ആലപ്പുഴ: പോൾവാൾട്ടിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മിന്നും തിളക്കത്തോടെ കലവൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പ്ലസ്ടു വിദ്യാർഥി വി.എൽ.ഗ്രാക്‌സിയയും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ പത്താംക്ലാസ് വിദ്യാർത്ഥി കെ.എസ്.ശ്രീനന്ദനയും വിജയികളായി. ഇരുവരും പോൾവാൾട്ടിൽ ആദ്യമായാണ് മത്സരിക്കുന്നത്. മൂന്നുമാസം മുൻപാണ് പരിശീലനം ആരംഭിച്ചത്.
സ്‌കൂളിൽ കായികഅദ്ധ്യാപിക അന്നമ്മ അഗസ്റ്റിന്റെ കീഴിലായിരുന്നു പരിശീലനം. അതിനു പുറമെ പ്രീതികുളങ്ങര കലവൂർ എൻ.ഗോപിനാഥ് ഇൻഡോർ സ്റ്റേഡിയത്തിലും പരിശീലിച്ചിരുന്നു. കെ.ആർ.സാംജിയുടെ കീഴിലായിരുന്നിത്.
കോട്ടയം പാലയിൽ നിന്നു സംഘടിപ്പിച്ച ഒടിഞ്ഞ പോളിന്റെ ഒരു കഷ്ണം ഉപയോഗിച്ചായിരുന്നു പരിശീലനം. ഗ്രാക്‌സിയയുടെ ഇരട്ടസഹോദരി വെർജീനയും കായികമേഖലയിലുണ്ട്. വെർജീന കഴിഞ്ഞ മാസം ജൂനിയർ അമച്വർമീറ്റിൽ 1000 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു. ഇരുവരുമൊന്നിച്ച് അമേച്വർ സീനിയർ മീറ്റിർ 4x400 റിലേയിൽ വെള്ളിയും 4x100 ഓട്ടത്തിൽ വെങ്കലവും നേടിയിട്ടുണ്ട്. പൊള്ളേത്തെ വെളിയിൽ ലൈജു-മേരി ദമ്പതിമാരുടെ മകളാണ് ഗ്രാക്‌സിയ.
കാട്ടൂർ കുറുപ്പശ്ശേരി വീട്ടിൽ കെ.ടി.ഷാജിയുടേയും കെ.സി.ശാന്തിനിയുടേയും മകളാണ് ശ്രീനന്ദന. സഹോദരൻ മൂന്നാം ക്ലാസ് വിദ്യാർഥി എസ്.ശ്രീഹരി. കഴിഞ്ഞ ജൂനിയർ അമേച്വർമീറ്റിൽ 3000 മീറ്റർ റേസ് വാക്കിങിൽ സംസ്ഥാന തലത്തിൽ എട്ടാംസ്ഥാനം നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |