
ഹരിപ്പാട് : സംസ്ഥാനസർക്കാർ താലൂക്കുതലത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൽ കാർത്തികപ്പള്ളി താലൂക്കിൽ 268 പരാതികൾ തീർപ്പാക്കി. 117 അപേക്ഷകളിൽ സത്വര തുടർ നടപടികൾക്ക് നിർദേശിച്ച് മന്ത്രിമാർ വകുപ്പുകൾക്ക് കൈമാറി. രാമപുരം ചേപ്പാട് താമരശ്ശേരി കൺവെൻഷൻ സെന്ററിൽ നടന്ന അദാലത്തിൽ മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവർ പരാതികൾ കേട്ട് പരിഹാരം നിർദ്ദേശിച്ചു.
അദാലത്ത് ദിവസം കൗണ്ടറിലൂടെ 285 പുതിയ പരാതികൾ കൂടി ലഭിച്ചു. പുതിയ പരാതികൾ സ്വീകരിക്കാൻ കൗണ്ടറുകൾ ഒരുക്കിയിരുന്നു. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും 15 ദിവസത്തിനകം തീർപ്പ് കൽപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്തു. വിവിധ വില്ലേജുകളിലായി വളരെക്കാലമായി കരം അടയ്ക്കാൻ സാധിക്കാതിരുന്ന 11 കേസുകളിൽ നികുതി രസീതുകൾ അദാലത്തിൽ വിതരണം ചെയ്തതായി സമാപന ചടങ്ങിൽ മന്ത്രി പി. പ്രസാദ് പറഞ്ഞു. പള്ളിപ്പാട് വില്ലേജിലെ ചലനശേഷിയും കാഴ്ചശക്തിയും ഇല്ലാത്ത മഹേഷ് കുമാറിന് പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ നൽകാനും നിലവിലുള്ള ആധാർ, റേഷൻ കാർഡ് എന്നിവ മാനദണ്ഡമായി പരിഗണിച്ച് എല്ലാ ആനുകൂല്യം നൽകാനും ഉത്തരവിട്ടു. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട 15 കേസുകളും കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട 9 കേസുകളും തീർപ്പാക്കിയതായി മന്ത്രി പി.പ്രസാദ് അറിയിച്ചു. എം.എൽ.എ മാരായ യു.പ്രതിഭ, തോമസ് കെ. തോമസ്, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ അദാലത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |