സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടുപരിചയമുള്ള പറക്കുന്ന കാറുകൾ യാഥാർത്ഥ്യമാകുമോയെന്നത് പലരുടെയും സംശയമാണ്. ഇപ്പോഴിതാ, ടെസ്ലയുടെ പുനർരൂപകൽപന ചെയ്ത റോഡ്സ്റ്റർ കാറിന്റെ അതിഗംഭീരപ്രകടനം അതിനുള്ള ഉത്തരം നൽകുകയാണ്. വായുവിലേക്ക് ഉയർന്ന് തലകീഴായി കറങ്ങി അഭ്യാസങ്ങൾ നടത്തുന്ന റോഡ്സ്റ്റർ കാറിന്റെ വിസ്മയകരമായ ദൃശ്യങ്ങളാണ് കമ്പനി പുറത്തുവിട്ടത്.
ഒക്ടോബർ 15ന് ടെക്സസിലെ മക്ഗ്രിഗറിലുള്ള സ്പേസെക്സ് കേന്ദ്രത്തിൽ നടന്ന പ്രകടനമാണ് വാഹനപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. ഉയരത്തിൽ വളഞ്ഞിരിക്കുന്ന റാംപിലൂടെ അതിവേഗം മുന്നേറുന്ന കാർ റാംപിന്റെ ഒരു ഭാഗത്തെത്തുമ്പോൾ തലകീഴായി സഞ്ചരിക്കുന്നു. പിന്നാലെ വായുവിലേക്ക് ഉയർന്ന് ചെറിയ അഭ്യാസങ്ങൾ നടത്തി സുരക്ഷിതമായി നിലത്തിറങ്ങി കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു. ഈ പ്രകടനത്തിന് പിന്നിൽ ഇലോൺ മസ്കിന്റെ റോക്കറ്റ് കമ്പനിയായ സ്പേസെക്സുമായി സഹകരിച്ച് വികസിപ്പിച്ച സാങ്കേതിക വിദ്യകളാണുള്ളത്.
പ്രകടനത്തിന്റെ വീഡിയോ മസ്ക് തന്റെ എക്സ് പേജിൽ പങ്കുവച്ചു. 'ഭാവിയിൽ പറക്കും കാറുകളുണ്ടാകുമെന്നത് ശരിയാണെന്ന് തെളിഞ്ഞു' എന്നായിരുന്നു വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ്. ടെസ്ലയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയും ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
റോഡ്സ്റ്ററിന്റെ ഈ അസാധാരണ പ്രകടനത്തിന് കരുത്തുപകരുന്നത് സ്പേസ്എക്സ് വികസിപ്പിച്ച കോൾഡ്-ഗ്യാസ് ത്രസ്റ്ററുകളാണ്. സാധാരണ കാറുകൾക്ക് സാദ്ധ്യമല്ലാത്ത ചലനങ്ങൾ വാഹനങ്ങളിൽ സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് ഈ സംവിധാനം. എന്നാൽ, ഇത്തരം കാറുകൾ പൊതുനിരത്തുകളിലൂടെ ഉടൻ പറപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കണ്ട. പ്രത്യേകമായി ഒരുക്കിയ റാംപിലും നിയന്ത്രിത സാഹചര്യങ്ങളിലുമാണ് പരീക്ഷണം നടന്നത്. സുരക്ഷ, നിയന്ത്രണങ്ങൾ, പ്രായോഗിക ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ഇനിയും നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്.
2017 നവംബറിലാണ് ടെസ്ലയുടെ അടുത്ത തലമുറ റോഡ്സ്റ്ററിനെക്കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്. എന്നാൽ, നിർമ്മാണം പ്രതീക്ഷിച്ചതിലും വൈകി. വാഹനം സ്വന്തമാക്കാൻ ആഗ്രഹിച്ച ഉപഭോക്താക്കൾ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റോഡ്സ്റ്ററിന്റെ ഉൽപാദനം 2028ൽ ആരംഭിക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. അതിനാൽ, വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ലഭ്യതയ്ക്കായി ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടിവരും.
Tesla’s redesigned Roadster has stunned viewers with aerial stunts powered by SpaceX cold-gas thruster technology. While the demonstration fuels excitement about flying cars, production of the long-awaited electric sports car is reportedly targeted for 2028.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |