ആലപ്പുഴ: കുട്ടനാട്ടിൽ കാർഷിക മേഖലയിലും നെല്ല് ചുമടെടുപ്പ് രംഗത്തും പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ചു. കുട്ടനാട് കാർഷിക മേഖല വ്യവസായ അനുബന്ധസമിതിയാണ് കൂലി പുതുക്കി നിശ്ചയിച്ചത്. സ്ത്രീ തൊഴിലാളിക്ക് 650, പുരുഷന്മാർക്ക് 1100, വിത, വളമിടീൽ ഏക്കറിന് 1000, മരുന്നു തളിക്കൽ നടീലിന് മുമ്പ് ഏക്കറിന് 800, ശേഷം 900, ഒരു കുറ്റി മരുന്ന് തളിക്കുന്നതിന് നടീലിന് മുമ്പ് 110, ശേഷം 120 രൂപ എന്നിങ്ങനെയാണ് പുതുക്കിയ കൂലിനിരക്ക്.
നെല്ല് പാടത്തിൽ നിന്ന് ചാക്കിൽ നിറയ്ക്കുന്നതിന് ഒരു കിന്റലിന് 45, 50 മീറ്റർ പരിധി ക്കുള്ളിൽ നെല്ല് ചാക്കിൽ നിറച്ച് തൂക്കി വള്ളത്തിൽ കയറ്റുന്നതിന് 120, 50 മീറ്റർ കഴിഞ്ഞ് അധികമായി വരുന്ന ഓരോ 25 മീറ്ററിനും 15, കളങ്ങളിൽ നിന്ന് നെല്ല് നിറച്ച് തുന്നി തൂക്കി നേരിട്ട് ലോറിയിൽ കയറ്റുന്നതിന് ക്വിന്റലിന് 135, കടവുകളിൽ നിന്ന് നെല്ല് ലോറിയിൽ കയറ്റുന്നതിന് കിന്റലിന് 45, വള്ളത്തിൽ നിന്ന് ചുമന്ന് ലോറിയിൽ അട്ടിവയ്ക്കുന്നതിന് 50 രൂപ എന്നിങ്ങനെയാണ് ചുമടെടുപ്പിലെ കൂലി വർദ്ധന.
ഈ വർഷത്തെ രണ്ടാം കൃഷിയും അടുത്ത പുഞ്ചകൃഷിയും മുതൽ കൂലി വർദ്ധന ബാധകമായിരിക്കും.
ഉത്പാദന ചെലവ് വർദ്ധിക്കും
1.നെൽകൃഷി മേഖലയിലെ കൂലിവർദ്ധന തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം കറങ്ങുന്ന കർഷകരെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാകും
2.സംഭരണവിലയായി കിലോയ്ക്ക് 28 രൂപ 20 പൈസയാണ് കർഷകർക്ക് ലഭിക്കുന്നത്. നാലുവർഷത്തിനിടെ വിത്തു മുതൽ കൊയ്ത്തു യന്ത്രത്തിന്റെ വാടകയിൽ വരെയുണ്ടായ വർദ്ധന കാരണം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കർഷകർ കടന്നുപോകുന്നത്
3.പുതിയ കൂലി നിലവിൽ വരുന്നതോടെ ഒരേക്കറിലെ ഉത്പാദനച്ചെലവ് 1200 രൂപയിൽ കൂടുതൽ വർദ്ധിക്കും. കളങ്ങളിൽ നിന്ന് നെല്ല് ചാക്കിൽ നിറച്ച് തുന്നി ചുമന്ന് വള്ളത്തിൽ കയറ്റി ലോറിയിൽ അട്ടി വയ്ക്കുന്ന സ്ഥലങ്ങളിൽ ക്വിന്റലിന് ശരാശരി 25 രൂപ വർദ്ധനയുണ്ടാകും
4. ഏക്കറിന് ശരാശരി 20 ക്വിന്റൽ നെല്ല് ലഭിക്കുന്ന കർഷകൻ നിരക്ക് വർദ്ധനകാരണം ഒരു കിന്റലിന് 85 രൂപയോളം അധികം ചെലവിടേണ്ടി വരും. ആനുപാതികമായി നെൽവില ഉയർത്തിയില്ലെങ്കിൽ കർഷകർക്ക് പിടിച്ചുനിൽക്കാനാകില്ല
നെൽവില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമാന ചിന്താഗതിക്കാരായ സംഘടനകൾക്കൊപ്പം അടുത്ത മാസം ആറിന് സെക്രട്ടറിയേറ്റ് പടിക്കൽ ഏകദിന നിരാഹാര സമരം അനുഷ്ഠിക്കും
- സോണിച്ചൻ, നെൽ കർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |