വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ മറ്റേയാൾക്ക് അവകാശമുണ്ടോ? വിഷയത്തിൽ നിർണായക ഉത്തരവുമായി എത്തിയിരിക്കുകയാണ് സുപ്രീം കോടതി. സ്വകാര്യത ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെങ്കിലും അതിന്മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി.
വ്യഭിചാരം അടക്കമുള്ള ആരോപണങ്ങൾ തെളിയിക്കാൻ ഫോൺ കോൾ രേഖകൾ, ഹോട്ടൽ രേഖകൾ എന്നിവ പരിശോധിക്കാൻ ജഡ്ജിമാർക്ക് അനുമതി നൽകാം. എന്നാൽ, ഇത് പങ്കാളികൾക്ക് പരസ്പരം സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള പച്ചക്കൊടിയല്ല. കോടതിയുടെ മേൽനോട്ടത്തിലും പരിശോധനയിലും മാത്രമേ ഇത് സാധ്യമാകൂ.
മൊബൈൽ കമ്പനികളിൽ നിന്ന് നേരിട്ട് ഫോൺ കോൾ രേഖകൾ വാങ്ങാൻ കഴിയില്ല. ഒരു പങ്കാളി ആവശ്യപ്പെട്ടെന്ന് കരുതി മാത്രം ടെലികോം കമ്പനികൾക്ക് കോൾ ഡീറ്റെയിൽസ് കൈമാറാനാകില്ല. ടെലികോം ലൈസൻസിംഗ് ചട്ടങ്ങൾ പ്രകാരം അതീവ രഹസ്യസ്വഭാവമുള്ളവയാണ് ഫോൺ കോൾ രേഖകൾ. കേസിന്റെ ആവശ്യത്തിനായി കോടതിയോ അന്വേഷണസംഘങ്ങളോ ആവശ്യപ്പെട്ടാൽ മാത്രമേ നിയമപരമായി ഈ വിവരങ്ങൾ നൽകുകയുള്ളൂ. സ്വന്തം ആവശ്യങ്ങൾക്കായി ഇത് ചോദിച്ചു വാങ്ങുന്നത് നിയമവിരുദ്ധമാണ്.
പലരും വിചാരിക്കുന്നത് പോലെ നമ്മൾ ഫോണിൽ സംസാരിക്കുന്ന റെക്കാഡ് ചെയ്ത ഓഡിയോ അല്ല സിഡിആർ. അതിൽ വിളിച്ചതും വന്നതുമായ നമ്പറുകൾ, ഫോൺ ചെയ്ത തീയതിയും സമയവും, എത്ര സമയം സംസാരിച്ചു, ഏത് സ്ഥലത്തുനിന്നാണ് വിളിച്ചത് (ടവർ ലൊക്കേഷൻ), മെസേജ് അയച്ചതിന്റെ വിവരങ്ങൾ എന്നിവ മാത്രമേ ഉണ്ടാകൂ.
കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ ഒരാൾ ഹോട്ടലിൽ റൂമെടുത്ത് താമസിച്ചതിന്റെ രേഖകൾ വിട്ടുനൽകുകയുള്ളൂ. കേസിലെ ആരോപണങ്ങൾ തെളിയിക്കാൻ ഇത് അത്യാവശ്യമാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടണം. അങ്ങനെ വന്നാൽ ഹോട്ടലിൽ കയറിയിറങ്ങിയ സമയം, രജിസ്റ്ററിലെ വിവരങ്ങൾ, ബുക്കിംഗ്, പണമിടപാട് എന്നിവ ഹാജരാക്കാൻ കോടതിക്ക് ഹോട്ടലുകളോട് ആവശ്യപ്പെടാം.
ഒരാളുടെ സ്വകാര്യതയും മറ്റേയാളുടെ നീതിക്കുള്ള അവകാശവും ഒരുപോലെ കൊണ്ടുപോകാൻ വിവാഹമോചനക്കേസുകളിൽ കോടതി ബാധ്യസ്ഥരാണ്. സ്വകാര്യ വിവരങ്ങളെന്ന പേരിൽ പ്രധാന തെളിവുകൾ ഒഴിവാക്കിയാൽ കേസിൽ കൃത്യമായ നീതി നടപ്പിലാക്കാൻ കഴിയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ഇതിനർത്ഥം ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശം പൂർണമായി ഇല്ലാതായി എന്നല്ല. മിക്ക കേസുകളിലും പങ്കാളിയുടെ സ്വകാര്യ രേഖകൾ പരിശോധിക്കാൻ കോടതി അത്ര പെട്ടെന്ന് അനുമതി നൽകില്ല. ഈ വിവരങ്ങൾ കേസിന് അത്രമാത്രം പ്രധാനമാണോ, ആരോപണം തെളിയിക്കാൻ ഇതിലും ലളിതമായ മറ്റ് വഴികളുണ്ടോ, ഈ തെളിവ് നിരസിച്ചാൽ കേസിൽ നീതി കിട്ടാതെ പോകുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമേ കോടതി തീരുമാനമെടുക്കൂ. ഇനി വാട്സാപ്പ് ചാറ്റുകളോ ഇമെയിലുകളോ ആണെങ്കിൽ പോലും, അവയുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം മാത്രമേ കോടതി തെളിവായി സ്വീകരിക്കുകയുള്ളൂ.
2018ൽ സുപ്രീം കോടതി ഐ.പി.സി സെക്ഷൻ 497 റദ്ദാക്കിക്കൊണ്ട് വ്യഭിചാരം ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റിയിരുന്നു. എന്നാൽ ഹിന്ദു വിവാഹ നിയമപ്രകാരം(1955) വിവാഹമോചനം നേടുന്നതിനുള്ള കാരണമായി വ്യഭിചാരം നിലനിൽക്കുന്നുണ്ട്. അതായത് വ്യഭിചാരത്തിന്റെ പേരിൽ ഒരാളെ ജയിലിലടക്കാൻ കഴിയില്ലെങ്കിലും വിവാഹമോചനം, ജീവനാംശം കുട്ടികളുടെ സംരക്ഷണം എന്നിവ നിശ്ചയിക്കുന്നതിൽ ഇത്തരം ആരോപണങ്ങൾ വലിയ സ്വാധീനം ചെലുത്തും. അതുകൊണ്ടാണ് ഹോട്ടൽ രേഖകളും ഫോൺ കോൾ റെക്കാഡുകളും കേസിൽ നിർണായകമാകുന്നത്.
കേസുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കോടതികൾ മുൻപും സ്വകാര്യതയ്ക്കുള്ള അവകാശത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധന, ജീവനാംശം നിശ്ചയിക്കുന്നതിനായി സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തൽ, കേസിന് അത്യാവശ്യമായ മെഡിക്കൽ രേഖകൾ പരിശോധിക്കുക, റെയിഡ് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. നീതി നടപ്പാക്കാൻ കോടതി നടത്തുന്ന ഇടപെടലുകൾ മാത്രമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |