ന്യൂഡൽഹി: പൊലീസുകാരെ മറികടന്ന് ബാരിക്കേഡുകൾക്കിടയിലൂടെ എസ്.എഫ്.ഐ പതാകയേന്തി ഓടിയ പാലക്കാട് മങ്കരയിലെ പെൺകുട്ടി സമൂഹമാദ്ധ്യമങ്ങളിൽ താരമാവുകയാണ്. ഡൽഹി സർവകലാശാലക്ക് കീഴിലെ ഹൻസ്രാജ് കോളജ് വിദ്യാർത്ഥി പി. പവിത്രയാണ് ഡൽഹി സമരത്തിന്റെ മുഖചിത്രമായി മാറിയത്.
ജന്ദർമന്ദറിലെത്തി പ്രതിഷേധിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മനസിലെന്ന് പവിത്ര കേരള കൗമുദിയോട് പറഞ്ഞു. ജനാധിപത്യവും പൗരന്റെ വോട്ടവകാശവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പിന്നോട്ടില്ല. മൂന്നാംവർഷ നരവംശശാസ്ത്ര വിദ്യാർഥിനിയായ പവിത്ര വിദ്യാർഥി രാഷ്ട്രീയത്തിലും സജീവമാണ്. പാലക്കാട് മങ്കര കാരാട്ടിൽ വീട്ടിൽ പരേതനായ പ്രകാശന്റെയും മങ്കര സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ടന്റായ ബിന്ദുവിന്റെയും മകളാണ്. ജ്യേഷ്‌ഠൻ പ്രഭാത് ഡൽഹി സർവകലാശാലയിലെ പൂർവവിദ്യാർത്ഥിയാണ്.
എ.കെ.ജി ഭവനിൽനിന്ന് ജന്തർമന്ദറിലേക്ക് മാർച്ച് നടത്താനായിരുന്നു പദ്ധതി. മാർച്ച് ആകാശവാണി ഭവനു മുന്നിലെത്തിയപ്പോൾ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്നവരെ കസ്റ്റഡിയിലെടുത്തു. ട്രാഫിക് സിഗ്നലിൽ നിർത്തിയപ്പോൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ജന്തർമന്ദർ ഭാഗത്തേക്ക് ഓടുകയായിരുന്നു.
ജന്തർമന്ദറിലെത്തി പ്രതിഷേധിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസിൽ. തളർന്നുപോകില്ല, കീഴടങ്ങില്ല എന്ന ദൃഢനിശ്ചയമുണ്ട്. നേതൃത്വം പകർന്നുതന്ന ആത്മവിശ്വാസം കരുത്തായി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾപോലും തെരുവിലിറങ്ങി സമരം ചെയ്യമ്പോൾ ഞങ്ങളും എന്തെങ്കിലും ചെയ്യണമല്ലോ. അതൊക്കെയാണ് ഊർജമായത്.
ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷേ, മാദ്ധ്യമ ശ്രദ്ധ കൂടുതൽ പ്രചോദനമാണ്. കൂടുതൽ പോരാട്ടങ്ങൾ നടത്താനുള്ള കരുത്തും ഇത് നൽകുന്നു.
സൈബർ അധിക്ഷേപം നടക്കുന്നതായി സുഹൃത്തുക്കൾ പറയുന്നുണ്ട്. എന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നല്ല പ്രതികരണങ്ങളാണ് കൂടുതലും കണ്ടത്. അനീതിക്കെതിരായ പോരാട്ടമാകുമ്പോൾ എതിർക്കുന്നവരുമുണ്ടാകും.
അതിൽ സംശയമില്ല. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. ആ അവകാശം അട്ടിമറിക്കുകയാണ്. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരും.
P. Pavithra, a third-year anthropology student at Delhi University’s Hansraj College from Mankara, Palakkad, has become a social media sensation after running past police barricades during an SFI protest in Delhi. She said her goal was to reach Jantar Mantar to defend democracy and voting rights, adding that she would continue protesting until Gyanesh Kumar resigns.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |