ആലപ്പുഴ: അസാധാരണ വൈകല്യങ്ങളുമായി നവജാത ശിശുപിറന്നിട്ട്
രണ്ട് മാസമാകുമ്പോഴും കുട്ടിയുടെ തുടർ വിദഗ്ദ്ധ ചികിത്സകൾ സംബന്ധിച്ച് യാതൊരു സൂചനയും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എല്ലാ ആഴ്ചയിലും കുട്ടിയുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പരിശോധന നടത്തിപ്പോരുകയാണ്. കുഞ്ഞിന് മുലപ്പാൽ നൽകാനുള്ള ട്യൂബ് മാറ്റാൻ പോലുമുള്ള ആരോഗ്യസ്ഥിതിയായിട്ടില്ല. ഇതിനിടെ ശ്വാസം മുട്ടലടക്കമുള്ള പ്രതിസന്ധികളുമായി ആശുപത്രിയിൽ കിടത്തിചികിത്സയും വേണ്ടിവന്നിരുന്നു. ആശുപത്രികളിൽ നിന്നുള്ള കുട്ടിയുടെ ചികിത്സാ രേഖകൾ കോടതിയിലേക്ക് നൽകിയെന്നാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.ഡോക്ടർമാരെ സംരക്ഷിക്കുന്നതിന് വേണ്ടി രേഖകളിൽ കൃത്രിമം നടത്തിയിട്ടുണ്ടാകുമോയെന്ന ആശങ്ക കുടുംബത്തിനുണ്ട്. അതേസമയം, രണ്ട് മാസം തികയുന്ന എട്ടാം തീയതി മുതൽ കടപ്പുറം ആശുപത്രി പടിക്കൽ കുഞ്ഞുമായി സമരമാരംഭിക്കാനുള്ള ആലോചനയിലാണ് ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദും ഭാര്യ സുറുമിയും.
ആക്ഷൻ കൗൺസിൽ
രൂപീകരിക്കും
കുട്ടിയുടെ വിദഗ്ദ്ധ ചികിത്സ, കുടുംബത്തിന് സഹായം, അനാസ്ഥ കാട്ടിയ ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി എന്നിവ ആവശ്യപ്പെട്ട് ലജ്നത്ത് വാർഡ് കേന്ദ്രീകരിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിക്കും. സൗജന്യ ചികിത്സാ സഹായം പ്രഖ്യാപിച്ചതൊഴിച്ചാൽ മറ്റൊരു ആനുകൂല്യവും കുടുംബത്തിന് ലഭിച്ചിട്ടില്ല. ടാക്സി ഡ്രൈവറായ അനീഷ് മുഹമ്മദ് പല ദിവസങ്ങളിലും ജോലി ഉപേക്ഷിച്ചാണ് കുട്ടിയുമായി ആശുപത്രി കയറിയിറങ്ങുന്നത്.സ്വകാര്യ ആശുപത്രികളെ ചികിത്സയ്ക്ക് ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയും കുടുംബത്തിനില്ല.
കുട്ടിയുടെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനും, ഉത്തരവാദിത്തമില്ലായ്മ കാണിച്ച ആരോഗ്യപ്രവർത്തകർക്കെതിരെ നടപടിയെടുക്കാനും അധികൃതർ തയാറാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിക്കും
- പി.രതീഷ്, കൗൺസിലർ, ലജ്നത്ത് വാർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |