുതൽ കൂട്ടിയിട്ടിരിക്കുന്നത്
ആലപ്പുഴയിലും കോട്ടയത്തും
(മെഡി. കോളേജുകളിലെ നഷ്ട കണക്കിന്റെ
തുക കോടിയിൽ)
തിരുവനന്തപുരം........................... 2.84
കോട്ടയം.......................................... 4.95
ആലപ്പുഴ......................................... 4.63
ഇടുക്കി............................................ 1.52
തൃശൂർ............................................. 2.52
കോഴിക്കോട്................................. 2.23
മഞ്ചേരി........................................... 1.73
വയനാട്............................................39.08 ലക്ഷം
കാസർകോട്.................................. 82.54 ലക്ഷം
ആർ.ഐ.ഒ (കണ്ണാശുപത്രി)
തിരുവനന്തപുരം......................... 2.15
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |