ആലപ്പുഴ: ദേശീയപാത നവീകരണത്തിന് വേമ്പനാട്ട് കായലിനോട് ചേർന്നുള്ള പുന്നമടയിലെ ദേശീയ ജലപാതയിൽ നിന്ന് ഖനനം ചെയ്യുന്നത് നാല് ലക്ഷം ക്യുബിക് മീറ്റർ മണ്ണ്. ദേശീയപാത 66 ലെ പറവൂർ- തുറവൂർ റീച്ചിലെ നിർമ്മാണത്തിന് ദേശീയപാത നിർമ്മാണ കമ്പനി ആവശ്യപ്പെട്ട മണ്ണാണ് പുന്നമടയിലെ സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം ജലപാതയ്ക്ക് പടിഞ്ഞാറ് 3.5 കിലോ മീറ്ററോളം ദൂരത്തിൽ നിന്ന് ഖനനം ചെയ്‌തെടുക്കുന്നത്.
മൂന്നുമീറ്റർ ആഴത്തിൽ ഖനനം ചെയ്ത് മണ്ണ് കണ്ടെത്താനാണ് ശ്രമം. മണ്ണിന്റെ വിലയും റോയൽറ്റിയും സർക്കാർ ഒഴിവാക്കി നൽകിയിട്ടുണ്ടെങ്കിലും ഖനനം ചെയ്യുന്ന മണ്ണിന്റെ അളവ് ഉറപ്പാക്കേണ്ടത് ജിയോളജി വിഭാഗമാണ്. ഖനനം ചെയ്ത് മാലിന്യങ്ങളും ചെളിയും നീക്കി പുന്നമടയിലെ യാർഡിൽ നിന്ന് കയറിപ്പോകുന്ന മണ്ണ് ജിയോളജി വിഭാഗം അളന്ന് തിട്ടപ്പെടുത്തും. ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം നിർണയിച്ചതിൽ കൂടുതൽ മണ്ണ് ഖനനം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ഇറിഗേഷൻ വിഭാഗത്തിൽ എത്തിച്ചിരുന്നു.
സമരത്തിനൊരുങ്ങി നെൽകർഷകർ
1.കാലാവസ്ഥാ വ്യതിയാനവും വൃശ്ചിക വേലിയേറ്റവും കാരണം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ നെൽകൃഷിയെ ഡ്രഡ്ജിംഗ് ദോഷകരമായി ബാധിക്കുമെന്നതാണ് നെൽകർഷകരുടെ ആശങ്ക.
2.മൈനിംഗ് ആന്റി ജിയോളജി വകുപ്പിന്റെയോ റവന്യൂ, കൃഷി , ഇറിഗേഷൻ വകുപ്പുകളുടെയോ ഉന്നത ഉദ്യോഗസ്ഥർക്കോ, വിദഗ്ദർക്കോ സ്ഥലം പോലും സന്ദർശിക്കാൻ അവസരം നൽകാതെയാണ് ഖനനത്തിന് അനുമതി നൽകിയത്
3.കൊല്ലത്തെ അഷ്ടമുടിക്കായലിൽ നിന്ന് മണ്ണെടുത്താലുണ്ടാകുന്ന സാഹചര്യമല്ല ആലപ്പുഴയിലേത്. കുട്ടനാട്ടിലെ കൃഷിയും ജലലഭ്യതയും ഖനനം ഇല്ലാതാകുമെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നെൽകർഷകർ പറയുന്നു
4.കായൽപ്പരപ്പിൽ നിന്ന് നിശ്ചിത സ്ഥലത്ത് മാത്രം മണ്ണ് ഖനനം ചെയ്യുന്നത് മത്സ്യസമ്പത്തിന് ഭീഷണിയുണ്ടാക്കില്ല.എന്നാൽ, കക്കയുടെ പ്രജനനത്തെ ഇത് ബാധിക്കും. കക്കയുടെ ആവാസ വ്യവസ്ഥ തകർക്കുമെന്നാണ് കുഫോസിലെ വിദഗ്ദർ പറയുന്നത്
5.വേമ്പനാട്ട് കായലിൽ മുഹമ്മ, തണ്ണീർ മുക്കം ഭാഗത്തുമാത്രമാണ് കക്ക സുലഭമായി ലഭിക്കുന്നത്. മുമ്പ് പുന്നമടയിലും പരിസരത്തും ലഭിച്ചുകൊണ്ടിരുന്നത്ര കക്ക ഇപ്പോൾ കിട്ടാനില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |