SignIn
Kerala Kaumudi Online
Thursday, 22 October 2026 9.03 PM IST

പേട്ടതുള്ളലിന് അമ്പലപ്പുഴ സംഘം 6ന് പുറപ്പെടും

ആലപ്പുഴ : എരുമേലി പേട്ടതുള്ളലിനുള്ള അമ്പലപ്പുഴ സംഘം ആറിന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പുറപ്പെടും. നാളെ രാത്രിയിൽ ഇരുമുടിക്കെട്ട് നിറച്ച് സ്വാമിമാർ അമ്പലപ്പുഴ ക്ഷേത്രത്തിൽ വിരിവയ്ക്കും. 6ന് രാവിലെ 6.30ന് ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ തെളിയിച്ച് പ്രത്യേക വഴിപാടുകളും നടത്തി പത്തുനാൾ നീളുന്ന യാത്രയ്ക്ക് തുടക്കം കുറിക്കും. മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വർണ്ണത്തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോന് കൈമാറും. രഥഘോഷയാത്രയായി സംഘത്തെ മുൻ സമൂഹപ്പെരിയോനും സംഘം രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻനായർ യാത്രയാക്കും. സമീപ പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന സംഘം വൈകിട്ട് ക്ഷേത്രത്തിൽ വിശ്രമിച്ച് 7ന് രാവിലെ യാത്രതിരിക്കും.

8ന് മല്ലപ്പള്ളി ക്ഷേത്രത്തിൽ ഉച്ചഭക്ഷണത്തിനു ശേഷം മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തും. 9ന് മണിമലക്കാവിൽ ആഴിപൂജയ്ക്ക് ശേഷം 10ന് എരുമേലി എത്തും. വൈകിട്ട് എരുമേലി വാവരു പള്ളിയിൽ സമൂഹപ്പെരിയോന്റെ അദ്ധ്യക്ഷതയിൽ മതസൗഹാർദ്ദ സമ്മേളനം നടക്കും.

വാർത്താസമ്മേളനത്തിൽ സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള, സംഘംസെക്രട്ടറി കെ.ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജിതിൻ രാജ്, ഖജാൻജി ബിജു സാരംഗി , രഥയാത്ര കൺവീനർ ആർ.മധു വേലംപറമ്പ് എന്നിവർ പങ്കെടുത്തു.

പേട്ടതുള്ളൽ 11ന്

11ന് ഉച്ചയ്ക്ക് 12ന് ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ ദർശിച്ച് തിടമ്പ് പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് പേട്ടതുള്ളൽ ആരംഭിക്കും. കൊച്ചമ്പലത്തിൽ നിന്ന് ഇറങ്ങുന്ന പേട്ടതുള്ളൽ വാവര് പള്ളിയിൽ പ്രവേശിക്കും. കളഭംതളിച്ചും പുഷ്പവൃഷ്ടി നടത്തിയും സംഘത്തെ സ്വീകരിക്കും. ക്ഷേത്രത്തിലെത്തുന്ന വാവർ പ്രതിനിധിയെയും സമൂഹപ്പെരിയോനൊപ്പം ആചാരപരമായി സ്വീകരിക്കും. രാത്രി ആഴി പൂജയ്ക്ക് ശേഷം പരമ്പരാഗതപാതയിലൂടെ പമ്പയിലേക്ക് നീങ്ങും. 13ന് പമ്പസദ്യയും പമ്പവിളക്കും നടത്തി മലകയറും. സംഘത്തെ മരക്കൂട്ടത്ത് വച്ച് ദേവസ്വം,പൊലീസ് അധികാരികൾ സ്വീകരിച്ച് ആനയിക്കും. 14ന് അത്താഴപൂജയ്ക്ക് ശേഷം അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടക്കും.

ആകെ അംഗങ്ങൾ : 250

മാളികപ്പുറങ്ങൾ : 35

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL