അമ്പലപ്പുഴ : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ജീവനക്കാരികളും സഹായിയും പിടിയിലായി. പുറക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ തെക്കൻ കണിച്ചുകുളങ്ങര അമ്പലത്തിന് തെക്കുവശം ഇല്ല്യാസ് പറമ്പ് വീട്ടിൽ ബിന്ദു (48), 15-ാം വാർഡിൽ അണ്ണായിമഠം സ്കൂളിന് സമീപം കാരിക്കാപറമ്പ് വീട്ടിൽ സുൽഫിയാ ഹസൻ (37), അയൽവാസിയും സഹായിയുമായ മായ (44) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. മുളമൂട്ടിൽ ഫിനാൻസിയേഴ്സിന്റെ പുറക്കാട് ശാഖയിൽ നിന്ന് പണയ സ്വർണത്തിൽ തിരിമറി നടത്തി 14 ലക്ഷത്തോളം രൂപയും സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
സ്ഥാപനത്തിലെ ജീവനക്കാരായ പ്രതികൾ, മായയുടെ സഹായത്താൽ പല പേരുകളിൽ 23 പവൻ ആഭരണങ്ങൾ 14 ലക്ഷത്തോളം രൂപയ്ക്ക് പലപ്പോഴായി പണയം വച്ചിരുന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഈ സ്വർണം പിന്നീട് എടുത്ത് വിറ്റാണ് തട്ടിപ്പ് നടത്തിയത്.
ഈമാസം 22ന് ഓഡിറ്ററും അപ്രൈസറും എത്തിയ സമയം ബാങ്കിന്റെ ചാർജ്ജുണ്ടായിരുന്ന ബിന്ദു ലോക്കറിന്റെ താക്കോൽ നൽകാതെ മുങ്ങി. സംശയമൊന്നും തോന്നാത്തത് കാരണം പരാതി നൽകിയില്ല. എന്നാൽ, ബിന്ദുവിനെ കാണാനില്ലെന്ന മകളുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ജീവനക്കാർ ലോക്കറിലെ പണയ സ്വർണം പരിശോധിച്ചപ്പോഴാണ് കുറവ് കണ്ടെത്തിയത്. 50,000 ത്തോളം രൂപയും കാണാതായി. തുടർന്ന് പരാതി നൽകി.
അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ .രാജേഷിന്റെ മേൽനോട്ടത്തിൽ സി.ഐ എം.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐമാരായ മധു .വി, ഷാജി എ.എൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് കുമാർ, വിഷ്ണു ജി, ജോസഫ് ജോയ് വി, വനിതാ സിവിൽ പൊലീസ് ഓഫീസർ ഗാർഗി എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
'ദൃശ്യം' മോഡലിൽ
വഴിതെറ്റിക്കാനും ശ്രമം
അമ്പലപ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിന്ദുവിന്റെ ഫോൺ ലൊക്കേഷൻ പുറക്കാട് ഭാഗത്ത് തുടർച്ചയായി കാണിച്ചെങ്കിലും അത് തട്ടിപ്പാണെന്ന് പിന്നീട് മനസിലായി. ഫോൺ
ഒരു ചാക്കിൽ പൊതിഞ്ഞുകെട്ടി വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. 'ദൃശ്യം' മോഡലിൽ അന്വേഷണസംഘത്തെ വഴിതെറ്റിക്കാനായിരുന്നു ഇത്. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിന്ദു ഒരു സ്ത്രീയുടെ സ്കൂട്ടറിൽ കയറിപ്പോകുന്നതായി കണ്ടെത്തി. അവരെ ചോദ്യം ചെയ്തതിൽനിന്ന് തമിഴ്നാട്ടിലെ സേലത്ത് ജോലി ശരിയായിട്ടുണ്ടെന്നും അങ്ങോട്ട് പോകുകയാണെന്ന് ബിന്ദു പറഞ്ഞതായും അറിഞ്ഞു.
ആലപ്പുഴ എസ്.ഡി കോളേജിന് മുന്നിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടിസി സൂപ്പർ ഫാസ്റ്റ് ബസിൽ കയറിയ ബിന്ദു തൃശ്ശൂരിൽ ഇറങ്ങിയതായി തെളിഞ്ഞു. തുടർന്ന് കോഴിക്കോടുള്ള പുതിയാപ്പ എന്ന സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽ മറ്റു രണ്ടു പ്രതികളുടെ പങ്ക് വെളിവാകുകയും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്പലപ്പുഴ കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |