
# ദുരൂഹത ആരോപിച്ച് ഉടമ
ആലപ്പുഴ: ചെട്ടികുളങ്ങര കമ്പനിപ്പടി ജംഗ്ഷനിലെ മധുരാപുരി എന്ന ആയുർവേദ ആശുപത്രി പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 11മണിയോടെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് മാവേലിക്കരയിൽ നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും
തീ ആളിപടർന്നതോടെ കായംകുളം, ചെങ്ങന്നൂർ നിലയങ്ങളിൽ നിന്ന് അഞ്ച്
യൂണിറ്റുകൾ കൂടിയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ
തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
3,000 സ്ക്വയർ ഫീറ്റ് വരുന്ന ഓടുമേഞ്ഞ, തടികൊണ്ടുള്ള അറപ്പുരയും തടിയുടെ മേൽത്തട്ടോട് കൂടിയതുമായ കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. എണ്ണത്തോണി, കട്ടിലുകൾ അടക്കമുള്ള ഫർണിച്ചറുകൾ, മരുന്നുകൾ, രണ്ട്കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ, ഉടമയുടെ നേതൃത്വത്തിൽ നടന്നുവന്നതും പൂർത്തിയായതുമായ സിനിമ ചിത്രീകരണ ഫയലുകൾ, ക്യാമറ എന്നിവയും അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തട്ടാരമ്പലം സ്വദേശി ധനഞ്ജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് 60 വർഷത്തെ പഴക്കമുണ്ട്. കൊല്ലം സ്വദേശി മനുശങ്കർ ആണ് കഴിഞ്ഞ രണ്ട് വർഷമായി ആയുർവേദ സ്ഥാപനം നടത്തിവരുന്നത്.
പൊലീസ്, കെ.എസ്.ഇ.ബി സംഘം സ്ഥലത്ത് പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ പ്രാഥമിക നിഗമനം. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് മാവേലിക്കര പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെ സ്ഥലത്ത് പരിശോധന നടത്തണമെന്നും സ്ഥാപനത്തിനെതിരെ ചില സാമൂഹ്യവിരുദ്ധർ നേരത്തെ രംഗത്തു വന്നിരുന്നതായും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആശുപത്രി ഉടമ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |