SignIn
Kerala Kaumudi Online
Saturday, 23 May 2026 7.12 PM IST

'മിണ്ടാപ്പെണ്ണ്' വീണ്ടും വായിക്കുമ്പോൾ. കുഞ്ഞിലക്ഷ്‌മിയെ കണ്ടുമുട്ടിയോ?​

d
a

ദാമ്പത്യബന്ധത്തിന്‌ വിലയിടുന്ന ഈ കാലഘട്ടത്തിൽ കുഞ്ഞിലക്ഷ്മിക്ക്‌ ആരു വിലയിടും! 'വിവാഹം കഴിഞ്ഞ് പതിനാലു വർഷത്തിനുശേഷം ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയും,​ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. വിവാഹമോചനത്തിനു ശേഷം ജീവനാംശമായി 400 കോടി​ ആവശ്യപ്പെട്ടു!" ഈ കാണുന്നത്‌ ഒരു പത്രവാർത്തയാണ്‌. ഇത്തരം പത്രവാർത്തകളോ, കേട്ടുകേൾവികളോ നമ്മെ ഇപ്പോൾ തീരെ അതിശയിപ്പിക്കാറില്ല. അത്രയേറെയാണ്,​ ബന്ധങ്ങളുടെ അറുത്തുമാറ്റലുകൾ! ദാമ്പത്യ ബന്ധങ്ങൾ മാത്രമല്ല, സുഹൃത്ബന്ധങ്ങൾ, സഹപ്രവർത്തകരുമായുള്ള ബന്ധങ്ങൾ, മറ്റ് കുടുംബ ബന്ധങ്ങൾ... എല്ലാം ഇതിൽ ഉൾപ്പെടും.

ഉറൂബിന്റെ 'മിണ്ടാപ്പെണ്ണ്‌" ആണ്‌ കുഞ്ഞിലക്ഷ്മി. ബാല്യത്തിൽ അമ്മ നഷ്ടപ്പെട്ട്‌ ബന്ധുക്കളുടെ ആശ്രിതയായി വളരുന്ന കുഞ്ഞിലക്ഷ്മി, ജീവിതത്തിൽ കണ്ടതും കേട്ടതുമായ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടും, കർത്തവ്യങ്ങൾ ചെയ്തു ശീലിച്ചും, ആരോടും പരിഭവപ്പെടാതെ ശക്തിയോടൊപ്പം, ശുദ്ധിയുള്ള കരുത്താർജിച്ച്‌ നിശബ്ദയായി വളർന്നു. ഉറൂബിന്റെ 'മിണ്ടാപ്പെണ്ണ്‌" എന്ന ചെറിയ നോവലിന്റെ സത്ത, വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതുമായ വിശകലനങ്ങളിൽ പറയുന്നതു പോലെ പുരുഷമേധാവിത്വത്തെക്കുറിച്ചോ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചോ അല്ല, മറിച്ച്‌ ലിംഗഭേദമില്ലാതെ ഏതൊരു വ്യക്തിയും ചെയ്യേണ്ടതും, ഓരോ വ്യക്തിക്കും സാദ്ധ്യമാകേണ്ടതുമായ കർത്തവ്യങ്ങളിലേക്ക് ദിശാബോധം തരുന്നതാണ്‌.

നമ്മുടെ ജീവിതത്തിലെ 'മിണ്ടാപ്പെണ്ണുങ്ങളെ" തേടിപ്പോകാൻ പറയാതെ പറയുന്നു, കഥാകൃത്ത്‌ ഈ നോവലിലൂടെ. ബന്ധങ്ങളുടെ മൂല്യത്തിൽ വിശ്വസിച്ചിരുന്ന കുഞ്ഞിലക്ഷ്മിക്ക്‌ തന്റെ ബോധപൂർവമായ ഇടപെടലുകളിലൂടെ ഉറ്റവരുടെ ജീവിതത്തിലേക്ക്‌ വീണ്ടും കുളിർമ കടത്തിവിടാനും, വീട്ടിലേക്ക്‌ ചൈതന്യം വരുത്തുവാനും സാധിച്ചു. 'മിണ്ടാപ്പെണ്ണ്‌" മിണ്ടിയപ്പോൾ ബന്ധങ്ങൾ ശിഥിലമാകാതായി! ബന്ധങ്ങളുടെ ദൃഢതയ്ക്കായി മാനസികാരോഗ്യ വിദഗ്ദ്ധർ 'മിണ്ടാപ്പെണ്ണുങ്ങളെ" കണ്ടെത്താൻ ഉപദേശിക്കുന്ന ചികിത്സാരീതി ഒരുപക്ഷേ വിദൂരമാകില്ല!


കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിലെ കണക്കുകൾ എടുത്താൽ മാത്രം മതി,​ ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ വർദ്ധനവ് മനസിലാക്കാൻ. അവയിൽ ദാമ്പത്യജീവിതത്തിന്റെ ദൈർഘ്യം കുറച്ചുദിനങ്ങൾ മുതൽ മൂന്നോ നാലോ വർഷങ്ങൾ വരെയായി ചുരുങ്ങിയതായി കാണാം. ബന്ധങ്ങളുടെ ഇടയിലെ 'മിണ്ടാപ്പെണ്ണുങ്ങളെ" കണ്ടെത്താൻ കഴിയാത്തതാണ്‌ ഇതിന് പ്രധാന കാരണം. ലോകത്ത്‌, ഒരു പതിറ്റാണ്ടിലേറെയായി എല്ലാ മേഖലകളിലും വ്യക്തിഗത മാനസികബലം വർദ്ധിപ്പിക്കുന്നതിനായുള്ള പരിശീലനം ബോധപൂർവം ഉൾപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ മാനസിക വികാസം, മാനസിക ബലം എന്നിവ മാനുഷിക പരിണാമത്തിന്‌ അനുസൃതമായി വേണ്ടതിനേക്കാൾ കുറവ്‌ കണ്ടെത്തിയതിനാലാണ്‌ ബോധപൂർവമുള്ള ഈ പരിശീലനം ആവശ്യമായി വന്നത്‌.

ഈ കുറവിന് പ്രധാന കാരണം അന്വേഷിച്ച്‌ അലയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ ചിന്താ മണ്ഡലവും കാഴ്ചപ്പാടും നമ്മിലേക്കു മാത്രമായി ചുരുങ്ങി, മാനസിക വികാസമുണ്ടാകാതെ ബലക്ഷയം സംഭവിക്കുന്നതാണ്‌ മൂലകാരണം. ലോകത്തെമ്പാടും കുടുംബവ്യവസ്ഥകളിൽ വന്ന വ്യതിയാനങ്ങളാണ്‌ അതിന്റെ തുടക്കം. കൂട്ടുകുടുംബ വ്യവസ്ഥയിൽ വ്യക്തിബന്ധങ്ങൾ ശക്തമായിരുന്നു. പരസഹായവും പരസ്പര സഹകരണവും മാത്രമായിരുന്നില്ല അതിന്റെ മേന്മ. മനുഷ്യന്റെ മാനസിക വികാസത്തിനും ബലപ്പെടുത്തലിനും ഉതകുന്നതായിരുന്നു കൂട്ടുകുടുംബ വ്യവസ്ഥ. നിസ്വാർത്ഥ്വവും ക്രിയാത്മകവുമായ കൂട്ടുകുടുംബ വ്യവസ്ഥയിൽ കൂടെയുള്ളവരുടെ ആവശ്യം പറയാതെ അറിഞ്ഞു ചെയ്ത്‌, അന്യോന്യം കൈത്താങ്ങായി, മാനസിക സന്തിലുതാവസ്ഥ നിലനിറുത്തുവാനും വളരെയധികം സഹായിച്ചിരുന്നു.

അണുകുടുംബ വ്യവസ്ഥയിൽ ഇതിന്റെയെല്ലാം കൊഴിഞ്ഞുപോക്കാണ്‌ നമുക്ക്‌ കാണാൻ കഴിഞ്ഞത്‌. എല്ലാ തലമുറക്കാർക്കും ആവശ്യമാണ്‌ കുഞ്ഞിലക്ഷ്മിമാരെ. കൂട്ടുകുടുംബ വ്യവസ്ഥയിൽ 'മിണ്ടാപ്പെണ്ണുങ്ങൾ" സുലഭമായിരുന്നു. അണു കുടുംബങ്ങളിലേക്ക്‌ എത്തിപ്പെട്ടപ്പോൾ കുഞ്ഞിലക്ഷ്മിമാർ അപൂർവമാവുകയും ചെയ്തു. സോഷ്യൽ മീഡിയയുടെ കടന്നാക്രമണത്താൽ അണുകുടുംബങ്ങളിൽ കുറച്ചെങ്കിലും കാണപ്പെട്ടേക്കാവുന്ന, ഈ കാലഘട്ടത്തിന്റെ വരദാനമാകേണ്ട കുഞ്ഞിലക്ഷ്മിമാരെയും നമുക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്നു.


'മൂടി വേവിച്ചതിന് രുചിയേറും" എന്നത് ആഹാരകാര്യത്തിൽ ശരിയാണ്‌. പക്ഷെ,​ 'മനസിന്റെ ഉള്ളിൽ മൂടി വേകുന്നത് വല്ലാതെ കയ്ക്കും!" മാനസികമായ പങ്കുവയ്ക്കലുകളും ഉപാധികളില്ലാത്ത ബന്ധങ്ങളുമാണ്‌ അണുകുടുംബ വ്യവസ്ഥയിൽ കുറഞ്ഞുവരുന്നത്‌. ഈ നഷ്ടപ്പെടലുകളാണ്‌ നമ്മുടെ സമൂഹത്തിന്റെ മാഞ്ഞുപോകുന്ന മാനസികാരോഗ്യത്തിന്‌ കാരണമായി മാറുന്നത്‌ എന്ന്‌ നമ്മൾ വേദനയോടെ തിരിച്ചറിയുന്നു. അണു കുടുംബ വ്യവസ്ഥയിൽ 'മിണ്ടാപ്പെണ്ണുങ്ങൾ" ഇല്ലാതാകുന്നു. മാനസിക ദൗബല്യത്തിന്റെ ചാവേറാകാനും, ശിലാമനസുകളുടെ ആശ്രിതരാകാനും 'മിണ്ടാപ്പെണ്ണു"ങ്ങളുടെ സാന്നിദ്ധ്യം അനുവദിക്കില്ലെന്നുള്ള സുന്ദരമായ സാമൂഹ്യതത്വമാണ്‌ ഉറൂബ് 'മിണ്ടാപ്പെണ്ണി"ലൂടെ വരച്ചു കാട്ടുന്നത്‌. ഉറൂബ്‌ 'മിണ്ടാപ്പെണ്ണി"നെ കാട്ടിത്തന്നിട്ട്‌ ഏഴ്‌ പതിറ്റാണ്ടാകുന്ന അവസരത്തിൽ സമൂഹത്തിലും ബന്ധങ്ങളിലും 'മിണ്ടാപ്പെണ്ണുങ്ങ"ളുടെ പ്രസക്തി കൂടിയിട്ടേയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BOOK REVIEW, BOOKREVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY