ആലപ്പുഴ: പുഞ്ചകൃഷിക്ക് വളപ്രയോഗം ആരംഭിച്ചിരിക്കെ കുട്ടനാട്ടിൽ യൂറിയ ക്ഷാമം രൂക്ഷമായി. യൂറിയ ഉത്പാദകരായ മൂന്ന് കമ്പനികളും തങ്ങളുടെ മൈക്രോ ന്യൂട്രിയൻസ് കൂടി യൂറിയയ്ക്കൊപ്പം അടിച്ചേൽപ്പിക്കാൻ തുടങ്ങിയതോടെ കർഷകരെ ആകെ വലഞ്ഞിരിക്കുകയാണ്. ഇതിന് വഴങ്ങാത്ത കർഷകർക്ക് യൂറിയ നിഷേധിക്കുന്ന അവസ്ഥയുണ്ട്.
യൂറിയ മാത്രമായി വിറ്റാൽ മൈക്രോ ന്യൂട്രിയൻസ് കെട്ടികിടക്കാനും ഇത് സംഘങ്ങൾക്കും രാസവള വ്യാപാരികൾക്കും നഷ്ടത്തിന് കാരണമാകുമെന്നും പറഞ്ഞ് നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന രീതിയാണുള്ളത്. വിലത്തകർച്ചയിലും കടക്കെണിയിലും പെട്ടുഴലുന്ന കർഷരെ സംബന്ധിച്ചിടത്തോളം രാസവള കമ്പനികളുടെ ഈ നിലപാട് ദ്രോഹകരമാണ്.
സഹകരണ സംഘങ്ങൾക്ക് ഗോഡൗൺ സംവിധാനം പരിമിതമായിരിക്കെ, യൂറിയായ്ക്കൊപ്പം കമ്പനികളുടെ മറ്റ് ബ്രാന്റഡ് ഉൽപ്പന്നങ്ങളും വാങ്ങണമെന്ന കമ്പനികളുടെ ശാഠ്യം കർഷകരെ കഷ്ടത്തിലാക്കി.
ഇതിനെതിരെ വിവിധ കർഷക സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. ആവശ്യത്തിന് യൂറിയയും ഫാക്ടംഫോസും മറ്റു വളങ്ങളും സർക്കാർ നിഷ്കർഷിക്കുന്ന വിലയിൽ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
വളം വേണോ, മൈക്രോന്യൂട്രിയൻസ് വാങ്ങണം
1.ചെടികളുടെ വളർച്ചയ്ക്കും പോഷണത്തിനും പ്രധാന ഘടകമാണ് യൂറിയ.
നെൽച്ചെടികൾ മുളച്ച് പതിനഞ്ചാം പക്കം മുതൽ നെല്ല് കുടമാകുന്നതിന് മുന്നോടിയായി അമ്പത്തഞ്ചാം പക്കം വരെ മൂന്ന് ഘട്ടങ്ങളിലായി വളപ്രയോഗം ആവശ്യമാണ്
2.ഒരു ഏക്കറിന് മൂന്ന് ഘട്ടങ്ങളിലായി 60 മുതൽ 65 കിലോ വരെ യൂറിയ ആവശ്യമാണ്. 45 കിലോയുടെ ഒരു ചാക്കിന് 266.50 രൂപയാണ് സബ്സിഡി വില. എന്നാൽ, കൈകാര്യ ചെലവടക്കം 330 രൂപ വരെ നൽകേണ്ടിവരുന്നുണ്ട്
3. രണ്ട് ചാക്ക് യൂറിയ ആവശ്യമുള്ള കർഷകന് യൂറിയയുടെ രണ്ടിരട്ടി വിലവരുന്ന 25 കിലോയുടെ മൈക്രോ ഫുഡുകൾ കൂടി വാങ്ങിയാലേ സഹകരണ സംഘങ്ങൾ ഉൾപ്പെടെ യൂറിയ വിതരണം ചെയ്യൂ
4. സഹകരണ സംഘങ്ങൾക്കും രാസവള വിൽപ്പനകേന്ദ്രങ്ങൾക്കും കമ്പനികൾ യൂറിയ വിതരണം ചെയ്യുന്നതും ഇതേ രീതിയിലാണ്.
അഞ്ച് ടൺ ആവശ്യമെങ്കിൽ നാല് ടൺ യൂറിയയും ഒരുടൺ മൈക്രോഫുഡുമായാണ് എത്തിക്കുന്നത്
.....................
മൈക്രോഫുഡ് അടിച്ചേൽപ്പിക്കുന്ന നടപടിക്കും കർഷകരോടുള്ള അവഗണനയ്ക്കുമെതിരെ നെൽകർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ 4ന് വൈകുന്നേരം5ന് പൂപ്പള്ളി ജംഗ്ഷനിൽ വാർപ്പാത്ത് 2024-25 നടത്തും
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
............
യൂറിയ മാത്രമായി കമ്പനികൾ നൽകുന്നില്ല. മൈക്രോഫുഡ് വാങ്ങാൻ തയ്യാറായാലേ യൂറിയ വിതരണം ചെയ്യൂ. യൂറിയയ്ക്കൊപ്പം അവ വിറ്റഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംഘത്തിന് നഷ്ടമുണ്ടാക്കും
- സഹകരണ സംഘം ഭരണസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |