ആലപ്പുഴ : സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിൽ ചേർത്തലയിൽ 483 പരാതികൾ തീർപ്പാക്കി. മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും പരാതികൾ കേട്ട് പരിഹാരം നിർദേശിച്ചു. ആകെ 546 പരാതികളാണ് പരിഗണനാർഹമായി ഉണ്ടായിരുന്നത്. 63 അപേക്ഷകളിൽ സത്വര തുടർനടപടികൾക്ക് മന്ത്രിമാർ നിർദ്ദേശിച്ച് വകുപ്പുകൾക്ക് കൈമാറി. അദാലത്ത് ദിവസം കൗണ്ടറിലൂടെ 396 പരാതികൾ കൂടി ലഭിച്ചു.
ഇതുവരെ പങ്കെടുത്ത അദാലത്തുകളിൽ ഏറ്റവും അധികം പരാതികൾ ലഭിച്ചതും പരിഹരിച്ചതും ഈ അദാലത്തിൽ ആണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. പുതുതായി ലഭിച്ച 396 അപേക്ഷകളിൽ ഒരാഴ്ചക്കകം മറുപടി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദാലത്ത് വലിയ വിജയമാക്കിയ ഉദ്യോഗസ്ഥർക്ക് നന്ദി പറയുന്നതായും സമാപന ചടങ്ങിൽ മന്ത്രി പറഞ്ഞു. പോക്കുവരവ് , റോഡ് നിർമ്മാണം, മുൻഗണന കാർഡ് നൽകൽ, ഭൂമി സർവെ , റീ സർവെ, ചികിൽസസഹായം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് കൂടുതൽ അപേക്ഷകൾ വന്നത്. അദാലത്തിലേക്ക് നേരത്തേ പരാതി നൽകിയവരെയെല്ലാം മന്ത്രിമാർ നേരിൽക്കണ്ടു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ അലക്‌സ് വർഗീസ്, ചേർത്തല മുൻസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജി മോഹനൻ, വി.ആർ.രജിത, ഗീതാ ഷാജി, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, എ.ഡി.എം ആശാ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി, തഹസീൽദാർ കെ.ആർ.മനോജ് എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ 9.30ന് ആരംഭിച്ച അദാലത്ത് രാത്രി 7.30 ന് അവസാനിച്ചു.
പരാതികൾ
ആകെ ലഭിച്ചത്: 669
പരിഗണനാർഹമായത്: 546
തീർപ്പാക്കിയത്: 483
തുടർ നടപടികൾക്ക്: 63
അദാലത്ത് ദിവസം ലഭിച്ചത്: 396
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |