ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വനിത സ്കൂട്ടർ യാത്രക്കാരെ മനഃപൂർവ്വം വാഹനം ഇടിച്ച് വീഴ്ത്തി വീഡിയോ ചിത്രീകരിച്ച യൂട്യൂബർ പിടിയിൽ. "റോഡ് സേഫ്റ്റി വാല" എന്ന യൂട്യൂബ് ചാനൽ ഉടമയായ മുപ്പത്തിരണ്ടുകാരൻ ഗുർമാൻ സിംഗാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്.
പരിക്കേറ്റവരുടെ പിതാവ് ജൂൺ 2ന് പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തന്റെ രണ്ട് പെൺമക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ രണ്ട് അപരിചിതർ മനഃപൂർവ്വം പിന്നിൽ വന്ന് ഇടിച്ചതായും തുടർന്ന് അവരെ പിന്തുടർന്നതായും പരാതിയിൽ പറയുന്നു. ദിവസങ്ങൾക്ക് ശേഷം ഈ സംഭവത്തിന്റെ വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ സമാനമായ രീതിയിലുള്ള നിരവധി വീഡിയോകൾ പൊലീസിന് ലഭിച്ചു.
റോഡിലൂടെ സ്ഥിരമായി പോകുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ആദ്യം നോക്കിവയ്ക്കും. പിന്നീട് അവരുടെ വാഹനങ്ങളിൽ മനഃപൂർവ്വം ഇടിക്കും. സംശയം തോന്നാതിരിക്കാൻ ഉടൻ തന്നെ "സോറി സഹോദരി" എന്ന് പറഞ്ഞ് മാപ്പ് ചോദിക്കും. എന്നാൽ ഈ സമയം ദൃശ്യങ്ങളെല്ലാം രഹസ്യമായി ക്യാമറയിൽ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതുമാണ് ഇയാളുടെ രീതിയെന്ന പൊലീസ് വ്യക്തമാക്കി. വൈറലാകാനും യൂട്യൂബ് വരുമാനം വർദ്ധിപ്പിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |