അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ വളർത്താവുന്ന പച്ചക്കറികളിൽ ഒന്നാണ് കോവൽ. വലിയ പരിചരണമോ അധിക സ്ഥലമോ ആവശ്യമില്ലെന്നതാണ് പ്രത്യേകത. വീട്ടുമുറ്റത്തും ടെറസിലും ഗ്രോബാഗിലുമെല്ലാം കോവൽ വളർത്താം. നല്ല സൂര്യപ്രകാശവും നീർവാർച്ചയുള്ള മണ്ണും ലഭിച്ചാൽ ചെടി നന്നായി വളരും.
ആരോഗ്യമുള്ള കോവലിന്റെ തണ്ടുകൾ മുറിച്ചുനടുന്നതാണ് എളുപ്പം. നല്ല വിളവ് തരുന്ന ചെടിയിൽ നിന്ന് 30 മുതൽ 40 സെന്റിമീറ്റർ വരെ നീളമുള്ളതും മൂന്ന്–നാല് മുട്ടുകളുള്ളതുമായ തണ്ടുകൾ മുറിച്ചെടുത്താണ് നടേണ്ടത്. തണ്ടുകൾ നടുന്നതിന് ഗ്രോബാഗോ വലിയ ചട്ടിയോ ഉപയോഗിക്കാം. വെള്ളം കെട്ടിനിൽക്കാത്ത തരത്തിൽ അടിയിൽ ദ്വാരങ്ങളുണ്ടെന്ന് ഉറപ്പാക്കണം.മേൽമണ്ണിനൊപ്പം നന്നായി അഴുകിയ ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ ചേർത്ത് മണ്ണ് തയ്യാറാക്കാം.
തയ്യാറാക്കിയ മണ്ണിൽ തണ്ടിന്റെ രണ്ട് മുട്ടുകളെങ്കിലും മണ്ണിനടിയിൽ വരുന്ന രീതിയിൽ നടാം. നട്ടശേഷം നന്നായി നനയ്ക്കണം. മണ്ണിൽ ആവശ്യത്തിന് ഈർപ്പം നിലനിർത്തണം. എന്നാൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. കോവൽ വള്ളിച്ചെടിയായതിനാൽ വളരാൻ പന്തൽ അല്ലെങ്കിൽ താങ്ങ് നിർബന്ധമാണ്. മുളങ്കമ്പുകൾ, കയർ എന്നിവഉപയോഗിച്ച് ചെറിയ പന്തൽ വീട്ടിൽ തന്നെ ഒരുക്കാം. ടെറസിലാണെങ്കിൽ അനുയോജ്യമായ താങ്ങൊരുക്കി വള്ളികൾ അതിലേക്ക് പടർത്താം.
ദിവസവും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കോവൽ കൃഷിക്ക് അനുയോജ്യം. മണ്ണ് ഉണങ്ങിപ്പോകാതെ ആവശ്യത്തിന് വെള്ളം നൽകണം. പ്രത്യേകിച്ച് ചൂടുകാലത്ത് നനവ് ശ്രദ്ധിക്കണം. ജൈവവളങ്ങൾ ഇടയ്ക്കിടെ നൽകുന്നതും ചെടിയുടെ വളർച്ചയ്ക്ക് സഹായിക്കും.
വള്ളി അമിതമായി പടർന്ന് പിടിക്കുമ്പോൾ ആവശ്യമായ രീതിയിൽ കൊമ്പുകൾ വെട്ടി ക്രമപ്പെടുത്താം. പഴയതും രോഗബാധിതവുമായ കൊമ്പുകൾ നീക്കം ചെയ്യുന്നതും ചെടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്. ശരിയായ രീതിയിൽ പരിചരിച്ചാൽ കോവൽ ചെടി വർഷങ്ങളോളം നിലനിർത്താനും കഴിയും.
നട്ടുപിടിപ്പിച്ച ശേഷം ഏകദേശം മൂന്നുമാസത്തിനുള്ളിൽ കോവയ്ക്ക കായ്ക്കാൻ തുടങ്ങും. ഇളം കോവയ്ക്കകൾ മൂപ്പെത്തുന്നതിന് മുമ്പ് പറിച്ചെടുക്കുന്നതാണ് നല്ലത്. കൃത്യമായി വിളവെടുത്തുകൊണ്ടിരിക്കുന്നത് പുതിയ കായ്കൾ ഉണ്ടാകുന്നതിനും സഹായിക്കും.
Ivy gourd is one of the easiest vegetables to grow at home, requiring little space and maintenance. Healthy vine cuttings with three to four nodes can be planted in grow bags or pots with well-drained soil. Adequate sunlight, regular watering, organic manure and proper support help the plant thrive. It can start producing fruits within three months and continue for years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |