ആലപ്പുഴ: അസാധാരണ വൈകല്യങ്ങളുമായി ജനിച്ച നവജാത ശിശുവിന്റെ കുടുംബത്തിന് ആത്മഹത്യാ ചിന്തകളുണ്ടാകാതിരിക്കാൻ ബോധവത്ക്കണം നൽകി ആരോഗ്യവകുപ്പ്. ഡോക്ടറടക്കമുള്ള മൂന്നംഗ സംഘം ഇന്നലെയാണ് ആലപ്പുഴ ലജ്നത്ത് വാർഡിലെ വീട്ടിലെത്തിയത്. ഗൃഹനാഥനായ അനീഷ് മുഹമ്മദ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ നവംബർ 26ന് കടപ്പുറം ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ പരാതി നൽകിയിട്ടും, ഇതുവരെ യാതൊരു നടപടിയുമുണ്ടാകാത്തത് ചോദ്യം ചെയ്ത് അനീഷ് മുഹമ്മദ് ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നു. നീതി ലഭിച്ചില്ലെങ്കിൽ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അറിയിച്ചതോടെയാണ് ബോധവത്ക്കരണ സംഘത്തെ വീട്ടിലേക്കയച്ചത്. അതേസമയം,
താനുണ്ടായിരുന്നെങ്കിൽ സംഘത്തെ വീട്ടിൽ നിന്നിറക്കി വിടുമായിരുന്നുവെന്ന് അനീഷ് പിന്നീട് പ്രതീകരിച്ചു.
പ്രഖ്യാപനം പാഴായി ?
കരുതലും കൈത്താങ്ങും പദ്ധതിയിൽ സമർപ്പിച്ച അപേക്ഷ പ്രകാരം കുഞ്ഞിന്റെ ചികിത്സ പൂർണമായും സൗജന്യമാക്കിയെന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചെങ്കിലും, ഇത് സംബന്ധിച്ച യാതൊരു ഔദ്യോഗിക രേഖയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. അന്വേഷണം മുകൾത്തട്ടിൽ നടക്കുന്നതിനാൽ തങ്ങൾക്ക് യാതൊന്നും പറയാനില്ലെന്ന സ്ഥിരം പല്ലവിയാണ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ലഭിക്കുന്നത്. കുറ്റം ചെയ്ത ആരോഗ്യ പ്രവർത്തകരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ പോലും തയാറാകാതെ ആരോഗ്യവകുപ്പ് ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം.
ചികിത്സയിലും വ്യക്തതയില്ല
കുഞ്ഞിന് എന്ത് ചികിത്സയാണ് നൽകേണ്ടതെന്നതിൽ ആരോഗ്യവകുപ്പിൽ നിന്ന് വ്യക്തമായ ഒരു മറുപടിയും കുടുംബത്തിന് ലഭിച്ചിട്ടില്ല. ആശുപത്രിയിലെത്തി മൂക്കിലെ ട്യൂബ് മാറ്റുകയും, ഫിസിയോതെറാപ്പി ചെയ്യുകയും മാത്രമാണ് രണ്ട് മാസമായി തുടരുന്ന ചികിത്സ. സംസ്ഥാന സർക്കാർ ചികിത്സ ഏറ്റെടുക്കാൻ തയാറാകാത്ത പക്ഷം കുഞ്ഞിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ തയാറാണെന്ന് കെ.സി.വേണുഗോപാൽ എം.പി അറിയിച്ചിരുന്നു. ഇത് പ്രകാരം അദ്ദേഹം കുടുംബത്തിന്റെ പക്കൽ നിന്ന് ലഭ്യമായ ചികിത്സാരേഖകൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ, കടപ്പുറം ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്ന് രേഖകൾ പൊലീസിന് കൈമാറിയെന്ന അറിയിപ്പാണ് ലഭിച്ചത്.
കുറ്റക്കാർക്കെതിരെ നടപടിയെടുത്താണ് ഞങ്ങൾക്ക് നീതി നൽകേണ്ടത്. ബോധവത്ക്കരണ സംഘം വീട്ടിലെത്തിയ സമയം ഞാനുണ്ടായിരുന്നെങ്കിൽ അവരെ ഇറക്കിവിടുമായിരുന്നു
- അനീഷ് മുഹമ്മദ്, കുട്ടിയുടെ പിതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |