കൊച്ചി: 15 വയസുകാരനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15കാരനെയാണ് പ്രതികൾ ഉപദ്രവിച്ചത്. സംഭവത്തിൽ കാക്കനാട് വികാസവാണി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ മുൻസിർ (21) ആലുവ മുച്ചംകുളം ചിറമേൽ പറമ്പിൽ വീട്ടിൽ ഷാജഹാൻ ( 23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാളും 15 വയസുകാരന്റെ സുഹൃത്തും തമ്മിൽ ശത്രുതയിലായിരുന്നു എന്നാണ് വിവരം.
15കാരന്റെ സുഹൃത്തിനെ തിരക്കിയാണ് പ്രതികൾ വീട്ടിൽ എത്തിയത്. തുടർന്ന് കുട്ടിയെ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബ്ലേഡ് കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ പ്രതികൾ ചെയ്തു. തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി അമ്മ ആലുവ പൊലീസിൽ എത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസ് ഇടപെടൽ അറിഞ്ഞതോടെ പ്രതികൾ 15കാരനെ കളങ്ങരപ്പടിയിലെ ബസ് സ്റ്റോപ്പിന് സമീപം ഇറക്കിവിടുകയായിരുന്നു.
പ്രതികൾ നിരവധി കേസിൽ ഉൾപ്പെട്ടവരാണ് എന്ന് മനസ്സിലാക്കിയ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം ഊർജിതമാക്കിയത്. ശനിയാഴ്ച രാത്രി പള്ളിക്കരയിലെ പമ്പിൽ വാഹനത്തിന് പെട്രോൾ അടിക്കാനെത്തിയ അക്രമിസംഘത്തിലെ രണ്ടു പേരെ പൊലീസ് വളഞ്ഞു. ചെറുത്തുനിന്ന പ്രതികൾ പൊലീസിനെതിരെ കത്തി വീശി. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റെങ്കിലും പിന്മാറാതെ സാഹസികമായി പിടികൂടുകയായിരുന്നു.
ഒന്നാംപ്രതി 10 കേസുകളിലും രണ്ടാം പ്രതി 6 കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ ബെന്നി കുര്യാക്കോസ്, സുരേഷ് കുമാർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, കെ.എം. മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |