
ചില നഗരങ്ങൾ അവയുടെ ചരിത്രപരമായ പ്രാധാന്യം കൊണ്ടോ സംസ്കാരമോ വാസ്തുവിദ്യയോ കൊണ്ടോ ആണ് ലോകശ്രദ്ധ ആകർഷിക്കാറുള്ളത്. എന്നാൽ ലോകഭൂപടത്തിലെ തന്റെ വേറിട്ട സ്ഥാനം കൊണ്ട് മാത്രം സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒരു തലസ്ഥാന നഗരമുണ്ട്. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന രാജ്യമായ ഐസ്‌ലാൻഡിന്റെ തലസ്ഥാന നഗരമായ റെയ്‌ക്യവിക്‌നെ കുറിച്ചാണ്.
ആർട്ടിക് സർക്കിളിന് തൊട്ടടുത്ത് ഏകദേശം 64 ഡിഗ്രി വടക്ക് അക്ഷാംശത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത കൊണ്ട് പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന പ്രതിഭാസങ്ങൾക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. ഐസ്‌ലാൻഡിലെ ജനസംഖ്യയുടെ മൂന്നിലൊന്നിലധികം പേരും താമസിക്കുന്നത് റെയ്‌ക്യവിക്കിലാണ്. രാജ്യത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക കേന്ദ്രം കൂടിയാണിത്. വലിയ തലസ്ഥാന നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിദത്തമായ അഗ്നിപർവ്വത ലാൻഡ്‌സ്‌കേപ്പുകൾ, മഞ്ഞുമലകൾ, ചൂടുനീരുറവകൾ എന്നിവയ്ക്ക് നടുവിലാണ് റെയ്‌ക്യവിക് സ്ഥിതി ചെയ്യുന്നത്.
വേനൽക്കാലത്ത് ഇവിടെ രാത്രിയിലും സൂര്യൻ അസ്തമിക്കാറില്ല. ഏകദേശം 24 മണിക്കൂറും പകൽ വെളിച്ചം അനുഭവപ്പെടുന്ന ഈ അപൂർവ്വ പ്രതിഭാസമാണ് ഇവിടെത്തെ പ്രധാന ആകർഷണം. തണുപ്പുകാലത്ത് രാത്രിയിൽ ആകാശത്ത് തെളിയുന്ന അതിമനോഹരമായ പച്ചയും നീലയും കലർന്ന പ്രകാശവിസ്മയം കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് സഞ്ചാരികൾ ഇവിടെയെത്തുന്നത് ശൈത്യകാലത്താകട്ടെ പകൽ വെളിച്ചം വളരെ കുറവായിരിക്കും. ഭൂരിഭാഗം സമയവും ഇരുൾ മൂടിക്കിടക്കും.
ലോകപ്രശസ്തമായ ബ്ലൂ ലഗൂൺ , ഗോൾഡൻ സർക്കിൾ , ഹാൽഗ്രിംസ്കിർക്യ ചർച്ച്, ഹാർപ്പ കൺസേർട്ട് സ്റ്റേഡിയം എന്നിവ ഈ നഗരത്തിലെ പ്രധാന ആകർഷണങ്ങളാണ്. വളരെ കുറഞ്ഞ വിസ്തീർണ്ണമുള്ള നഗരമായതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് നടന്നു കണ്ടുതീർക്കാൻ വളരെ എളുപ്പമാണ്. നീണ്ട പകൽ വെളിച്ചവും സുഖകരമായ കാലാവസ്ഥയും ആസ്വദിച്ച് കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഇവിടെ എത്താം. ഇനി ആകാശവിസ്മയമായ നോർത്തേൺ ലൈറ്റ്സ് കാണാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഏറ്റവും അനുയോജ്യം. കെഫ്ലാവിക് അന്താരാഷ്ട്ര വിമാനത്താവളമാണ് ഇവിടേക്കുള്ള പ്രധാന പ്രവേശന കവാടം. അവിടെ നിന്ന് ഷട്ടിൽ ബസുകളോ കാറുകളോ വഴി റെയ്‌ക്യവിക്കിൽ എളുപ്പത്തിൽ എത്തിച്ചേരാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |