വർഷങ്ങളായി ആശുപത്രി വരാന്തകളും ചികിത്സയുടെ വേദനയും മാത്രം പരിചിതമായിരുന്ന ഒരു കുഞ്ഞുപോരാളിക്ക് ഒടുവിൽ ആകാശത്തേക്ക് പറക്കാനുള്ള അവസരം ലഭിച്ചു. അതൊരു സാധാരണ വിമാനയാത്രയായിരുന്നില്ല. ഒരു ദിവസം മുഴുവൻ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമായാണ് അവൾ യാത്ര ചെയ്‌തത്.
12കാരിയായ ട്രിഷ ഒങിന്റെ ഏറെക്കാലമായുള്ള സ്വപ്‌നമായിരുന്നു എയർഹോസ്റ്റസ് ആവുകയെന്നത്. ഗുരുതരമായ വൃക്കരോഗം ചെറുപ്രായത്തിൽ തന്നെ അവളുടെ ജീവിതത്തിൽ വിലങ്ങുതടിയായെങ്കിലും എയർഹോസ്റ്റസ് ആവുകയെന്ന സ്വപ്‌നം അവൾ കൈവിട്ടില്ല. മേക്ക്-എ-വിഷ് ഓസ്‌ട്രേലിയ എന്ന സംഘടനയുടെയും ക്വാണ്ടാസ് എയർലൈൻസിന്റെയും സഹായത്തോടെയാണ് ഒടുവിൽ ആ ആഗ്രഹം സാക്ഷാത്‌ക്കരിച്ചത്. ഗുരുതരമായ രോഗങ്ങളോട് പൊരുതുന്ന കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്ന സംഘടനയാണ് മേക്ക്-എ-വിഷ്.
ട്രിഷയ്‌ക്ക് വെറും നാല് വയസുള്ളപ്പോഴാണ് ഗുരുതരമായ വൃക്കരോഗം കണ്ടെത്തിയത്. പിന്നീട് ആശുപത്രിവാസവും ചികിത്സകളും അവളുടെ ബാല്യത്തിന്റെ കൂടുതൽ സമയവും കവർന്നെടുത്തു. ഈ പ്രായത്തിനിടയിൽ ഒരുപാട് വേദനകളിലൂടെ ഈ 12കാരി കടന്നുപോകേണ്ടി വന്നു. അടുത്തിടെ നടത്തിയ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയോടെ ട്രിഷയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അതിന് പിന്നാലെയാണ് ഏറെക്കാലമായി മനസിൽ സൂക്ഷിച്ചിരുന്ന സ്വപ്‌നത്തിലേക്ക് അവൾ പറന്നുയർന്നത്.
ട്രിഷയ്‌ക്കായി പ്രത്യേകം യൂണിഫോം ഉൾപ്പടെ ക്വാണ്ടാസ് എയർലൈൻസ് ഒരുക്കിയിരുന്നു. യഥാർത്ഥ ക്യാബിൻ അംഗങ്ങൾക്കൊപ്പം പരിശീലനവും നൽകിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ പഠിപ്പിച്ചു. യാത്രക്കാരെ സ്വാഗതം ചെയ്‌തു, സുരക്ഷാ നിർദേശങ്ങൾ അറിയിച്ചു, വിമാനത്തിനുള്ളിൽ ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യാനും ട്രിഷ മുന്നിൽനിന്നു. ഒരു ദിവസത്തേയ്‌ക്കുള്ള യാത്രയായിരുന്നെങ്കിലും തന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലായിരുന്നു ആ കൊച്ചുമിടുക്കി. രോഗത്തോട് പോരാടി ജയിച്ച ട്രിഷയുടെ ധൈര്യവും പോസിറ്റീവ് മനോഭാവവും തങ്ങളെ ഏറെ പ്രചോദിപ്പിച്ചെന്ന് ക്വാണ്ടസ് എയർലൈൻസ് കുറിച്ചു.
12-year-old Trisha Ong, a kidney disease survivor, fulfilled her dream of becoming a flight attendant with Qantas and Make-A-Wish Australia.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |