ആലപ്പുഴ: സംസ്ഥാനത്ത് ചെമ്മീൻ ലഭ്യത കുറഞ്ഞതും മത്സ്യബന്ധനത്തിലെ നിയന്ത്രണങ്ങളും പീലിംഗ് ഉൾപ്പടെയുള്ള അനുബന്ധ മേഖലകൾക്ക് തിരിച്ചടിയാകുന്നു. തമിഴ്‌നാട്, ഒറീസ, ആന്ധ്ര എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നുള്ള ചെമ്മീൻ വരവ് ഗണ്യമായി കുറയുകയും 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് മേഖലയിൽ കഷ്ടകാലം തുടങ്ങിയത്. ജില്ലയിലെ പീലിംഗ് ഷെഡുകളിൽ പണിയെടുക്കുന്ന മൂന്ന് ലക്ഷത്തോളം തൊഴിലാളികളും 800ചെമ്മീൻ ഷെഡ് ഉടമകളുമാണ് ഇതോടെ വറുതിയിലാണ്.
ചേർത്തല,അമ്പലപ്പുഴ,കാർത്തികപ്പള്ളി താലൂക്കുകളിലാണ് പീലിംഗ് ഷെഡുകളിൽ അധികവും പ്രവർത്തിക്കുന്നത്. പീലിംഗ് മേഖലയിലെ 70 ശതമാനം തൊഴിലാളികളും അരൂർ, അമ്പലപ്പുഴ ഭാഗങ്ങളിലുള്ളവരാണ്. ഇതിൽ 90 ശതമാനവും സ്ത്രീകളാണ്. ഒരു ബേയ്‌സിനിലെ (മൂന്നു കിലോ) ചെമ്മീൻ പൊളിക്കാൻ 28 രൂപ വരെയാണ് കൂലി. ദിവസം 500 മുതൽ 800 രൂപ വരെ വേതനം വാങ്ങുന്നവരുണ്ട്.
കയറ്റുമതിയിലും ഇടിവ്
# കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ പിന്നിലാണ്. കഴിഞ്ഞ വർഷം കയറ്റുമതിയിലൂടെ കേരളത്തിന് ലഭിച്ചത് 7,000 കോടിരൂപ മാത്രമാണ്
# ചെമ്മീൻ ഫാമുകൾ വ്യാപിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കടലിലെ ക്ഷാമം പരിഹരിക്കാൻ കൂടുതൽ ചെമ്മീൻ ഫാമുകൾ തുടങ്ങണം
# അന്യസംസ്ഥാനങ്ങളിൽ നിന്ന് ചെമ്മീനിന്റെ 20 ശതമാനം പോലും ഇപ്പോൾ എത്തുന്നില്ല. ചെമ്മീൻ ഫാമുകളോട് ചേർന്ന് അവിടെ പീലിംഗ് ഷെഡുകൾ ആരംഭിച്ചത് വരവിൽ കുറവുണ്ടാക്കി
# തമിഴ്‌നാട്ടിൽ ചെമ്മീൻ ഫാമുകൾക്ക് ഒരു യൂണിറ്റ് വൈദ്യുതിയുടെ നിരക്ക് രണ്ട് രൂപയിൽ താഴെയാണ്. സംസ്ഥാനത്ത് ഇത് 20 രൂപയാണ്
# വാഹന വാടക കൂടുതലായതും വിനയായി. അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിൽ ചെമ്മീൻ എത്തിക്കണമെങ്കിൽ കിലോയ്ക്ക് കുറഞ്ഞത് മൂന്ന് രൂപ വാഹന വാടകയായി വേണ്ടിവരും
ജില്ലയിൽ
ചെമ്മീൻ ഷെഡുടമകൾ: 800
തൊഴിലാളികൾ: 3 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |