ആലപ്പുഴ : തീർത്ഥാടകസംഘം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് പീരുമേട് പുല്ലുപാറ ചെക്ക് പോസ്റ്റിന് സമീപം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മാവേലിക്കര തട്ടാരമ്പലം മറ്റം തെക്ക് സോമസദനത്തിൽ സംഗീത് സോമൻ (42) , കൊറ്റാർകാവ് കൗസ്തുഭത്തിൽ ജി.കൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ബിന്ദു ഉണ്ണിത്താൻ (54) എന്നിവർക്ക് നാട് കണ്ണീരോടെ വിട നൽകി.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഗീത് സോമന്റെ സംസ്കാരം. മക്കളായ സൗരവും സിദ്ധാർത്ഥുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
ഭർത്താവിന്റെ വിയോഗത്തിൽ തളർന്നുപോയ ഭാര്യ ഹരിതയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിതുമ്പി.
മാതാവ് വിജയകുമാരിയുടെയും സഹോദരിമാരായ സവിതയുടെയും സംഗീതയുടെയും തേങ്ങലുകൾ സോമസദനത്തെ സങ്കടക്കടലാക്കി. തട്ടാരമ്പലത്തെ മൊബൈൽ ഷോപ്പ് ഉടമയായ സംഗീതിനോടുള്ള ആദരസൂചകമായി വ്യാപാരികൾ കടകൾ അടച്ചിട്ടു.
കൊറ്റാർകാവിലെ വീട്ടുവളപ്പിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ബിന്ദുഉണ്ണിത്താന്റെ സംസ്കാരം. മക്കളായ ദേവികൃഷ്ണനും ദീപാ കൃഷ്ണനും അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തവേ ദുഖം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. നാട്ടുകാരും ബന്ധുക്കളും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുമടക്കം വൻ ജനാവലിയാണ് ബിന്ദുവിന് യാത്രാമൊഴിയേകാനെത്തിയത്. മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എം.പി , എം.എസ്.അരുൺകുമാർ എം.എൽ.എ, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ, കെ.എസ്.ആർ.ടിസി ജീവനക്കാർ എന്നിവരും സംഗീതിനും ബിന്ദുവിനും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
അപകടത്തിൽ മരിച്ച മറ്രംവടക്ക് കാർത്തികയിൽ അരുൺഹരിയുടെ (37) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2നും പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കതിൽ രമാമോഹന്റെ ( 62) സംസ്കാരം വൈകിട്ട് 3നും വീട്ടുവളപ്പിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |