ആലപ്പുഴ: ഹരിപ്പാട്ടെ ദേവനാരായണനും ആറാട്ടുപുഴയിലെ കാർത്ത്യായനിക്കും പിന്നാലെ കടക്കരപ്പള്ളിയിൽ ലളിതയെന്ന വീട്ടമ്മയും തെരുവുനായ് ആക്രമണത്തിൽ മരിച്ചിട്ടും പേവിഷപ്രതിരോധവും തെരുവുനായ് നിർമ്മാർജനവും ലക്ഷ്യമിട്ടുള്ള
എ.ബി.സി പദ്ധതി ജില്ലയിൽ ഇതുവരെ നടപ്പായില്ല.
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്കൂൾ വിദ്യാർത്ഥി ഉൾപ്പടെ മൂന്ന് ജീവനുകളാണ് തെരുവുനായ ആക്രമണത്തിൽ പൊലിഞ്ഞത്. ദേവനാരായണനും ലളിതയും പേവിഷ ബാധയേറ്റും കാർത്ത്യായനിയെ തെരുവുനായ്ക്കൂട്ടം കടിച്ചുകീറിയുമാണ് മരണത്തിന് കീഴ്പ്പെടുത്തിയത്.
കാർത്ത്യായനിയുടെ അതിദയനീയ മരണത്തിന് ശേഷം രണ്ട് സ്കൂൾ വിദ്യാർത്ഥികൾ തെരുവ്നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായിരുന്നു. വലിയഴീക്കൽ വിളുമ്പത്ത് ലക്ഷ്മി(7), രാമഞ്ചേരി കണ്ണങ്കരേത്ത് പീറ്റതിൽ ദർശിത് (നാലര) എന്നിവർക്കാണ് കടിയേറ്റത്. എന്നിട്ടും എ.ബി.സി പദ്ധതി എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരുഉത്തരവുമില്ല. കേന്ദ്ര ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരം വൈകുന്നതാണ് പദ്ധതി ആരംഭിക്കുന്നതിന് തടസമെന്നാണ് ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വിശദീകരണം. എന്നാൽ, രണ്ട് എം.പി മാരുള്ള ജില്ലയിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി പദ്ധതി നടപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അംഗീകാരത്തിനായി കാത്തിരിപ്പ്
1.ആലപ്പുഴ ബീച്ചിലും കണിച്ചുകുളങ്ങരയിലും തെരുവുനായ് വന്ധ്യം കരണത്തിനായി എ.സി ഓപ്പറേഷൻ തീയറ്ററും കിച്ചണും കൂടുകളും ഉൾപ്പെടെ സംവിധാനങ്ങളെല്ലാം സജ്ജമായെങ്കിലും ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരമില്ലാത്തതിനാൽ മുന്നോട്ടുപോയില്ല
2.പദ്ധതിക്കായി ഡോക്ടർമാരെയും ക്യാച്ചർമാരെയും പരിചാരകരെയും നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടും മാസങ്ങളായി. അംഗീകാരത്തിനുളള കാത്തിരിപ്പ് ഒരു വർഷത്തിലേറെ നീണ്ടതോടെ നായ്ക്കളുടെ കേന്ദ്രമായി നാട് മാറിക്കഴിഞ്ഞു
3.എ.ബി.സി പദ്ധതി നിർവഹണ നടപടികളിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ ആലപ്പുഴ ജില്ലയാണെങ്കിലും നാളിതുവരെ ഒരു നായയെപ്പോലും വന്ധ്യംകരിക്കാനോ പേ വിഷ നിർമ്മാർജന നടപടികൾ കൈക്കൊള്ളാനോ സാധിച്ചില്ലെന്നതാണ് ദുഖകരമായ സത്യം
4.ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും എ.ബി.സി സെന്ററുകൾക്കായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.അമ്പലപ്പുഴ, മുതുകുളം ബ്ളോക്ക് പഞ്ചായത്തുകൾ ഭൂമി വിലകൊടുത്ത് വാങ്ങി. തൈയ്ക്കാട്ടുശേരി പഞ്ചായത്ത് സ്ഥലം സ്വന്തമാക്കാൻ നീക്കം തുടങ്ങി
...........................................
എ.ബി.സി സെന്ററുകൾ
ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത് : 65 ലക്ഷം
ശമ്പളത്തിന് നീക്കിവച്ചത്: 12 ലക്ഷം
സജ്ജമാക്കിയ കൂടുകൾ: 100
................................................
തെരുവുനായ് വന്ധ്യം കരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കാവുന്ന എല്ലാ നടപടികളും കൈക്കൊണ്ടുകഴിഞ്ഞു. കേന്ദ്ര ആനിമൽ വെൽഫയർ ബോർഡിന്റെ അനുമതി ലഭിക്കാത്തതാണ് തടസം. വിഷയം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി കേന്ദ്ര ഇടപെടലിലൂടെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമത്തിലാണ്
-കെ.ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |