SignIn
Kerala Kaumudi Online
Thursday, 22 October 2026 5.34 PM IST

കുട്ടനാട്ടിൽ മഴ തിരിച്ചടി,​ കൊയ്‌ത്ത് വൈകുന്നു​

ആലപ്പുഴ: രണ്ടാംകൃഷിയുടെ വിളവെടുപ്പിനിടെ വന്നുപോകുന്ന മഴ കുട്ടനാട്ടിലെ കർഷകരെ ദുരിതത്തിലാക്കി. നെൽച്ചെടികൾ ഒടിഞ്ഞുവീഴുന്നത് കൂടാതെ

ഈർപ്പതോതും നെല്ല് മൂപ്പെത്താൻ വൈകുന്നതും മിക്ക പാടങ്ങളിലെയും കൊയ്ത്ത് മുടക്കി. വിളവെടുപ്പിനിടെയുണ്ടാകുന്ന ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയും തുലാവർഷവും കർഷകന് ഭാരിച്ച നഷ്ടമാണുണ്ടാക്കുന്നത്. കൊയ്ത്തിന്റെയും നെല്ല് സംഭരണത്തിന്റെയും ടൈംടേബിൾ തകിടം മറിക്കുന്നതിലുപരി പുതിയ നെല്ല് സംഭരണ നയമോ വിലയോ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ വിളവിലുണ്ടാകുന്ന കുറവ് കൂടിയാകുമ്പോൾ നഷ്ടം അതിഭീമമാകും.

രണ്ടാംകൃഷിയുടെ കൊയ്ത്ത് വൈകുന്നത് പുഞ്ചകൃഷിക്ക് പാടമൊരുക്കാനും വിതയ്ക്കും കാലതാമസം വരുത്തും. മൂപ്പ് കുറഞ്ഞ നെൽ വിത്തുകളായ മനുരത്നയും പൗർണമിയും കിട്ടാതായതോടെ ഉമ തന്നെ വീണ്ടും പരീക്ഷിക്കേണ്ടിവരുന്നത് പുഞ്ചക്കൃഷിയുടെ ഉൽപ്പാദനത്തിലും കുറവിന് കാരണമാകും.

സംഭരണത്തെ ബാധിക്കും

1. പ്രതീക്ഷിച്ചതിലും പത്തും ദിവസം വരെ കൊയ്ത്ത് നീണ്ടത് കാരണം

യന്ത്രങ്ങൾ കിട്ടാതായി. ഇത് ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് കൃഷി ഭവനുകളുടെ പരിധികളിൽ കൊയ്ത്ത് വൈകാൻ കാരണമായി

2.കഴിഞ്ഞ രണ്ടാഴ്ചയായി ഇടവിട്ട് പെയ്യുന്ന മഴയാണ് നെൽച്ചെടികൾ കൂട്ടത്തോടെ ഒടിഞ്ഞുവീഴാൻ ഇടയാക്കിയത്. ഇങ്ങനെ വീഴുന്ന ചെടികളിലെ നെൽക്കതിരുകളിലെ ഈർപ്പം മാറാൻ ദിവസങ്ങളെടുക്കും

3.നെല്ലിലെ ഈർപ്പം മാറാതെ കൊയ്‌തെടുത്താൽ ഈർപ്പതോതിന്റെ പേരിൽ മില്ലുകൾ കിഴിവ് പിടിക്കും. മാത്രമല്ല,​ വീണുകിടക്കുന്ന ചെടികളിൽ നിന്ന് നെൽമണികൾ വൻതോതിൽ കൊഴിയുകയും ചെയ്യും

4.കൊയ്‌ത്തിന് കൂടുതൽ സമയമെടുക്കുന്നത് യന്ത്ര വാടകയിനത്തിൽ നല്ലൊരു തുക കർഷകന് നഷ്ടമാകും. കൊയ്ത്ത് വൈകിയതോടെ സപ്ളൈകോ മുഖേനയുളള നെല്ല് സംഭരണവും വൈകിയിട്ടുണ്ട്.

5.കഴിഞ്ഞതവണ കൊടും വരൾച്ചയും ഉഷ്ണതരംഗവും കാരണം പുഞ്ചകൃഷി ഉൽപ്പാദനത്തിൽ 500 കോടിയുടെ നഷ്ടം നേരിട്ട കർഷകന് മുന്നിൽ ഇത്തവണയും സമാനമായ സാഹചര്യമാണുള്ളത്

6. തുലാവർഷത്തിൽ കൊയ്ത്ത് വൈകിയാൽ ട്രാക്ടറടിക്കാനും വെള്ളം കയറ്റാനും വിതയ്ക്കുമെല്ലാമുണ്ടാകുന്ന താമസം പുഞ്ചസീസണിലെ കൊയ്ത്തിനെയും ബാധിക്കുമെന്നാണ് കർഷകരുടെ ആശങ്ക

നെല്ല് സംഭരണം ഇതുവരെ

(താലൂക്ക്,​ നെല്ല്,​ വില)​

അമ്പലപ്പുഴ:1031522കി.ഗ്രാം........................2,92,12,703.04രൂപ

കുട്ടനാട്: 621611കി.ഗ്രാം..........................1,76,04,023.52രൂപ

കാർത്തികപ്പള്ളി: 10900കിഗ്രാം....................3,08,688.00രൂപ

തുലാമഴ കുട്ടനാട്ടിലെ കർഷകരെ കഷ്ടത്തിലാക്കി. പലപാടങ്ങളിലും നെല്ലൊടിഞ്ഞുവീണത് കൊയ്ത്ത് വൈകാൻ ഇടയാക്കിയിട്ടുണ്ട്. കൊയ്ത്ത് യന്ത്രങ്ങൾക്ക് ക്ഷാമം സൃഷ്ടിച്ചും ഈർപ്പതോതിന്റെ പേരിലും കർഷകരെ യന്ത്രക്കാരും മില്ലുകാരും കൊള്ളയടിക്കാൻ ഇത് ഇടയാക്കും

- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL