ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് പുനർനിർമ്മാണ ജോലികൾ പൂർത്തീകരിച്ച് ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. പ്രധാനപാലമായ പള്ളാത്തുരുത്തി പാലത്തിന്റെയും രണ്ട് ചെറുപാലങ്ങളുടെയും ടാറിംഗ് ജോലികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. പള്ളാത്തുരുത്തി പാലം സെപ്തംബറിലും ടാറിംഗ് ജോലികൾ ജൂലായിലും പൂർത്തീകരിക്കാനാണ് നിർമ്മാണ ചുമതലയുള്ള കെ.എസ്.ടി.പി ലക്ഷ്യമിടുന്നത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി മുൻ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പദ്ധതിക്ക് ആവശ്യമായ 649.76 കോടി രൂപ അനുവദിച്ചത്.
2019ൽ നിർമ്മാണം തുടങ്ങിയെങ്കിലും പലവിധ കാരണങ്ങളാൽ 2023ൽ റോഡ് നവീകരണം പൂർത്തികരിക്കാനായില്ല. ദേശീയ ജലപാതയുടെ മാനദണ്ഡം പാലിക്കാത്തതിനാൽ, പള്ളാത്തുരുത്തി പാലത്തിന്റെ ആദ്യം തയ്യാറാക്കിയ ഡിസൈൻ മാറ്റിയത് നിർമ്മാണം വൈകാൻ കാരണമായി. പിന്നീട് തയ്യാറാക്കിയ ഡിസൈന് ദേശീയ ജലപാത അതോററ്ററിയുടെ അംഗീകാരം ലഭിച്ചു. കിടങ്ങറ പടിഞ്ഞാറെ പാലം, പണ്ടാരക്കളം പാലങ്ങളുടെ പണിയും പൂർണ്ണമാകാനുണ്ട്. ഇ.പി.സി (എൻജിനിയറിംഗ് പ്രൊക്വയർമെന്റ് കോൺട്രാക്ട്) മാതൃകയിലാണ് നിർമ്മാണം. 24.14കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ എ-സി റോഡിലെ ഗതാഗതം ഏത് കാലാവസ്ഥയിലും സുഗമമാകുന്നതിനൊപ്പം സൗന്ദര്യാത്മകവുമാകും.
പള്ളാത്തുരുത്തി പാലം നിർമ്മാണം 60ശതമാനം പിന്നിട്ടു
പള്ളാത്തുരുത്തി പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ 60ശതമാനം പൂർത്തീകരിച്ചു
കോസ് വേകളിൽ ഗർഡറുകൾ സ്ഥാപിക്കൽ, റോഡ് പൊളിച്ച് ടാറിംഗ്, കാന നിർമ്മാണം എന്നിവയാണ് ഇപ്പോൾ പുരോഗമിക്കുന്നത്
പള്ളാത്തുരുത്തി പാലത്തിന്റെ അവസാന സ്പാനിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി വരുന്നു
മാമ്പുഴക്കരി, നെടുമുടി പാലങ്ങൾക്ക് കിഴക്കുവശത്തും പൂപ്പള്ളി ജംഗ്ഷനിലും കോസ് വേ നിർമ്മിച്ചു
നവീകരണ ജോലികൾ പുരോഗമിക്കുന്നതിനിടെ ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
ചിലവ്: ₹649.76 കോടി
"നവീകരണ ജോലികൾ പൂർത്തീകരിച്ച് ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പള്ളാത്തുരുത്തി പാലത്തിന്റെ 60ശതമാനം ജോലികൾ പൂർത്തീകരിച്ചു. ശേഷിക്കുന്ന ഭാഗത്തെ ടാറിംഗ്, നടപ്പാത എന്നിവയും രണ്ട് ചെറുപാലങ്ങളുമാണ് പൂർത്തികരിക്കാനുള്ളത്.
- ബിജു, എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ടി.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |