SignIn
Kerala Kaumudi Online
Tuesday, 09 June 2026 6.36 PM IST

സ്‌കൂളിലേക്ക് പോകുന്നതിന് മുൻപ് ഒരാഗ്രഹം; അങ്കണവാടിയിലെ ടീച്ചർമാർക്ക് കുഞ്ഞ് സമ്മാനം, വൈറലായി വീഡിയോ

viral-video

പുതിയ അദ്ധ്യയനവർഷത്തിൽ സ്‌കൂളിലേക്ക് ആദ്യമായി ചുവട് വയ്‌ക്കുന്ന കുഞ്ഞുങ്ങളുടെ ചിണുക്കങ്ങളും കുസൃതിച്ചിരികളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സ്‌കൂളിലേക്കെത്തുന്നതിന് മുൻപ് അവരുടെ കളിയും ചിരിയും നിറഞ്ഞുനിന്നത് അംഗണവാടികളിലാണ്. ഉറക്കെപ്പാടിയും ഒരുമിച്ച് കളിച്ചും അവർക്കൊപ്പം നിൽക്കുന്നവരാണ് അംഗണവാടി ടീച്ചർമാർ. ഇപ്പോഴിതാ, സ്‌കൂളിലേക്ക് പോകുന്നതിന് മുൻപായി തന്റെ അങ്കണവാടി ടീച്ചർമാർക്ക് സ്‌നേഹ സമ്മാനം നൽകുന്ന ഒരു കുരുന്നിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അങ്കണവാടിയിലെ തന്റെ അവസാനദിനത്തിൽ ടീച്ചർമാർക്ക് സമ്മാനം വാങ്ങിനൽകണമെന്ന് പറഞ്ഞ് അച്ഛനെ സമീപിക്കുകയാണ് പൊന്നൻ എന്ന് വിളിപ്പേരുള്ള കൊച്ചുമിടുക്കി. എന്തിനാണ് സമ്മാനം നൽകുന്നതെന്ന് ചോദിക്കുമ്പോഴാണ് അവൾ കാരണം വിശദീകരിക്കുന്നത്.

'അപ്പേ, നാളെ അങ്കണവാടിയിലെ ലാസ്റ്റ് ഡേ അല്ലേ, പിന്നെ ഞാൻ സ്‌കൂളിൽ പോകുവല്ലേ. ടീച്ചറിന് ഒരു ഗിഫ്‌റ്റ് വാങ്ങിക്കൊടുത്താലോ? പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോ കരയുമ്പോ മാനം കാട്ടിത്തരും, ടീച്ചർ പലഹാരം തരും, ചോറ് വാരിത്തരും. എപ്പഴും എന്നെ എടുത്തോണ്ട് നടക്കും. വീട്ടിൽ കൊണ്ട് വിടാൻ പറയുമ്പോ വീട്ടിൽ കൊണ്ടുവിടും. അപ്പോ നമുക്ക് സമ്മാനം വാങ്ങിക്കൊടുത്താലോ?' - പൊന്നൻ അച്ഛനോട് ചോദിച്ചു.

മകളുടെ ആഗ്രഹത്തിന് സമ്മതം മൂളിയ അച്ഛൻ അവളെയുംകൂട്ടി ടീച്ചർമാർക്ക് വസ്‌ത്രം വാങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ടീച്ചർമാരോട് പോയി സമ്മാനം വാങ്ങിയ കാര്യം പറഞ്ഞ് സർപ്രൈസ് പൊളിക്കരുതെന്ന് പറയുമ്പോൾ തനിക്കെന്താ ബുദ്ധിയില്ലെ എന്നാണ് അവൾ ചോദിക്കുന്നത്. ട്രോഫികൾ ഉൾപ്പടെ സമ്മാനിച്ച് ചെറിയ ആഘോഷ പരിപാടികളോടെയാണ് അങ്കണവാടിയിൽ കുട്ടികൾക്കുള്ള യാത്രയയപ്പ് ഒരുക്കിയത്. പുതിയ കുട്ടികൾക്കായുള്ള പ്രവേശനോത്സവവും അതിനൊപ്പം നടക്കുന്നുണ്ട്. പരിപാടിയെല്ലാം കഴിഞ്ഞതിനു ശേഷം രണ്ട് ടീച്ചർമാരുടെയും അടുത്ത് പോയി അവൾ സമ്മാനം നൽകുകയായിരുന്നു. ഒരുമ്മ തന്നോട്ടെയെന്ന് ചോദിച്ച് ടീച്ചർമാരെ ചുംബിക്കാനും അവൾ മറന്നില്ല.

വലിയ അഭിനന്ദനങ്ങളോടെയാണ് സോഷ്യൽ മീഡ‌ിയ വീഡിയോ ഏറ്റെടുത്തത്. സ്‌കൂളിലേക്ക് പോകുന്നതിന്റെ ആവേശത്തിനിടയിലും അങ്കണവാടി ടീച്ചർമാരെ മറക്കാത്ത കുട്ടിക്ക് എന്നും ഐശ്വര്യങ്ങളുണ്ടാകട്ടെയെന്നാണ് പലരും ആശംസിക്കുന്നത്.

A post shared by ✨പൊന്നൻ✨🌸 (@minerva.jose_mivaniah)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KIDS, KID, GIFT, TEACHERS, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY