ബാങ്കോക്ക്: സ്വീഡൻ നിർമ്മിത ഗ്രിപെൻ യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തി തായ്‌ലൻഡ് രാജ്ഞി സുതിദ. തെക്കൻ തായ്‌ലൻഡിലെ സുരത് താനി പ്രവിശ്യയിലുള്ള വ്യോമതാവളത്തിൽ ഇന്നലെയായിരുന്നു രാജ്ഞിയുടെ ഒറ്റയ്ക്കുള്ള പറക്കൽ. ജെഎഎസ് 39 സി ഗ്രിപെൻ എന്ന ഒറ്റസീറ്റുള്ള യുദ്ധവിമാനമാണ് രാജ്ഞി പറത്തിയത്. രാജാവ് മഹാ വജിറലോങ്‌കോണും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ രാജ്ഞിയോടൊപ്പം ഉണ്ടായിരുന്നു.
പറക്കലിന് മുന്നോടിയായി വിമാനത്തിന്റെ പ്രവർത്തനങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ടേക്ക് ഓഫ് നടത്തിയത്. വിജയകരമായി പറക്കൽ പൂർത്തിയാക്കി തിരിച്ചെത്തിയ രാജ്ഞിയെ രാജാവ് പൂച്ചെണ്ട് നൽകി അഭിനന്ദിച്ചു. ഗ്രിപെൻ യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തിയതിനുള്ള അംഗീകാരമായി 'ഗോൾഡൻ ഗ്രിപെൻ ഓർഡർ പാച്ച്' എന്ന പ്രത്യേക ചിഹ്നവും സമ്മാനിച്ചു.
വ്യോമയാന രംഗത്ത് ദീർഘകാലത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് രാജ്ഞി സുതിദ. വിവിധതരം വിമാനങ്ങളിലായി 1,188.48 മണിക്കൂർ പറക്കൽ പരിചയം ഉണ്ട്. 2010 മേയ് 13ന് സെസ്ന ടി-41ഡി വിമാനത്തിലാണ് ആദ്യമായി പറന്നത്. പിന്നീട് പിലാറ്റസ്, പൈപ്പർ തുടങ്ങിയ ചെറുവിമാനങ്ങളും ബോയിംഗ് 737 യാത്രാവിമാനങ്ങളും പറത്തിയിട്ടുണ്ട്.
രാജകീയ ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര, വിദേശ യാത്രകളിൽ രാജാവിനൊപ്പം സഹപൈലറ്റായും രാജ്ഞി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളുള്ള ഗ്രിപെൻ യുദ്ധവിമാനവും നേരത്തേ പറത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റസീറ്റുള്ള ഗ്രിപെൻ വിമാനത്തിൽ തനിച്ച് പറന്നത്. സൈനിക വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലും ഒരുപോലെ പരിചയമുള്ള രാജ്ഞിയുടെ ഈ നേട്ടം വ്യോമയാന രംഗത്തെ ശ്രദ്ധേയമായ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
Thailand’s Queen Suthida made a historic solo flight in a Swedish-made JAS 39 C Gripen fighter jet at an airbase in Surat Thani province. King Maha Vajiralongkorn witnessed the achievement and congratulated her with a bouquet and a special Golden Gripen Order patch. The Queen has over 1,188 hours of flying experience, including military aircraft and Boeing 737 passenger planes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |