SignIn
Kerala Kaumudi Online
Friday, 09 October 2026 2.40 PM IST

ഏറ്റവും പ്രിയപ്പെട്ട ഒരാൾ നഷ്‌ടപ്പെട്ട വ്യക്തിയെ ആശ്വസിപ്പിക്കാൻ പ്രായോഗികമായ വഴി എന്തെന്നറിയുമോ?

caring-a-person
പ്രതീകാത്മക ചിത്രം

ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന പ്രമേയം 'ജീവിത അനുഭവങ്ങൾ കേൾക്കുക: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റങ്ങൾ' എന്നതാണ്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും താൽക്കാലികമായ വൈകാരിക ആശ്വാസങ്ങളിലോ അലങ്കാര വാക്കുകളിലോ ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ, കേവലമായ സഹതാപത്തിനപ്പുറം യാഥാർഥ്യബോധത്തോടെയും യുക്തിസഹമായും ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്. ആധുനിക സമൂഹത്തിൽ യഥാർത്ഥ സത്യസന്ധരായ അനുഭവസ്ഥരുടെ ശബ്ദങ്ങൾ തിരിച്ചറിയപ്പെടുകയും അത് പ്രായോഗിക മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും വേണം.

വികാരങ്ങൾക്ക് അടിപ്പെടാതെ, തിരിച്ചടികളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന വിവേകമാണ് ദീർഘകാലാടിസ്ഥാനത്തിൽ ഒരു വ്യക്തിയെയും സമൂഹത്തെയും സുസ്ഥിരമായ മാനസികാരോഗ്യത്തിലേക്ക് നയിക്കുന്നത്.

അനുഭവത്തിന്റെ ആഴവും പരിമിതികളുള്ള സഹതാപവും

ഒരു വലിയ നഷ്ടമോ പ്രതിസന്ധിയോ നേരിടുന്ന ഒരാളെ സാധാരണ സാന്ത്വനവാക്കുകൾ കൊണ്ട് മാത്രം ആശ്വസിപ്പിക്കാൻ കഴിയില്ല. ഉദാഹരണത്തിന്, സ്വന്തം പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട വ്യക്തിയുടെ അവസ്ഥയെ പുറത്തുനിന്ന് നോക്കിക്കാണുന്ന ഒരാൾക്ക് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയില്ല. അവിടെ ചുറ്റുമുള്ളവരുടെ സഹതാപത്തിന് പരിമിതികളുണ്ട്. സമാനമായ വഴിയിലൂടെ നടന്നുപോയ ഒരാൾക്ക് മാത്രമേ ആ വേദനയുടെ ആഴവും അതിൽ നിന്നുള്ള തിരിച്ചുവരവിന്റെ പ്രായോഗിക വഴികളും മനസ്സിലാകൂ.

ബുദ്ധിപരമായ ഉപദേശങ്ങളോടൊപ്പം, സമാനാനുഭവം നേരിട്ട വ്യക്തിയുടെ സാന്നിധ്യമാണ് പ്രതിസന്ധിയിലായ ഒരാൾക്ക് ഏറ്റവും ശക്തമായ പിന്തുണ നൽകുന്നത്. 'ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്, അതിനെ അതിജീവിച്ചിട്ടുണ്ട്' എന്നൊരു അനുഭവസ്ഥന്റെ പങ്കുവെക്കൽ നൽകുന്ന ആത്മവിശ്വാസം മറ്റൊന്നിനും നൽകാൻ കഴിയില്ല.

വികാരമല്ല, വിവേകമാണ് പ്രധാനം

യാഥാർഥ്യത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെയും വികാരത്തിലൂടെയും മാത്രം മനസ്സിലാക്കാൻ ശ്രമിക്കുന്നതും അത്തരത്തിൽ ഇടപെടുന്നതും അപൂർണമായ ബോദ്ധ്യമേ ജീവിതത്തെ കുറിച്ചും ലോകത്തെ കുറിച്ചും ഉണ്ടാകു. ആയതിനാൽ ആഴമേറിയ യുക്തിപരമായ വിമർശന ചിന്തയും വിവേകവും വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. കേവലം വികാരപരമായ ഇടപെടലുകൾ താൽക്കാലിക സാന്ത്വനം മാത്രമേ നൽകൂ. അത് വഴി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കില്ല. മാനസിക പ്രതിസന്ധികളെ നേരിടാൻ ആവശ്യമുള്ളത് യുക്തിസഹമായ തിരിച്ചറിവും ഘടനാപരമായ പ്രായോഗിക സമീപനവുമാണ്.

ഒരു പ്രശ്നത്തിൽ തളർന്നുനിൽക്കുമ്പോൾ നൽകുന്ന വൈകാരിക പ്രോത്സാഹനത്തേക്കാൾ, ആ അവസ്ഥയെ എങ്ങനെ യുക്തിപൂർവ്വം നേരിടാം എന്ന ചിന്തയാണ് പ്രധാനം. ഇവിടെയാണ് അനുഭവത്തിൽ നിന്ന് പഠിച്ച വിവേകത്തിന്റെ പ്രാധാന്യം. കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയവർ നേടിയെടുത്ത ഉൾക്കാഴ്ച അടുത്ത തലമുറയ്‌ക്കോ സഹജീവികൾക്കോ വലിയൊരു വഴികാട്ടിയാകും. അത്തരം വിവേകമാണ് ശരിയായ തീരുമാനങ്ങളെടുക്കാനും പ്രതിരോധശേഷി വളർത്താനും മനുഷ്യനെ പ്രാപ്തനാക്കുന്നത്.

പ്രായോഗിക ഘടനയും സമാനമനസ്‌കരുടെ പിന്തുണയും (Peer Support)

ഈ ആശയത്തെ യാഥാർഥ്യമാക്കാൻ പ്രായോഗികമായ സംവിധാനങ്ങൾ അനിവാര്യമാണ്. കേവലമായ സൗഹൃദ സംഭാഷണങ്ങൾക്കപ്പുറം, സമാന അനുഭവങ്ങളുള്ള ആളുകളെ കൂട്ടിയോജിപ്പിക്കുന്ന 'പിയർ സപ്പോർട്ട്' (Peer Support) കൂട്ടായ്മകൾ സ്ഥാപനവൽക്കരിക്കപ്പെടണം.

1. അനുഭവക്കൂട്ടായ്മകൾ: സമാന പ്രതിസന്ധികൾ അനുഭവിച്ചവർക്ക് സുരക്ഷിതമായി പരസ്പരം കാര്യങ്ങൾ പങ്കുവെക്കാനും പ്രായോഗിക പരിഹാരങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദികൾ ഒരുക്കുക.
2. ദീർഘകാല വീക്ഷണം: താൽക്കാലിക ആശ്വാസത്തിന് മുൻഗണന നൽകാതെ, ദൈനംദിന ജീവിതത്തിൽ സ്വാശ്രയത്വവും മാനസിക കരുത്തും വീണ്ടെടുക്കാനുള്ള ഘട്ടങ്ങൾ നിശ്ചയിക്കുക.
3. ലക്ഷ്യബോധമുള്ള മാർഗ്ഗനിർദ്ദേശം: ഒരു പ്രതിസന്ധി നേരിടുമ്പോൾ എങ്ങനെ ശാന്തമായി ചിന്തിക്കണം, എവിടെ നിന്ന് ശരിയായ പ്രൊഫഷണൽ സഹായം തേടണം തുടങ്ങിയ കാര്യങ്ങളിൽ മുമ്പ് അത് നേരിട്ടവർ വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുക.

മാനസികാരോഗ്യം എന്നത് കേവലം അമൂർത്തമായ ഒരു സങ്കൽപ്പമല്ല, മറിച്ച് അനുദിന ജീവിതത്തിൽ പരിശീലിക്കേണ്ട കരുത്താണ്. അനുഭവങ്ങളിലൂടെ ആർജ്ജിച്ച വിവേകം ശരിയായ രീതിയിൽ നയിക്കപ്പെടുമ്പോൾ അത് വലിയ ഫലങ്ങൾ നൽകും. അനുഭവസ്ഥരുടെ ശബ്ദങ്ങൾ തിരിച്ചറിയപ്പെടുകയും, വൈകാരികതയ്ക്ക് പകരം യുക്തിയും യാഥാർഥ്യബോധവും അടിസ്ഥാനമാക്കി പ്രായോഗിക പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ സമൂഹത്തിൽ യഥാർത്ഥ മാറ്റങ്ങൾ സാധ്യമാകൂ.

Nithin A.F.
Consultant Psychologist
SUT Hospital, Pattom

English Summary

This year’s World Mental Health Day theme is “Listening to Life Experiences: Real Voices, Real Change.” Discussions on mental health often remain limited to temporary emotional comfort or comforting words. A more realistic and rational approach that goes beyond mere sympathy is essential to addressing mental health issues effectively.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSYCOLOGY, CURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE