കൗതുകമുണർത്തുന്ന നിരവധി പ്രത്യേകതകളുള്ള സ്ഥലങ്ങളാണ് ലോകം മുഴുവനുള്ളത്. അത്തരത്തിൽ കൗതുകം നിറഞ്ഞ സ്ഥലങ്ങളിൽ ഒന്നാണ് തായ്‌ലൻഡിലെ 'കോ പന്യേ'. ഫാങ് നാ ബേ ഉൾക്കടലിലെ ശാന്തമായ കടൽപ്പരപ്പിൽ കൂറ്റൻ ചുണ്ണാമ്പുകല്ല് പാറകളാൽ ചുറ്റപ്പെട്ട ഒരു വിചിത്ര ഗ്രാമമാണ് ഇത്.
'ഫ്ലോട്ടിംഗ് വില്ലേജ്' എന്നാണ് ഇതിനെ അറിയപ്പെടുന്നത്. മണ്ണിലല്ല. മറിച്ച് വെള്ളത്തിലാണ് ഈ ഗ്രാമത്തിലെ വീടുകൾ സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്. ഫാങ് നാ ബേ ഉൾക്കടലിലെ ആഴം കുറഞ്ഞ സ്ഥലത്ത് കടൽത്തട്ടിൽ തടികൊണ്ടുള്ള തൂണുകൾ ഉറപ്പിച്ചശേഷമാണ് വീടുകളും മറ്റ് കെട്ടിടങ്ങളും പണിതിരിക്കുന്നത്.
വീടുകൾ മാത്രമല്ല കടകൾ, ഹോട്ടലുകൾ, ആശുപത്രി, പള്ളി, ഫുട്‌ബോൾ മൈതാനം വരെ ഇത്തരത്തിൽ കടലിന് മുകളിലാണ് നിർമിച്ചിരിക്കുന്നത്. ഈ ഗ്രാമത്തിന് ഏകദേശം രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട്. മത്സ്യബന്ധനത്തിനൊപ്പം വിനോദസഞ്ചാരവും ഇവിടെത്തെ ജനങ്ങളുടെ ഒരു പ്രധാന വരുമാന മാർഗമാണ്. ഗ്രാമത്തിന്റെ സവിശേഷതകൾ കേട്ടറിഞ്ഞ് നിരവധി സഞ്ചാരികളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്.
കടൽ കടന്നെത്തിയ ചില ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളികളായ കുടിയേറ്റക്കാരാണ് പണ്ട് ഈ ഗ്രാമം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. പിന്നീട് അവരുടെ കുടുംബങ്ങളും കൂടുതൽ ആളുകളും ഇവിടെ എത്തി താമസം ആരംഭിച്ചു. വിദേശികൾക്ക് പണ്ട് തായ്‌ലൻഡിൽ ഭൂമി സ്വന്തമാക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ കടലിൽ വീട് സ്ഥാപിച്ചതെന്നും പറയപ്പെടുന്നു.
Koh Panyee is a remarkable floating village in Thailand’s Phang Nga Bay, surrounded by towering limestone cliffs. Built over shallow waters on wooden stilts, the village is home to hundreds of families. Homes, shops, hotels, a hospital and even a football field are located above the sea. Fishing and tourism are the main sources of income for the local community.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |