ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ താറാവ്, കോഴി, കാട പക്ഷികളുടെ നഷ്ടപരിഹാര വിതരണം വൈകുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. സംസ്ഥാനവിഹിതം അനുവദിക്കാത്തതാണ് നഷ്ടപരിഹാരവിതരണത്തിന് തടസമായത്.
ലഭിക്കുന്ന നഷ്ടപരിഹാരം തുച്ഛമാണെന്നിരിക്കെ അതുപോലും കൈകളിലെത്താത്തത് കർഷകരെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്. ഒരുകിലോ മുതൽ ഒന്നര കിലോ വരെ വരുന്ന താറാവിന്റെ ഇറച്ചി വിറ്റാൽ 500-700 രൂപവരെ വില ലഭിക്കുമെന്നിരിക്കെ 60ദിവസത്തിൽ താഴെ പ്രായമുള്ള താറാവിന് 100രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് സർക്കാർ നൽകുന്നത് . കഴിഞ്ഞ 9 മാസമായി മുട്ടവിൽപ്പനയിലുണ്ടായ നഷ്ടം അതിലും ഭീമമാണ്. പക്ഷിപ്പനി ബാധയെ തുടർന്ന് ആദ്യ രണ്ടുമാസം വിപണി നിശ്ചലമായതിന് പിന്നാലെയാണ് പ്രഖ്യാപിത നിരോധനമുണ്ടായത്.
കഴിഞ്ഞ ഡിസംബർ 31വരെയുള്ള നിരോധനം മൂലം കർഷകർക്ക് വൻനഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞവർഷത്തെ ഈസ്റ്റർ, ക്രിസ്മസ് സീസണുകൾ നഷ്ടമായ കർഷകർക്ക് ഈവർഷത്തെ ഈസ്റ്റർ വിപണിയും നഷ്ടമാകും. നിരോധനം കഴിഞ്ഞമാസം 31ന് അവസാനിച്ചെങ്കിലും മുട്ട അടവച്ച് വിരിഞ്ഞ് കുഞ്ഞുങ്ങളായി രണ്ട് മാസമാകുമ്പോഴേക്കും ഈ വർഷത്തെ ഈസ്റ്റർ സീസണാകും. ഉദ്ദേശിച്ചത്ര വളർച്ച ലഭിക്കാത്തതിനാൽ ഇറച്ചിയ്ക്ക് ഇവയെ വിൽക്കാൻ കഴിയില്ല.
സർക്കാരിന്റെ അവഗണനയ്ക്കെതിരെ നാളെ ജില്ലാ മൃഗ സംരക്ഷണ ഓഫീസിന് മുൻപിൽ ഉപരോധസമരം നടത്താനാണ് ഐക്യ താറാവ് കർഷക സംഘത്തിന്റെ തീരുമാനം.
കേന്ദ്ര വിഹിതം എത്തിയിട്ട് മൂന്നര മാസം,
സംസ്ഥാന വിഹിതം അനുവദിച്ചില്ല
കള്ളിംഗിന് വിധേയമാക്കിയ പക്ഷികൾക്കുള്ള നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു
നഷ്ടപരിഹാര വിതരണത്തിനുളള 3 കോടി കേന്ദ്രം നൽകിയിട്ട് മൂന്നര മാസം പിന്നിട്ടു
എന്നാൽ ഇതിന് ആനുപാതികമായി സംസ്ഥാനം നൽകേണ്ട രണ്ട് കോടി രൂപ അനുവദിച്ചിട്ടില്ല
മൃഗ സംരക്ഷണ വകുപ്പ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ധനകാര്യ വകുപ്പ് പണം അനുവദിക്കാത്തതാണ് പ്രശ്നം
പണം അനുവദിക്കാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷകർ
നഷ്ടപരിഹാരത്തിൽ
സംസ്ഥാനത്തിന്റെ വിഹിതം
40%
കർഷകരുടെ ദുരിതം കണ്ടില്ലെന്ന മട്ടിലാണ് സർക്കാരിന്റെ പ്രവർത്തനം. കഴിഞ്ഞ 9 മാസമായി നിത്യവൃത്തിയ്ക്ക് മാർഗമില്ലാതെ ദുരിതത്തിലാണ്.
- സാമുവൽ ,താറാവ് കർഷകൻ
കേന്ദ്രം നഷ്ടപരിഹാരം അനുവദിച്ചിട്ട് മൂന്നുമാസമായെങ്കിലും സംസ്ഥാന സർക്കാരിന്റെ വിഹിതം ലഭിക്കാത്തതിനാലാണ് നഷ്ടപരിഹാരവിതരണം മുടങ്ങുന്നത്. പണം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരപരിപാടികൾ നടത്തും. ഇതിന് മുന്നോടിയായി 30ന് മൃഗസംരക്ഷണ ഓഫീസ് ഉപരോധിക്കും
-അഡ്വ.ബി.രാജശേഖരൻ , സംസ്ഥാന പ്രസിഡന്റ് , ഐക്യതാറാവ് കർഷക സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |