SignIn
Kerala Kaumudi Online
Saturday, 19 September 2026 4.50 PM IST

ടാറ്റ സൺസിൽ യു.ടേൺ, ചന്ദ്രശേഖരന് അഞ്ച് വർഷം കൂടി

chandra

കൊച്ചി: ടാറ്റ ട്രസ്‌റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റയുടെ എതിർപ്പ് മറികടന്ന് ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യാനുള്ള നടപടികൾക്ക് ബോർഡ് അംഗീകാരം നൽകി. എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി എക്‌സിക്യുട്ടീവ് ചെയർമാനായി പുനർനിയമിക്കാനും ബോർഡ് തീരുമാനിച്ചു. ചന്ദ്രശേഖരന്റെ പുനർനിയമനത്തെ നാല് പേർ അനുകൂലിച്ചപ്പോൾ ടാറ്റ ട്രസ്‌റ്റ്സ് ചെയർമാൻ നോയൽ ടാറ്റ മാത്രമാണ് എതിർത്തത്.

ടാറ്റ ഗ്രൂപ്പിന്റെ ഭാവി നേതൃത്വത്തിലും ഘടനയിലും രണ്ട് തീരുമാനങ്ങളും നിർണായകമാകും. ടാറ്റ സൺസിന്റെ കൊർ ഇൻവെസ്‌റ്റ്മെന്റ് കമ്പനി(സി.ഐ.സി) രജിസ്ട്രേഷൻ ഒഴിവാക്കാനുള്ള അപേക്ഷ റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച നിരസിച്ചതോടെയാണ് ലിസ്‌റ്റിംഗ് നിർബന്ധിതമായത്. ഇതിന് പിന്നാലെ ഇന്നലെ ചേർന്ന ബോർഡ് യോഗത്തിലാണ് റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള തുടർനടപടികൾക്ക് അനുമതി നൽകിയത്.

ചന്ദ്രശേഖരന് മൂന്നാം ഊഴം

അടുത്ത വർഷം ഫെബ്രുവരി 20ന് നിലവിലെ കാലാവധി അവസാനിക്കുന്നതോടെ ചന്ദ്രശേഖരന് അഞ്ച് വർഷം മൂന്നാം ഊഴം ലഭിക്കും. 2017ലാണ് അദ്ദേഹം ടാറ്റ സൺസ് ചെയർമാനായത്. ബോർഡിലെ ഭിന്നാഭിപ്രായം കണക്കിലെടുത്ത് പുനർനിയമത്തിന് പരിഗണിക്കേണ്ടെന്ന് ആഗസ്‌റ്റ് 12ന് ചന്ദ്രശേഖരൻ അറിയിച്ചിരുന്നു.

നിയമവിരുദ്ധമെന്ന് നാേയൽ ടാറ്റ

എൻ.ചന്ദ്രശേഖരനെ ടാറ്റ സൺസിന്റെ ചെയർമാനായി നിയമിക്കാനുള്ള തീരുമാനം അപക്വവും നിയമവിരുദ്ധവുമാണെന്ന് നോയൽ ടാറ്റ ആരോപിച്ചു. പെയർമാൻ പദവിയിൽ തുടരാനില്ലെന്ന് ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയതും ടാറ്റ ട്രസ്‌റ്റ്‌സ് തീരുമാനം അംഗീകരിച്ചതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദവി ഒഴിയാനുള്ള തീരുമാനം ചന്ദ്രശേഖരൻ സ്വമേധയാ എടുത്തതാണെന്നും നോയൽ ടാറ്റ പ്രസ്താവനയിൽ പറഞ്ഞു. ബോർഡിന്റെ തീരുമാനത്തിന് എതിരെ നോയൽ കോടതിയെ സമീപിക്കുമെന്നും വാർത്തകളുണ്ട്.

66 ശതമാനം ഓഹരികൾ ടാറ്റ ട്രസ്‌റ്റ്‌സിന്

ടാറ്റ സൺസിൽ 66 ശതമാനത്തിനടുത്ത് ഓഹരികൾ ടാറ്റ ട്രസ്‌റ്റ്‌സിന്റെ കൈവശമാണ്. എന്നാൽ ട്രസ്‌റ്റ്‌സിന്റെ ചെയർമാൻ നോയൽ ടാറ്റയുടെ എതിർപ്പ് മറികടന്നാണ് ചന്ദ്രശേഖരന് പുനർനിയമനം നൽകാനും ഓഹരികൾ ലിസ്‌റ്റ് ചെയ്യാനും തീരുമാനിച്ചത്. കമ്പനിയിൽ 18.4 ശതമാനം ഓഹരികളുള്ള ഷപൂർജി പല്ലോൻജി ഗ്രൂപ്പ് ലിസ്‌റ്റിംഗിന് അനുകൂലമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA SONS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360