
വാഷിംഗ്ടൺ: യുദ്ധമുഖത്ത് ഇനിമുതൽ വിജയപരാജയങ്ങൾ നിശ്ചയിക്കുക വെടിക്കോപ്പുകൾ മാത്രമല്ല, മറിച്ച് എഐ ടോക്കണുകളും ഡാറ്റാ സെന്ററുകളുമായിരിക്കുമെന്ന് അമേരിക്ക. പ്രതിരോധ മേഖലയിൽ എഐ (നിർമ്മിത ബുദ്ധി) ഉപയോഗം വർദ്ധിച്ചതോടെ യുഎസ് സൈന്യത്തിന്റെ എഐ ടോക്കൺ ഉപയോഗം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ എട്ട് മടങ്ങ് വർദ്ധിച്ചതായി യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിക്കോൾ വെളിപ്പെടുത്തി.
എഐ മോഡലുകൾ പ്രോസസ് ചെയ്യുന്ന വിവരങ്ങളുടെ അടിസ്ഥാന യൂണിറ്റുകളാണ് ടോക്കണുകൾ. ലളിതമായി പറഞ്ഞാൽ, ഒരു എഐ ടൂളിനെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ ആവശ്യമായ ഇന്ധനമാണ് ഈ ടോക്കണുകൾ. ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാനും ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാനും അതിവേഗ തീരുമാനങ്ങൾ എടുക്കാനും സൈന്യത്തിന് ഇപ്പോൾ ഇത്തരം കോടിക്കണക്കിന് ടോക്കണുകൾ ആവശ്യമാണ്.
യുദ്ധമുഖത്തെ ഡാറ്റാ കമ്പ്യൂട്ടിംഗിനായി 400 കോടി ഡോളർ ചെലവിൽ രണ്ട് വമ്പൻ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ യുഎസ് സൈന്യം ഒരുങ്ങുന്നു. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ നിർമ്മിത ബുദ്ധിയുള്ള ടൂളുകൾ നിർണായക പങ്കുവഹിച്ചതായി പെന്റഗൺ സമ്മതിക്കുന്നുണ്ട്. പലാന്റീറിന്റെ 'മാവെൻ സ്മാർട്ട് സിസ്റ്റം', ആന്ത്രോപ്പിക്കിന്റെ 'ക്ലോഡ്' എന്നിങ്ങനെയുള്ള എഐ മോഡലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഭാവിയിൽ ചൈനയുമായി സംഘർഷമുണ്ടായാൽ സാങ്കേതികമായ മേൽക്കൈ നിലനിർത്താൻ ഇത്തരം എഐ അധിഷ്ഠിത സൗകര്യങ്ങൾ അത്യാവശ്യമാണെന്ന് ഡാൻ ഡ്രിക്കോൾ ചൂണ്ടിക്കാട്ടി.
പ്രതിരോധ മേഖലയിൽ മാത്രമല്ല, ടെക് ലോകത്തും ടോക്കണുകൾ ചർച്ചയാവുകയാണ്. പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസൺ ഹുവാംഗ്, എൻജിനീയർമാർക്ക് ശമ്പളത്തിന്റെ പകുതിയോളം എഐ ടോക്കണുകളായി നൽകുന്നതിനെക്കുറിച്ച് നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. മൈക്രോസോഫ്റ്റ്, സെയിൽസ്‌ഫോഴ്സ് തുടങ്ങിയ കമ്പനികളും ഈ ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |