മയാമി: അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ലോകകപ്പ് ഫുട്ബോളിലെ പുതിയ ഹീറോയായി മാറിയിരിക്കുകയാണ് കേപ് വെർദേയുടെ നാല്പതുകാരനായ ഗോൾകീപ്പർ വൊസീഞ്ഞ. ഇപ്പോഴിതാ ഇന്നലെ നടന്ന അർജന്റീന- കേപ് വെർദേ മത്സരത്തിന് തൊട്ടുമുൻപ് വൊസീഞ്ഞയുടെ പിതാവുമായുള്ള ഒരു മാദ്ധ്യമപ്രവർത്തകന്റെ അപ്രതീക്ഷിത അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മയാമി സ്റ്റേഡിയത്തിന് മുന്നിൽ കേപ് വെർദേയുടെ പതാക പുതച്ചെത്തിയ ആളോട് ബ്രസീലിയൻ ടിവി റിപ്പോർട്ടർ മത്സരത്തിൽ എന്തു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കുന്നു. ഫലമെന്തായാലും ഞങ്ങൾക്ക് നല്ലതു തന്നെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വൊസീഞ്ഞ പെനാൽറ്റികൾ തടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്നായിരുന്നു റിപ്പോർട്ടറുടെ അടുത്ത ചോദ്യം. ‘ഉണ്ട്’ എന്നായിരുന്നു മറുപടി. അങ്ങനെ തോന്നാൻ കാരണം എന്തെന്ന് ചോദിച്ചപ്പോഴാണ് ‘അവൻ എന്റെ മകനാണ്’ എന്ന് അദ്ദേഹം തുറന്നുപറഞ്ഞത്. മറുപടി കേട്ട് റിപ്പോർട്ടർ ഒരു നിമിഷം അമ്പരന്നുപോയതും ദൃശ്യങ്ങളിൽ കാണാം.
'ഞാൻ മാറ്റാരെക്കാളും അവനെ ഓർത്ത് അഭിമാനിക്കുന്നു. ഇത് അത്ഭുതമാണ്. അതല്ലാതെ മത്സരത്തെ വിശേഷിപ്പിക്കാൻ മറ്റുവാക്കുകളില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹംകൊണ്ടാണ്'- പിതാവ് പറഞ്ഞു. സ്റ്റേഡിയത്തിന് പുറത്തുവച്ച് ഒരു സാധാരണ കേപ് വെർദേ ആരാധകനാണെന്ന് കരുതിയാണ് മാദ്ധ്യമപ്രവർത്തകൻ വൊസീഞ്ഞയുടെ കഴിവിനെ കുറിച്ച് പിതാവ് ഹോസെ പെദ്രോ ഡയസിനോട് ചോദിച്ചത്. എന്തായാലും ഈ അപ്രതീക്ഷിത അഭിമുഖത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇന്നലെ നടന്ന പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ മുൾമുനയിൽ നിർത്തിയ പ്രകടത്തിന് ശേഷമാണ് കേപ് വെർദേ 3-2 ന് കീഴടങ്ങിയത്. എന്നാൽ കളിക്കളത്തിൽ ഇതിഹാസ താരം ലയണൽ മെസിയുടെ തകർപ്പൻ ഫ്രീകിക്ക് അടക്കം എട്ടോളം നിർണായകമായ സേവുകളുമായി പ്രതിരോധംതീർത്ത വൊസീഞ്ഞ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ മനസിൽ ഇടം നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനെതിരെ ഏഴ് തകർപ്പൻ സേവുകൾ നടത്തി 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം നേടിയതോടെയാണ് വൊസീഞ്ഞയും കേപ് വെർദേയും ആദ്യമായി ലോകശ്രദ്ധനേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |