ആലപ്പുഴ: ആലപ്പുഴയിലെ വാടക്കനാൽക്കരയിൽ കാണികൾക്ക് കൗതുകമായ മത്സ്യകന്യകയെ കോടതിപ്പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ടും നീക്കം ചെയ്യാതെ അധികൃതർ. മത്സ്യകന്യകയെ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മുസീരീസ് പ്രോജക്ടും കെ.ആർ.എഫ്.ബിയും തമ്മിൽ നിരന്തരം ആശയവിനിമയം നടക്കുന്നതല്ലാതെ ശിൽപ്പം നീക്കം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇനിയുമായില്ല. അതേസമയം,
ഇപ്പോഴത്തെ നിലയിൽ പ്രതിമയെ ഇവിടെ നിന്ന് നീക്കം ചെയ്യാൻ കഴിയില്ല. മത്സ്യകന്യകയെ കോൺക്രീറ്റ് കട്ടറുപയോഗിച്ച് മൂന്ന് കഷ്‌ണമാക്കി മുറിച്ചശേഷം അവ മുസീരിസ് ഓഫീസിന് സമീപത്തെ കനാൽ ക്കരയലെത്തിച്ച് പുനസംയോജിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായികനാലിന്റെ വടക്കേക്കരയിൽ ആഴ്ചകൾക്ക് മുമ്പാരംഭിച്ച പൈലിംഗ് ജോലികൾ മത്സ്യകന്യക പ്രതിമയുടെ സമീപമെത്തിനിൽക്കുകയാണ്. പ്രതിമയുടെ അപ്പുറവും ഇപ്പുറവും പൈലിംഗ് ആരംഭിച്ച് കോൺക്രീറ്റിംഗ് ജോലികൾ പുരോഗമിച്ചിരിക്കെ പ്രതിമ നീക്കം ചെയ്താലേ അടുത്ത ഘട്ടത്തിലേക്ക് നിർമ്മാണ കമ്പനിക്ക് കടക്കാൻ കഴിയൂ.
ഉറപ്പ് കിട്ടിയാൽ ഉടൻ മാറ്റം
പ്രതിമ നീക്കം ചെയ്യാൻ 15ലക്ഷം രൂപയുടെ പദ്ധതി നേരത്തെ ആസൂത്രണം ചെയ്തിരുന്നെങ്കിലും പ്രതിമയ്ക്ക് തകരാറുണ്ടാകില്ലെന്ന് ഉറപ്പ് നൽകാൻ കഴിയാത്തതിനാൽ അത് പിന്നീട് ഉപേക്ഷിച്ചു. നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽ പ്രതിമ മുസീരീസ് പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യാനും ആവശ്യമായ സഹായങ്ങൾ നിർമ്മാണ കമ്പനി നൽകാനും ധാരണയിലെത്തിയതാണ്. എന്നാൽ, മുസീരീസ് കമ്പനി യോഗത്തിൽ വാക്കാൽ പറഞ്ഞ കാര്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് നിർമ്മാണ കമ്പനിക്കോ നിർമ്മാണ ചുമതല വഹിക്കുന്ന കെ.ആർ.എഫ്.ബിക്കോ നൽകിയിട്ടില്ല. ഇതിനായി കെ.ആർ.എഫ്.ബി മുസീരീസിന് കഴിഞ്ഞ ദിവസം കത്തും നൽകി. പ്രതിമ നീക്കം ചെയ്യാൻ അധികാരപ്പെടുത്തിക്കൊണ്ട് മുസീരീസിൽ നിന്നുള്ള കത്ത് ലഭിച്ചാലുടൻ ശിൽപ്പം നീക്കാനാണ് തീരുമാനമെന്ന് കെ.ആർ.എഫ്.ബി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |